അന്തരിച്ച നടൻ കലാഭവൻമണിയുടെ കുടുംബം നിരാഹാര സമരമാരംഭിച്ചു. മണിയുടെ മരണത്തിലെ ദുരൂഹതകളുടെ ചുരുളഴിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്നു മുതലാരംഭിച്ച നിരാഹാര സമരം മൂന്നു ദിവസം വരെ നീളുന്നതായിരിക്കും. സിബിഐ അന്വേഷണം ത്വരിതപ്പെടുത്തണമെന്നും പ്രതികള്‍ക്കെതിരെ എത്രയും വേഗം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് സമരം.
കേസ് സിബിഐക്ക് കൈമാറിയതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരു നടപടികളും കൈകൊണ്ടിട്ടില്ലെന്നാണ് സഹോദരൻ രാമകൃഷ്ണൻ ആരോപിക്കുന്നത്. പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും കേസിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും രാമകൃഷ്ണന് പറഞ്ഞു. മണിയുടെ പിതാവിന്റെ സ്മാരകമായ രാമന് സ്മാരക കലാഗൃഹത്തിന് മുന്നില്‍ ഇന്ന് അനാച്ഛാദനം ചെയ്യുന്ന പ്രതിമക്ക് സമീപത്താണ് നിരാഹാരം സംഘടിപ്പിക്കുന്നത്.