ന്യൂസ് ഡെസ്ക് മലയാളം യുകെ
വലിയ ഒരു ദുരന്ത കയത്തിലാണ് യുകെയിൽ കെയർ വിസയിലും സ്റ്റുഡൻറ് വിസയിലും യുകെയിൽ എത്തിച്ചേർന്നവരും യുകെയിലെത്താനായി ലക്ഷങ്ങൾ മുടക്കി കാത്തിരിക്കുന്നവരുമായ മലയാളികൾ. പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചതു മുതൽ മിക്കവരുടെയും ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞു. വിദ്യാർത്ഥികളിൽ പലരും മുപ്പത് ലക്ഷത്തിന് മുകളിൽ കടബാധ്യതയുമായാണ് യുകെയിൽ എത്തിയിരിക്കുന്നത്. കേരളത്തിൽ തിരിച്ചു പോകേണ്ട സാഹചര്യം വന്നാൽ എങ്ങനെ ലോൺ തിരിച്ചടയ്ക്കും എന്നതാണ് മിക്കവരുടെയും മുന്നിലുള്ള ചോദ്യം.
പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചതോടെ ഏജന്റുമാർക്ക് ലക്ഷങ്ങൾ മുടക്കി കെയർ വിസയിൽ യുകെയിലെത്താൻ കാത്തിരിക്കുന്നവർ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് . ഒരേ ഏജൻസിക്ക് തന്നെ പണം മുടക്കിയവർ തങ്ങളുടെ വാട്സ്ആപ്പ് കൂട്ടായ്മകളും മറ്റും രൂപീകരിച്ച് ഈ ഊരാക്കുടുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. യുകെയിൽ എത്തിയാലും തങ്ങളുടെ ആശ്രിത വിസയിൽ ആരെയും കൊണ്ടുപോകാൻ സാധ്യമല്ലെന്നതാണ് പലരെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത് . ഭാര്യയോ ഭർത്താവോ മാത്രം ഗൾഫിൽ പോയി ജോലി ചെയ്യുന്ന കേരളത്തിൻറെ പഴയ സാഹചര്യത്തിന് സമാനമായ അവസ്ഥയാണ് ഇതുമൂലം ബ്രിട്ടനിലും സംജാതമായിരിക്കുന്നത് എന്നാണ് ഇതിനെ കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്. പുതിയ കുടിയേറ്റ നയം കുടുംബബന്ധത്തിൽ കനത്ത വിള്ളലുകൾ സൃഷ്ടിക്കാനാണ് സാധ്യത. കെയർ വിസയിലും വിദ്യാർത്ഥി വിസയിലും വരാനായി പണം നൽകിയവരുടെ ചോദ്യങ്ങളോട് ഉത്തരം മുട്ടുന്ന അവസ്ഥയാണ് ഏജന്റുമാർക്കും സംജാതമായിരിക്കുന്നത്. പലരും ഫോൺ പോലും എടുക്കുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്.
ബ്രിട്ടനിൽ കെയർ മേഖലയിലും സ്റ്റുഡൻറ് വിസയിലും എത്തിയ പലരുടെയും ഉറപ്പിച്ച വിവാഹം വരെ മുടങ്ങുന്ന അവസ്ഥയാണ്. കെയർ വിസയിൽ വന്നവർക്ക് ആശ്രിത വിസയിൽ ആരെയും കൊണ്ടുവരാൻ സാധിക്കാത്തതാണ് ഇതിന് പ്രധാന കാരണമായത്. മലയാളികൾക്ക് പ്രധാനമായും കുഴി തോണ്ടിയത് മലയാളികൾ തന്നെയാണെന്നാണ് പിന്നാമ്പുറ വർത്തമാനം. വിസയുടെ പേരിൽ നടക്കുന്ന ഭീമമായ തട്ടിപ്പിനെ കുറിച്ച് തുടരെ തുടരെ പരാതികൾ ഉയർന്നതാണ് കടുത്ത നടപടികളിലേക്ക് കടക്കാൻ ഹോം ഓഫീസിനെ പ്രേരിപ്പിച്ചതും പുതിയ കുടിയേറ്റ നയം നടപ്പിലാക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
Leave a Reply