വ്യാജ ഐ.പി.എസുകാരന്‍ ചമഞ്ഞ് ബാങ്കുകളെ പറ്റിച്ച വിപിന്‍ കാര്‍ത്തിക് അവസാനം പിടിക്കപ്പെട്ടു. തലശേരിക്കാന്‍ വിപിന്‍ കാര്‍ത്തിക് പൊലീസിനെ നിര്‍ത്താതെ ഓടിച്ചത് രണ്ടാഴ്ച. അമ്മ ശ്യാമള വേണുഗോപാലിനെ ഒക്ടോബര്‍ 27നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് പന്ത്രണ്ടു കാറുകള്‍ വാങ്ങി മറിച്ചുവിറ്റു. വായ്പ അടച്ചതായി ബാങ്കിന്റെ വ്യാജ രേഖയുണ്ടാക്കി ആര്‍.ടി. ഓഫിസില്‍ നല്‍കിയ ശേഷമായിരുന്നു കാറുകള്‍ മറിച്ചുവിറ്റത്. മലപ്പുറത്തെ സാമ്പത്തിക തട്ടിപ്പുക്കേസില്‍ ഇന്‍സ്പെക്ടറെ വിളിച്ച് ഐ.പി.എസുകാരനാണെന്ന് പരിചയപ്പെടുത്തി സ്വാധീനിച്ചു. സംശയം തോന്നിയ ഇന്‍സ്പെക്ടര്‍ ഗുരുവായൂര്‍ പൊലീസിനെ അറിയിച്ചതോടെ വിപിന്‍ കാര്‍ത്തിക്കിന്‍റെ ഐ.പി.എസ്. ജീവിതം പൊളിഞ്ഞു.

രണ്ടാഴ്ച വിപിന്‍ കാര്‍ത്തിക് ഒളിവില്‍ കഴിഞ്ഞത് പാസഞ്ചര്‍ ട്രെയിനുകളിലായിരുന്നു. കോയമ്പത്തൂര്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിദിനം പാസഞ്ചര്‍ ട്രെയിനുകളില്‍ യാത്ര ചെയ്തു. ട്രെയിനില്‍ തന്നെ അന്തിയുറങ്ങി. പുതിയ ഫോണും സിമ്മും സംഘടിപ്പിച്ചു. കേരളത്തിലെ പലരേയും ഫോണില്‍ വിളിച്ച് പണം ചോദിച്ചു. ഗോഹട്ടിയിലേക്ക് പോകണമെന്നും ഇരുപത്തിയ്യായിരം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ, പണം ചോദിച്ച് വിളി ലഭിച്ചയാള്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി: എസ്.സുരേന്ദ്രനെ ഫോണില്‍ വിളിച്ചു. വ്യാജ ഐ.പി.എസുകാരന്‍റെ പുതിയ നമ്പര്‍ നല്‍കി. ഡി.ഐ.ജിയാകട്ടെ സൈബര്‍ സെല്ലിനു നമ്പര്‍ കൈമാറി. സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്രയെ വിളിച്ച് പ്രത്യേക സംഘത്തെ പിടികൂടാന്‍ നിര്‍ദ്ദേശിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോയമ്പത്തൂരിലായിരുന്ന വിപിന്‍ കാര്‍ത്തിക്കിനോട് പണം വാങ്ങാന്‍ പാലക്കാട് ചിറ്റൂരില്‍ എത്താന്‍ സുഹൃത്ത് പറഞ്ഞു. ഡി.ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അങ്ങനെ പറ‍ഞ്ഞത്. രാത്രി പതിനൊന്നു മണിയോടെ ചിറ്റൂരില്‍ എത്തി. ടാക്സി കാറിലായിരുന്നു വരവ്. ടാക്സി കാറിന്‍റെ നമ്പര്‍ സുഹൃത്തിനോട് വിപിന്‍ പറഞ്ഞിരുന്നു. ഈ സുഹൃത്താകട്ടെ ഡി.ഐ.ജിയോട് കാറിന്‍റെ നമ്പറും പറഞ്ഞു. അങ്ങനെ, പൊലീസ് കാത്തുനിന്നു. സുഹൃത്തിന്‍റെ അടുത്ത് എത്തിയ ഉടനെ പൊലീസ് സംഘത്തെ കണ്ട വിപിന്‍ റോഡിലൂടെ ഓടി. പിന്നാലെ പൊലീസും ഏകദേശം രണ്ടു കിലോമീറ്ററോളം പൊലീസ് പിന്നാലെ ഓടിയാണ് കീഴ്പ്പെടുത്തിയത്.

കാറുകള്‍ വിറ്റു കിട്ടുന്ന പണം ബാങ്കിലിട്ട് ആര്‍ഭാടമായി ജീവിക്കും. സമാന രീതിയില്‍ നാദാപുരം, തലശേരി, കോട്ടയം , തിരുവനന്തപുരം, കളമശേരി, എറണാകുളം, കൊയിലാണ്ടി വടകര എന്നീ സ്ഥലങ്ങളില്‍ നിന്ന് പതിനാറു കാറുകള്‍ വാങ്ങിയതിന്‍റെ വിശദാംശങ്ങള്‍ വിപിന്‍ കാര്‍ത്തികിന്‍റെ ഡയറിയില്‍ നിന്ന് കിട്ടി. അമ്മ ശ്യാമള വേണുഗോപാല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിലെ പ്യൂണ്‍ ആയിരുന്നു. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിന്‍റെ പേരില്‍ പണി പോയി. അസിസ്റ്റന്‍റ് പബ്ലിക് റിലേഷന്‍സ് ഓഫിസറാണെന്ന വ്യാജേന തട്ടിപ്പിനായി മകന് കൂട്ടുനിന്നു. മകനാകട്ടെ ഐ.ടി. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഹോട്ടല്‍ മാനേജ്മെന്‍റ് പഠിക്കാന്‍ പോയി. ഇതിനിടെയാണ്, വ്യാജ ഐ.പി.എസുകാരനായി വിലസാന്‍ തുനിഞ്ഞിറങ്ങിയത്.