29 മില്യണ്‍ ഉപഭോക്താക്കളുടെ ഫെയിസ്ബുക്ക് അക്കൗണ്ടിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി സമ്മതിച്ച് കമ്പനി. ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറുകളും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയിരിക്കുന്നത്. അഞ്ചു കോടി ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്കു ചെയ്യപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. കമ്പനിയുടെ വൈസ്പ്രസിഡന്റുമാരില്‍ ഒരാളായ ഗെയ് റോസണാണ് (Guy Rosen) ഈ വിവരം അറിയിച്ചത്. സെപ്റ്റംബര്‍ 25-ാം തീയതിയാണ് സുരക്ഷാ പാളിച്ച കണ്ടെത്തുന്നത്. തുടര്‍ന്ന് അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ഫെയിസ്ബുക്ക് വ്യക്തമാക്കിയിരുന്നു. ഫെയിസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ച്ചകളിലൊന്നാണ് ഇത്.
ഫെയിസ്ബുക്ക് ഹെല്‍പ്പ് സെന്റര്‍ ഫീച്ചര്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്കും അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയും. ഹെല്‍പ്പ് സെന്ററില്‍ നല്‍കിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി സംശയം രേഖപ്പെടുത്തിയാല്‍ ടെക്‌നിക്കല്‍ ടീം ഇത് പരിശോധിച്ച് ഉപഭോക്താവിന് മറുപടി നല്‍കുന്നതാണ്. ഏതൊക്കെയാണ് ചോര്‍ത്തപ്പെട്ടതെന്ന് സംബന്ധിച്ച വിവരങ്ങളും ഉപഭോക്താവിന് ലഭ്യമാകും. അഞ്ച് കോടിയിലേറെപ്പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തെപ്പെട്ടെങ്കിലും എല്ലാവരുടെയും മൊബൈല്‍ നമ്പറുകള്‍ തുടങ്ങിയ നഷ്ടപ്പെട്ടിട്ടില്ല. ഫെയിസ്ബുക്ക് നല്‍കിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ഉപയോഗപ്പെടുത്തി നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യാന്‍ ഹെല്‍പ്പ് സെന്റര്‍ ഉപാകരപ്രദമാണ്.
ഫെയ്സ്ബുക്കിന്റെ വ്യൂ ആസ് (‘View As’) ഫീച്ചര്‍ മുതലെടുത്താണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ട് പ്രൊഫൈല്‍ എഡിറ്റു ചെയ്യുമ്പോഴോ പ്രൊഫൈല്‍ ഫോട്ടോ മാറ്റുമ്പോഴൊ (edit your account details or the profile picture) കാണാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. നിങ്ങളുടെ അക്കൗണ്ട് മറ്റാരെങ്കിലുമാണെന്ന രീതിയില്‍ കാണാന്‍ അനുവദിക്കാനായി ആണ് ഇതുണ്ടാക്കിയിരുന്നത്. അക്കൗണ്ട് ടോക്കണ്‍സ് ഒരുതരം ഡിജിറ്റല്‍ താക്കോലുകളാണ്. ഒരാള്‍ ഫെയ്സ്ബുക്കിലേക്കു ലോഗ്-ഇന്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഓരോ തവണയും പാസ്വേഡ് കൊടുക്കുന്ന ശല്യം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത് നല്‍കിയിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. ഹാക്കര്‍മാര്‍ തങ്ങളുടെ കോഡിലേക്ക് കടന്നു കയറുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ഫെയ്സ്ബുക്ക് വിശദീകരിച്ചിരിക്കുന്നത്.
പ്രശ്നബാധിതരായ 5 കോടി ഉപയോക്താക്കളുടെ അക്സസ് ടോക്കണുകള്‍ റീസെറ്റു ചെയ്തു. ഒരു മുന്‍കരുതലെന്നവണ്ണം 4 കോടി ഉപയോക്താക്കളുടെ കൂടി അക്സസ് ടോക്കണുകള്‍ റീസെറ്റു ചെയ്തായി കമ്പനി അറിയിച്ചു. ഒപ്പം, വ്യൂ ആസ് ഫീച്ചര്‍ താത്കാലികമായി നിറുത്തിവെച്ചിട്ടുണ്ട്.
Leave a Reply