ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് കുടുംബാംഗങ്ങളിൽ നിന്നും വേർപെട്ട്, സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളിൽ താമസിച്ചു വരികയായിരുന്ന ലോറ വിൻഹാം എന്ന പെൺകുട്ടിയുടെ മരണത്തെ സംബന്ധിച്ച ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിരിക്കുകയാണ്. മരിച്ച ശേഷം ഏകദേശം മൂന്ന് വർഷത്തിനു ശേഷമാണ് അവളുടെ മൃതദേഹം ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്. വിൻഹാമിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾ അവളുടെ സഹോദരൻ 2021 മെയ് മാസത്തിലാണ് സറേയിലെ വോക്കിംഗിലുള്ള അവളുടെ ഫ്ലാറ്റിൽ കണ്ടെത്തിയത്. ലോറയുടെ മരണത്തെ കുറിച്ചുള്ള ഇൻക്വസ്റ്റ് ചൊവ്വാഴ്ച സറേ കൊറോണർ കോടതിയിലാണ് ആരംഭിച്ചത്.

വിൻഹാമിൻ്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകളെ തുടർന്ന് അവളുടെ കുടുംബാംഗങ്ങൾ വീട്ടിൽ അതിക്രമിച്ച് കയറാൻ പോലീസിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നുവർഷം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. സോഷ്യൽ സർവീസുകൾ കൃത്യമായ പരിഗണന വിൻഹാമിനു നൽകിയില്ലെന്ന് ഇൻക്വസ്റ്റിൽ വാദം കേട്ടു. അവളുടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് മാസം മുമ്പ് വിൻഹാമിൻ്റെ കുടുംബം വോക്കിംഗ് ബറോ കൗൺസിലുമായി (ഡബ്ല്യുബിസി) ബന്ധപ്പെട്ടിരുന്നുവെന്നും തുടർന്ന് അവളുടെ വീട്ടിന്റെ വാതിലിൽ അധികൃതർ മുട്ടിയെങ്കിലും കൃത്യമായ മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്ന് തിരികെ പോരുകയായിരുന്നു. അക്കാലത്ത് കൗൺസിലിനായി സോഷ്യൽ ഹോമുകൾ നടത്തിക്കൊണ്ടിരുന്ന ന്യൂ വിഷൻ ഹോംസ്, വിൻഹാമിൻ്റെ ദുർബലതയെ കുറിച്ച് മുന്നറിയിപ്പ് നൽകേണ്ടതായിരുന്നുവെന്ന് ഇൻക്വസ്റ്റിൽ വ്യക്തമാക്കി.

മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് വിൻഹാമുമായി ബന്ധപ്പെടാൻ അധികാരികൾ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമാകുന്നുണ്ട്. 2022 നു ശേഷം തങ്ങളുടെ നയങ്ങളിൽ ശക്തമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് കൗൺസിൽ വ്യക്തമാക്കി. ഇടയ്ക്കിടെയുള്ള സന്ദർശനങ്ങളും, കോളുകളും, ആവശ്യമെങ്കിൽ ബന്ധുക്കളെ ബന്ധപ്പെടാനുള്ള നടപടികളും ശക്തമാക്കിയതായി കൗൺസിൽ അറിയിച്ചു. സ്കീസോഫ്രീനിയ ബാധിച്ചതിനെ തുടർന്ന് കുടുംബത്തിന് വിൻഹാമുമായുള്ള ബന്ധം നിലനിർത്താൻ കഴിഞ്ഞില്ലെന്ന് വിൻഹാമിൻ്റെ സഹോദരി നിക്കി പറഞ്ഞു. കുടുംബങ്ങൾ തന്നെ ഉപദ്രവിക്കുമെന്ന ചിന്തയായിരുന്നു വിൻഹാമിന് ഉണ്ടായിരുന്നത്. 2009 ലാണ് അവസാനമായി വിൻഹാമിനെ കുടുംബാംഗങ്ങൾ നേരിൽ കണ്ടത്. 2014 നു ശേഷം വിൻഹാമുമായുള്ള സോഷ്യൽ മീഡിയ ബന്ധങ്ങളും അവസാനിച്ചതായി സഹോദരി പറഞ്ഞു. പിതാവിൻ്റെ ആരോഗ്യനില വഷളായതിനെ തുടർന്ന്, 2021 ജനുവരിയിൽ കുടുംബം ലോറയെ കാണാൻ ശ്രമിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വിൻഹാമിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന്, ന്യൂ വിഷൻ ഹോംസുമായി ബന്ധപ്പെട്ടപ്പോൾ, ലോറയുടെ സ്വകാര്യതയും രഹസ്യാത്മകതയും കാരണം അവർക്ക് സഹായിക്കാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് സഹോദരി പറഞ്ഞു. പിന്നീട് സഹോദരനും അമ്മയും പോലീസിന്റെ സഹായത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയപ്പോഴാണ് മൂന്നര വർഷം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ലോറയുടെ മരണം സംബന്ധിച്ച ഇൻക്വസ്റ്റ് നടപടികൾ തുടർന്നു വരികയാണ്.