ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഒരു സ്വകാര്യ കമ്പനി ചോര്‍ത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഡാറ്റ ചോര്‍ന്ന ഉപഭോക്താക്കള്‍ക്ക് ഫെയിസ്ബുക്ക് 12,500 പൗണ്ട് വീതം നഷ്ടപരിഹാരം നല്‍കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ മീഡിയ സൈറ്റില്‍ ഉണ്ടായിരിക്കുന്ന ഡാറ്റ ബ്രീച്ചിന് ശേഷം ഡാറ്റകള്‍ ചോര്‍ന്ന അക്കൗണ്ട് ഉടമകള്‍ ഫെയിസ്ബുക്കിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നാണ് യുകെയിലെ മുന്‍നിര നിയമ വിദ്ഗദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനം ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെന്നാണ് സ്ഥാപനത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഫെയിസ്ബുക്കിന് ഓഹരി വിപണിയില്‍ ഉള്‍പ്പെടെ വന്‍നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് ശേഷം ഇവ അമേരിക്കന്‍ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിക്കപ്പെട്ടുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഓരോ ഉപഭോക്താവിന്റെയും വ്യക്തിപരമായ വിവരങ്ങള്‍ ഉപയോഗിച്ച് അയാള്‍ക്ക് അനുയോജ്യമായ പരസ്യങ്ങള്‍ നല്‍കി രാഷ്ട്രീയമായ സ്വാധീനിക്കുകയായിരുന്നു ഡാറ്റ ചോര്‍ത്തിയവരുടെ ലക്ഷ്യം. ഏതാണ്ട് 50 മില്യണ്‍ ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ലോ പ്രൊഫസര്‍ ഡോ. മൗറീന്‍ മാപ് വ്യക്തമാക്കുന്നു. ഡാറ്റ ബ്രീച്ച് ക്ലേശമുണ്ടാക്കിയെന്ന അവകാശവാദമുന്നയിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്നും ഇതുവഴി ഒരോരുത്തര്‍ക്കും 12,500 പൗണ്ട് നഷ്ടപരിഹാരം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. ഇങ്ങനൊരു കോടതി വിധിയുണ്ടാവുകയാണെങ്കില്‍ 625 ബില്യന്‍ പൗണ്ട് ഫെയിസ്ബുക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. മിറര്‍ ന്യൂസ്‌പേപ്പര്‍ 5 ബ്രിട്ടിഷ് പൗരന്മാരുടെ ഫോണ്‍ ഹാക്ക് ചെയ്ത സംഭവുമായി ബന്ധപ്പെട്ട് 12,500 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ നേരത്തേ കോടതി വിധിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് ക്ലേശമുണ്ടായി എന്ന ഒറ്റ കാരണത്താലാണ് വിധി.
ഒരോ ഫെയിസ്ബുക്ക് ഉപഭോക്താക്കളും അനുഭവിച്ചിരിക്കുന്ന ബുദ്ധമുട്ടിന്റെ തോതനുസരിച്ചായിരിക്കും നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. ഡാറ്റ ബ്രീച്ചിനെ തുടര്‍ന്ന് തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള ക്ലേശത്തെക്കുറിച്ച് വിവരിക്കാന്‍ കഴിയുന്ന ഫെയിസ്ബുക്ക് യൂസേര്‍സിന് 500 പൗണ്ട് വരെ ഫെയിസ്ബുക്ക് നഷ്ടപരിഹാരം നല്‍കേണ്ടതായി വന്നേക്കാം. ഫെയിസ്ബുക്ക് യുകെ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ടിന് കീഴില്‍ വരുന്നതാണെന്ന് അവകാശവാദം ഉന്നയിക്കുകയോ ഡാറ്റ ബ്രീച്ച് ഉപഭോക്താവ് എന്ന നിലയില്‍ ക്ലേശമുണ്ടാക്കിയതായി തെളിയിക്കുകയോ ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ബ്രിട്ടിഷ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്ക ഡാറ്റ ചോര്‍ത്തിയ സംഭവത്തില്‍ ഉപഭോക്താക്കളോട് മാപ്പ് അപേക്ഷിച്ച് ഫെയിസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രംഗത്ത് വന്നിരുന്നു. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥനാണെന്ന് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫെയിസ്ബുക്ക് കമ്യൂണിറ്റിയെ വിശ്വാസത്തിലെടുക്കുന്നതില്‍ നന്ദി അറിയിക്കുകയും കൂടുതല്‍ മികച്ച സേവനങ്ങള്‍ ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply