ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിലുണ്ടായ പിഴവ് ഫെയിസ്ബുക്കിനെ സാരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഷെയറുകളില്‍ 22 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് വിവരം. കമ്പനിക്കുണ്ടായ വീഴ്ചകള്‍ പുതിയ ഉപയോക്താക്കളുടെ എണ്ണം കുറയാനും കാരണമായിട്ടുണ്ട്. ഇതു മൂലം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ റവന്യൂ വളര്‍ച്ച മന്ദീഭവിക്കുമെന്നും അടുത്ത വര്‍ഷത്തോടെ വരുമാനത്തേക്കാള്‍ ചെലവുകളുടെ നിരക്ക് ഉയരുമെന്നും ഫെയിസ്ബുക്ക് ബുധനാഴ്ച അറിയിച്ചു. ഉപയോക്താക്കളുടെ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നതിനും യൂസേഴ്‌സ് പോളിസി കൈകാര്യം ചെയ്യാനും സമവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നതിനാല്‍ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാമെന്ന് നിക്ഷേപകര്‍ക്ക് കമ്പനി മുന്നറിയിപ്പ് നല്‍കി.
രണ്ടാം പാദത്തിലെ ചെലവുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വര്‍ദ്ധധനവാണ് രേഖപ്പെടുത്തിയത്. 7.4 ബില്യനായാണ് ഇത് കുതിച്ചുയര്‍ന്നത്. പുതിയ ഉപയോക്താക്കളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. രണ്ടാം പാദത്തില്‍ പ്രതിദിന, പ്രതിമാസ ആക്ടീവ് യൂസര്‍മാരായി 11 ശതമാനം പേര്‍ മാത്രമാണ് എത്തിയത്. ആദ്യപാദത്തില്‍ ഇത് 13 ശതമാനമായിരുന്നു. സെക്യൂരിറ്റി, മാര്‍ക്കറ്റിംഗ്, ഉള്ളടക്ക പരിശോധന എന്നിവയില്‍ കൂടുതല്‍ പണം മുടക്കേണ്ടി വരുന്നതിനാല്‍ ചെലവുകള്‍ 50 മുതല്‍ 60 ശതമാനം വരെ ഉയര്‍ന്നേക്കുമെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഡേവിഡ് വെഹ്നര്‍ പറഞ്ഞു.
കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദവും ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് വാട്‌സാപ്പ് വ്യാജ സന്ദേശങ്ങള്‍ കാരണമാകുന്നുവെന്ന വിലയിരുത്തലും തങ്ങളുടെ സര്‍വീസുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ഫെയിസ്ബുക്കിനെ പ്രേരിപ്പിക്കുന്നുണ്ട്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ ഫെയിസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് പല തവണ ഖേദപ്രകടനം നടത്തേണ്ടി വരികയും അമേരിക്കന്‍ സെനറ്റിനു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കേണ്ടി വരികയും ചെയ്തിരുന്നു.
Leave a Reply