സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ദാരിദ്ര്യം മൂലം ശരിയായ രീതിയിലുള്ള പോഷകാഹാരം ലഭിക്കാതെ നിരവധി കുടുംബങ്ങൾ ബ്രിട്ടനിൽ ഉണ്ടെന്ന് വിദഗ്ധരുടെ റിപ്പോർട്ട്. ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന കണ്ടെത്തലുമുണ്ട്. പലപ്പോഴും ശരിയായ രീതിയിലുള്ള പോഷകങ്ങളടങ്ങിയ ആഹാരങ്ങളിൽ പലതും മിക്ക കുടുംബങ്ങൾക്കും താങ്ങാനാവുന്നതിലും അപ്പുറമാണ്. ഇതുമൂലം ഇത്തരം കുടുംബങ്ങൾ അനാരോഗ്യകരമായ ഭക്ഷണ രീതികളിലേക്ക് ചുവടു മാറുകയാണ് പതിവ്. ബ്രിട്ടനിലെ ജനങ്ങൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രോസസ്സ്ഡ് ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നവരാണ്. ഇതുമൂലം മൂന്നിൽ രണ്ട് ശതമാനം മധ്യവയസ്കരും അമിതവണ്ണം മൂലം ദുരിതമനുഭവിക്കുന്നവരാണ്. ഭൂരിഭാഗം കുട്ടികളിലും അമിതവണ്ണം രേഖപ്പെടുത്തുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരം അനാരോഗ്യകരമായ ഭക്ഷണ രീതികൾ മാറ്റേണ്ട സമയം ആയിട്ടുണ്ടെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. അമിതവണ്ണമുള്ളവരിൽ കൊറോണ വൈറസ് ബാധിക്കാനുള്ള സാഹചര്യം കൂടുതൽ ആണെന്നിരിക്കെ, അനാരോഗ്യകരമായ ഭക്ഷണ രീതിക്ക് ഒരു മാറ്റം വരേണ്ടത് അത്യന്താപേക്ഷിതമാണ്. ബ്രിട്ടനിൽ ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളിൽ പലതും, പോഷകങ്ങൾ കുറവുള്ള, ശരീരത്തിന് അധികം പ്രയോജനം ചെയ്യാത്ത ഭക്ഷണ രീതിയാണ് പിന്തുടരുന്നത്. ഈ പ്രശ്നത്തിൽ ഗവൺമെന്റ് ഇടപെടേണ്ട സമയമായെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നുണ്ട്.

കൃത്യമായ വരുമാനമാർഗം ഇല്ലാത്ത കുടുംബങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കാനാകാത്ത സാഹചര്യമാണ് ഉള്ളതെന്ന് ഫുഡ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആൻ ടെയ്‌ലർ വ്യക്തമാക്കുന്നുണ്ട്. ഇത്തരം അനാരോഗ്യകരമായ ഭക്ഷണ രീതികൾ പിന്തുടരുന്നവരിലാണ് അമിതവണ്ണം ദൃശ്യമാകുന്നത്. അതിനാൽ കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യകാര്യത്തിൽ ഗവൺമെന്റ് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്.