തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് മലയാള സിനിമ മേഖലയുമായി അടുത്തബന്ധമുണ്ടായിരുന്നുവെന്ന സൂചനകളിലേക്കും അന്വേഷണം വ്യാപി പ്പിക്കാൻ എന്‍ ഐ എ. വിദേശത്തു നിന്നും കടത്തുന്ന സ്വര്‍ണം മെറ്റല്‍ മണിയായി സിനിമയില്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരം മറ്റൊരു പ്രതിയായ സരിത്ത് അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നതാണ്. ഇതിനു പിന്നാലെയാണ് ഫൈസലിന്റെ സിനിമ ബന്ധങ്ങളുടെ വിവരങ്ങളും പുറത്തു വരുന്നത്. നാല് മലയാള ചിത്രങ്ങള്‍ക്ക് ഫൈസല്‍ പണം മുടക്കിയിട്ടുണ്ടെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളിലൊന്നിലും തന്നെ ഫൈസല്‍ തന്റെ പേര് ഉപയോഗിച്ചിട്ടില്ലെന്നു പറയുന്നു. ഇതിനൊപ്പമാണ് 2014 ല്‍ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രമായ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ ദുബായ് പൊലീസിന്റെ വേഷത്തില്‍ നിമിഷ നേരത്തേക്ക് പ്രത്യക്ഷപ്പെട്ട നടന്‍ ഫൈസല്‍ ആണെന്ന വാര്‍ത്തകളും പുറത്തു വരുന്നത്. എന്നാല്‍ ഇതിലൊന്നും ഇതുവരെ സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

വര്‍ഷങ്ങളായി ദുബായില്‍ ജീവിക്കുന്ന ഫൈസല്‍ ഫരീദിനെ കുറിച്ച് ഒട്ടേറെകഥകള്‍ പുറത്തു വരുന്നുണ്ടെങ്കിലും എല്ലാകഥകളിലും ഒരുപോലെ പറഞ്ഞിരുന്ന കാര്യമാണ് ഫൈസലിന്റെ സിനിമബന്ധം. ദുബായില്‍ എത്തുന്ന സിനിമാക്കാരുമായെല്ലാം ഇയാള്‍ ബന്ധം സ്ഥാപിക്കാറുണ്ടെന്നാണ് പറയുന്നത്. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലെ താരങ്ങളോടും ഇയാള്‍ അടുപ്പമുണ്ടാക്കിയിരുന്നു. ഫൈസലിന്റെ ജിനേഷ്യം ഉത്ഘാടനം ചെയ്തത് ബോളിവുഡ് താരം അര്‍ജുന്‍ കപൂറാണ്. കാര്‍ റേസിംഗിലും ആഢംബര കാറുകളിലും അതീവതത്പരനെന്നറിയപ്പെടുന്ന ഫൈസല്‍ തന്റെ ആതിഥേയത്വം സ്വീകരിക്കുന്ന സിനിമ താരങ്ങള്‍ക്ക് ആഢംബരകാറുകള്‍ ഉപയോഗിക്കാനും വിട്ടുകൊടുക്കാറുണ്ടായിരുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ അണിയറക്കാര്‍ക്കും ഒരു ആഡംബരകാര്‍ വിട്ടുനല്‍കിയാണ് അവരോട് അടുപ്പത്തിലായതെന്നു പറയുന്നു. ഇത്തരത്തില്‍ സ്ഥാപിച്ച ബന്ധം വഴിയാണ്് സിനിമയില്‍ ചെറിയൊരു വേഷത്തില്‍ ഫൈസല്‍ ഫരീദ് എത്തുന്നതെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ സിനിമയുടെ സംവിധായകന്‍ വാസുദേവന്‍ സനലിന്റെ വിശദീകരണം മറ്റൊരു തരത്തിലാണ്. ദുബായില്‍ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒരു സീനിലേക്ക് പൊലീസ് വേഷം ചെയ്യാന്‍, അറബി ഭാഷ അറിയുന്നവരും അവിടുത്തെ പൗരന്മാരുടെ മുഖച്ഛായ ഉള്ളവരുമായ രണ്ടു യുവാക്കളെ വേണമെന്ന ആവശ്യം കോര്‍ഡിനേറ്ററെ അറിയിച്ചതിന്‍ പ്രകാരം എത്തിയവരാണ് തന്റെ സിനിമയില്‍ അറബ് പൊലീസുകാരുടെ വേഷം ചെയ്തതെന്നാണ് വാസുദേവന്‍ സനല്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു. അത്രപ്രാധാന്യമൊന്നുമില്ലാത്ത റോള്‍ ആയിരുന്നതുകൊണ്ട് അഭിനയിച്ചതാരാണെന്ന് ഓര്‍ക്കുന്നില്ലെന്നും മാധ്യമങ്ങളില്‍ ഫൈസലിന്റെ മുഖം കണ്ടിട്ടും അയാളാണോ ആ വേഷം ചെയ്തതെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും വാസുദേവന്‍ സനല്‍ അദ്ദേഹം വിശദീകരിച്ചു. . സ്വര്‍ണക്കടത്ത് കേസ് പ്രതിയായ ഫൈസല്‍ ഫരീദ് തന്നെയാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ അഭിനയിച്ചതെന്ന് സ്ഥരീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് സംവിധായകന്‍ പ്രതികരിക്കുന്നത്.

അതേസമയം രണ്ടോ മൂന്നോ സെക്കന്‍ഡുകളില്‍ വന്നുപോകുന്നൊരു കഥാപാത്രമായിട്ടും സിനിമയുടെ ക്രെഡിറ്റ് കാര്‍ഡില്‍ ഫൈസല്‍ ഫരീദ് എന്ന പേരുണ്ട്. വിക്കീപീഡിയയില്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ അഭിനേതാക്കളുടെ ലിസ്റ്റിലും ഫൈസല്‍ ഫരീദ് എന്ന പേരുണ്ട്(ഫൈസല്‍ ഫരീദ്- ഷാര്‍ജ പൊലീസ് ഓഫിസര്‍).മാത്രമല്ല, സിനിമയുടെ സഹ നിര്‍മാതാക്കളുടെ കൂട്ടത്തിലും ഫൈസല്‍ ഫരീദ് എന്ന പേരുണ്ട്. സംവിധായകന് പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം മൂന്നു സെക്കന്‍ഡില്‍ മാത്രം വന്നുപോയൊരു നടന്റെ പേര് ടൈറ്റില്‍ കാര്‍ഡിലും വിക്കിപീഡിയയിലും ഉള്‍പ്പെടുന്നത് സിനിമയില്‍ അത്ര സാധാരണമല്ല. ഈ സംശയങ്ങളൊക്കെ ഫൈസല്‍ ഫരീദിന്റെ സിനിമബന്ധങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.