ഓണം ബംപറടിച്ചെന്ന അവകാശവാദത്തിന് കാരണം സുഹൃത്താണെന്ന് പ്രവാസി സെയ്തലവി. സുഹൃത്ത് അഹമ്മദാണ് ഓണം ബംപര്‍ ടിക്കറ്റ് വാങ്ങി നല്‍കിയത്. അദ്ദേഹം തന്നെയാണ് ലോട്ടറി അടിച്ച വിവരവും അറിയിച്ചത്.
എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഫോണ്‍ എടുക്കുന്നില്ലെന്നും സെയ്തലവി പറഞ്ഞു. സെപ്റ്റംബര്‍ 11നാണ് അഹമ്മദ് ടിക്കറ്റ് എടുത്തതെന്നും അതിന്റെ ചിത്രം വാട്‌സ് ആപ്പില്‍ അയച്ചിരുന്നെങ്കിലും ഫോണ്‍ റീസ്റ്റാര്‍ട്ട് ആയതോടെ ടിക്കറ്റിന്റെ ചിത്രം നഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫോണില്‍ നിന്നും അഹമ്മദ് അന്ന് അയച്ച ചിത്രം ലഭിക്കുമോ എന്ന് പരിശോധിക്കുമെന്നും അത് ബംപര്‍ ലോട്ടറിയടിച്ച ടിക്കറ്റാണെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും സെയ്തലവി പറഞ്ഞു.
അതേസമയം സെയ്തലവിക്ക് ടിക്കറ്റ് വാങ്ങി നല്‍കിയ അഹമ്മദ് ഫോണ്‍ എടുക്കാന്‍ തയ്യാറായിട്ടില്ല. ബംപര്‍ അടിച്ച ലോട്ടറിയുടെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തിയ ശേഷം അഹമ്മദിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും സെയ്തലവിയും അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയും വ്യക്തമാക്കി.
വയനാട് സ്വദേശിയായ അഹമ്മദ് കോഴിക്കോട് നിന്നും ടിക്കറ്റ് എടുത്തെന്നായിരുന്നു സെയ്തലവിയോട് പറഞ്ഞിരുന്നത്. ഇന്നലെ അഹമ്മദ് പ്രവാസിയായ സെയ്തലവിക്കും അദ്ദേഹത്തിന്റെ സുഹൃത്തിനും സെയ്തലവിയുടെ ടിക്കറ്റിനാണ് ലോട്ടറിയടിച്ചതെന്ന് അറിയിക്കുകയായിരുന്നു.
അഹമ്മദിന് കള്ളം പറയേണ്ട കാര്യമില്ലെന്നാണ് സെയ്തലവി പറയുന്നത്. പതിനൊന്നാം തിയതി തനിക്ക് അയച്ചു തന്ന ടിക്കറ്റിന്റെ ഫോട്ടോ ലഭിച്ചാല്‍ നിയമപരമായി നീങ്ങുമെന്നും സെയ്തലവി പറഞ്ഞു.
പന്ത്രണ്ട് വര്‍ഷമായി ദുബായിലെ ഹോട്ടലില്‍ സഹായിയായി ജോലി ചെയ്യുന്ന സെയ്തലവി എല്ലാ ലോട്ടറികളും എടുക്കാറുണ്ടെന്ന് നേരത്തെ പ്രതികരിച്ചിരുന്നു. വാടക വീട്ടില്‍ താമസിക്കുന്ന സെയ്തലവി ബംപര്‍ സമ്മാന തുക ഉപയോഗിച്ച് സ്വന്തമായി ഒരു വീടുവെയ്ക്കുമെന്നും മക്കളുടെ പഠനത്തിന് ഉപയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് തനിക്ക് ലോട്ടറിയടിച്ചു എന്നത് വ്യാജ വാര്‍ത്തയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ സംഭവത്തിന്റെ സത്യാവസ്ഥ തിരിച്ചറിയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
Leave a Reply