നിരപരാധിയെ കുടുക്കാൻ യുവതിയും മറ്റൊരാളും ചേർന്ന് നടത്തിയ ശ്രമങ്ങൾ പൊലീസിന്റെ മിടുക്ക് കൊണ്ട് പൊളിച്ചടുക്കിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ ലോകത്തും ചർച്ച.
സംഭവിച്ചത് ഇങ്ങനെ: കഴിഞ്ഞ 31ന് വെളുപ്പിന് മൂന്നു പേർ തന്റെ വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ചതായി കുളത്തൂർ സ്വദേശിനി പ്രീത (32) തുമ്പ പോലീസിലെത്തി പരാതി നൽകുന്നു. മർദനത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ ഇവർ ചികിൽസ തേടിയതായും പരാതിയിൽ സൂചിപ്പിക്കുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പരാതിയിൽ പറഞ്ഞ സുരേഷ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ തനിക്ക് ഒന്നും അറിയില്ലെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
ഒടുവിൽ പൊലീസ് യുവതിയെ വിളിച്ചുവരുത്തി തിരിച്ചറിയൽ പരേഡ് നടത്താൻ തീരുമാനിച്ചു. അവിടെയാണ് കേസിന്റെ വഴിത്തിരിവ്. ആക്രമിച്ചു എന്ന പരാതി നൽകിയ യുവതിയ്ക്ക് സുരേഷിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് സംശയത്തിലായ പോലീസ് യുവതിയെക്കുറിച്ച് വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും നടത്തി. ഇതോടെ യുവതിയുടെ കള്ളത്തരം പുറത്തുവന്നു. മനപൂർവം നിരപരാധിയായ യുവാവിനെ കുടുക്കാൻ യുവതി കളിച്ച നാടകമായിരുന്നു ഇൗ കേസ്.
യുവതി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമ സുബ്രഹ്മണ്യൻ പറഞ്ഞിട്ടാണ് യുവാവിനെതിെര വ്യാജ പരാതി നൽകിയതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. ഇതിനായി ഇയാൾ പതിനായിരം രൂപ വാഗ്ദാനം ചെയ്തിരുന്നതായും ഇവർ പറയുന്നു. വീട്ടുടമസ്ഥനും സുരേഷും ബന്ധുക്കളാണ്. ഇവർ തമ്മിൽ വസ്തു തർക്കവുമായി ബന്ധപ്പെട്ട് അടിപിടി നടന്നിരുന്നു. ഈ വിരോധത്തിൽ സുരേഷിനെ കുടുക്കാനായിട്ടായിരുന്നു യുവതിയെ ഉപയോഗിച്ച് കള്ള പരാതി നൽകിയത്.
ഒടുവിൽ കള്ളപ്പരാതി നൽകിയതിന് യുവതിക്കെതിരെ തുമ്പ പോലീസ് കേസെടുത്തു. ഇതോടെ വീട്ടുടമയായ സുബ്രഹ്മണ്യൻ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ പരാതി നൽകാനെത്തിയ തന്നെ സ്റ്റേഷനിൽ തടഞ്ഞുവച്ച് പോലീസ് ക്രൂരമായി മർദിച്ചെന്ന് യുവതി വാദിക്കുന്നു. ഏതായാലും കൃത്യമായ ഇടപെടലിലൂടെ വാദി പ്രതിയുമായി ഒരു നിരപരാധിയെ രക്ഷിച്ച പൊലീസിന് സമൂഹമാധ്യമങ്ങളിൽ അഭിന്ദനപ്രവാഹമാണ്.
Leave a Reply