ചെലവുകളില്‍ കൃത്രിമത്വം കാട്ടിയതിന് ടോറി എംപിക്ക് ശിക്ഷ. ബ്രെകോണ്‍ ആന്‍ഡ് റാന്‍ഡന്‍ഷയര്‍ എംപിയായ ക്രിസ് ഡേവീസിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 1500 പൗണ്ട് പിഴയടക്കാനും 50 മണിക്കൂര്‍ വേതനമില്ലാ ജോലി ചെയ്യാനുമാണ് കോടതി വിധിച്ചത്. മാര്‍ച്ചില്‍ നല്‍കിയ കണക്കുകളില്‍ അലവന്‍സുകള്‍ക്കായി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയതിലാണ് ഡേവീസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി ഇന്നലെയാണ് ഡേവീസിനെതിരെ ശിക്ഷ വിധിച്ചത്. ഇതേത്തുടര്‍ന്ന് എംപി ഖേദപ്രകടനം നടത്തി. ഡേവീസ് രാജിവെക്കണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്. ഇതിനിടയില്‍ എംപിക്കെതിരെ റീകോള്‍ പെറ്റീഷന്‍ ഉണ്ടായേക്കുമെന്നും വിവരമുണ്ട്.
കോടതിച്ചെലവായി 2500 പൗണ്ട് അടക്കണമെന്നും ഡേവീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ കമ്യൂണിറ്റി ഓര്‍ഡര്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഇതോടെ ഡേവീസിന്റെ രാഷ്ട്രീയ ജീവിതം ഏറെക്കുറെ ഇല്ലാതായെന്നാണ് ഡിഫന്‍സ് അഭിഭാഷകനായ ടോം ഫോര്‍സ്റ്റര്‍ ക്യുസി അഭിപ്രായപ്പെട്ടത്. ലേബറും ലിബറല്‍ ഡെമോക്രാറ്റുകളും എംപിയുടെ രാജിക്കായി ആവശ്യമുന്നയിച്ചു കഴിഞ്ഞു. എന്നാല്‍ താന്‍ എംപി സ്ഥാനത്തു തന്നെ തുടരുമെന്നാണ് ഡേവീസ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയത്. കോടതി വിധി അംഗീകരിക്കുന്നുവെന്നും വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഈയവസരം ഉപയോഗിക്കുന്നുവെന്നുമായിരുന്നു ഡേവീസ് പ്രതികരിച്ചത്.
ഒരു തെറ്റ് സംഭവിച്ചതായി സമ്മതിക്കുന്നു. എന്നാല്‍ തന്റെ പ്രവൃത്തിയില്‍ നിന്ന് യാതൊരു സാമ്പത്തിക നേട്ടത്തിനും ശ്രമിച്ചിട്ടില്ലെന്നും ഡേവീസ് പറഞ്ഞു. ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത് ഡേവീസിന് താക്കീത് നല്‍കിയിട്ടുണ്ടെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അറിയിച്ചു. ഡേവീസിന് പിന്തുണ നല്‍കുന്നുണ്ടോ എന്ന കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ ബ്രെകോണ്‍ ആന്‍ഡ് റാന്‍ഡന്‍ഷയറിലെ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നത് ഉചിതമായിരിക്കുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വക്താവ് വ്യക്തമാക്കി.
Leave a Reply