സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വ്യാജഅക്കൗണ്ടുകള്‍ ഉള്ള നടനാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍. സിനിമയില്‍ വന്ന ശേഷം ഏറ്റവും കൂടുതല്‍ വ്യാജവാര്‍ത്തകള്‍ വന്നൊരു നടനും കൂടിയാണ് ഉണ്ണി. അടുത്തിടെ ഉണ്ണിയുടെ അച്ഛന് ഒരു ഗള്‍ഫ് മലയാളിയുടെ സന്ദേശം എത്തി. അതിങ്ങനെ:
‘സര്‍, എന്റെ ഭാര്യയുമായി നിങ്ങളുടെ മകന്‍ പ്രണയത്തിലാണ്. ഗള്‍ഫില്‍ സിനിമാ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ അവളുമായി ബന്ധം പുലര്‍ത്തി. അവളിപ്പോള്‍ ഗര്‍ഭിണിയായി. ഭര്‍ത്താവെന്ന നിലയില്‍ പലവട്ടം വിലക്കി. എറണാകുളത്ത് അവളുമായി നടക്കുന്നതറിഞ്ഞ് അവനെ ഭീഷണിപ്പെടുത്തുന്നതിന് ഞാന്‍ ഗുണ്ടയെ വിട്ടു. പക്ഷേ, 30,000 രൂപ നല്‍കി അവന്‍ ഗുണ്ടയെ ഒതുക്കി.’ ഈ സന്ദേശം കണ്ടു ആദ്യം ഉണ്ണിയുടെ അച്ഛന്‍ തകര്‍ന്നു പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.
ഇനി കാര്യങ്ങള്‍ ഉണ്ണി മുകുന്ദന്‍ പറയും: ‘ഞാന്‍ ഇതില്‍ വീണുപോയോയെന്ന ശങ്ക അച്ഛനുണ്ടായിരുന്നു. അത്രയ്ക്ക് വിശ്വസിപ്പിക്കുംവിധം തെളിവുകളും വിളിച്ചയാള്‍ കൊടുത്തിരുന്നു. എറണാകുളത്തെ ഒരു ഹോട്ടലില്‍നിന്ന് ഇറങ്ങിവരുന്ന ചിത്രം. അയാളുടെ ഭാര്യയുമായി ഫെയ്സ്ബുക്കിലൂടെ നടത്തിയ അശ്ലീല ചാറ്റിങ്ങിന്റെ പട്ടിക. ഞാന്‍ ധൈര്യത്തോടെ നിന്നു. അച്ഛന്‍ അയാളോട് കേസുകൊടുക്കാന്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ ഗള്‍ഫില്‍നിന്നുള്ള നെറ്റ്കോള്‍വഴി വിളിച്ചിട്ട് പറഞ്ഞു, ‘ഉണ്ണി ഭാവിയുള്ള നടനല്ലേ. അവിവാഹിതനല്ലേ. അവന്റെ കരിയര്‍ നശിപ്പിക്കണോ. നമുക്കിത് ഒത്തുതീര്‍പ്പാക്കിക്കൂടേ’. പണം നല്‍കി ഒത്തുതീര്‍പ്പാക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. താനൊരു ഭര്‍ത്താവല്ലേ, പോയി കേസുകൊടുക്കെടോയെന്ന് ഞാനും പറഞ്ഞു. പിന്നെ വിളിച്ചില്ല’.
‘മൂവായിരത്തിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകളാണ് എന്റെ പേരുപയോഗിച്ച് പ്രത്യക്ഷപ്പെട്ടത്. യഥാര്‍ഥത്തിലുള്ളതിനുപുറമേ സ്വകാര്യാവശ്യത്തിനാണ് ഈ അക്കൗണ്ട് ഉപയോഗിക്കുന്നതെന്നുപറഞ്ഞാണ് അതിന്റെ ഉപജ്ഞാതാക്കള്‍ പെണ്‍കുട്ടികളെ വശീകരിക്കുന്നത്. ഒരു പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനത്തിന്റെ മാനേജര്‍ എന്നെ കാണിക്കാമെന്നുപറഞ്ഞ് ഒരു പെണ്‍കുട്ടിയുമായി എട്ടിലധികംതവണ മൂന്നാറില്‍ കറങ്ങി. വിയ്യൂര്‍ പോലീസില്‍ കേസുനല്‍കി. പോലീസ് ഇടപെട്ടതുകൊണ്ടാണ്, അല്ലെങ്കില്‍ ഞാന്‍തന്നെ അയാളെ കൈകാര്യം ചെയ്തുപോയേനെ’
‘അബ്ദുള്‍ മനാഫ് എന്ന സോഫ്റ്റ്വെയര്‍ വിദഗ്ധനെവെച്ച് മൂവായിരത്തോളം അക്കൗണ്ടുകള്‍ നീക്കംചെയ്തു. പക്ഷേ, ഇപ്പോഴും നിര്‍ബാധം വന്നുകൊണ്ടിരിക്കുന്നുണ്ട്. യഥാര്‍ഥനടനാണ് മറുതലയ്ക്കല്‍ എന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധികമാര്‍ ഇത്തരം ഫെയ്സ് ബുക്ക് അക്കൗണ്ടുകളില്‍ ചാറ്റിങ്ങിനിറങ്ങുന്നത്. പലരും പുലര്‍ച്ചെ രണ്ടുമണിക്കും നാലുമണിക്കുമാണ് ചാറ്റ് ചെയ്യുന്നത് -ഉണ്ണിമുകുന്ദന്‍ പറയുന്നു.
Leave a Reply