ന്യൂസ് ഡെസ്ക് മലയാളം യുകെ
കീവ് : മരിയുപോളിലെ ആക്രമണത്തിനിടെ റഷ്യൻ സൈന്യം തടവിലാക്കിയ ബ്രിട്ടീഷ് സൈനികന്റെ മോചനം കാത്ത് കുടുംബം. മുൻ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായ ഷോൺ പിന്നർ (48) ആണ് പിടിയിലായത്. ഇദ്ദേഹത്തെയും മറ്റൊരു ബ്രിട്ടീഷുകാരനെയും കഴിഞ്ഞ ദിവസം റഷ്യൻ സ്റ്റേറ്റ് ടിവിയിൽ പ്രദർശിപ്പിച്ചിരുന്നു. യുക്രൈൻ സൈന്യത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവന്ന വ്യക്തിയാണ് ഷോൺ എന്ന് റിപ്പോർട്ടുകൾ പറയുന്നു. താൻ ബ്രിട്ടീഷ് പൗരനാണെന്നും മരിയുപോളിൽ വെച്ച് തടവുകാരനാക്കപ്പെട്ടെന്നും ഷോൺ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസണെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇരുവരും സംസാരിച്ചത്.
തടവുകാരോട് മാനുഷികമായി പെരുമാറണമെന്ന് വിദേശകാര്യ ഓഫീസ് ആവശ്യപ്പെട്ടു. ഈ അവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ഷോണിന്റെ കുടുംബം പറഞ്ഞു. 36-ാം ബ്രിഗേഡിന്റെ ഭാഗമായിരുന്ന താൻ മരിയുപോളിൽ അഞ്ചാഴ്ചയിലേറെ യുദ്ധം ചെയ്തുവെന്നും ഇപ്പോൾ ഡോണ്ട്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലാണെന്നും പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി യുക്രൈനിൽ താമസിക്കുന്ന വ്യക്തിയാണ് ഷോൺ.
നേരത്തെ, എയ്ഡൻ അസ്‌ളീൻ (28) എന്ന ബ്രിട്ടീഷ് പൗരനെ യുദ്ധതടവുകാരനായി റഷ്യ പിടികൂടിയിരുന്നു. രണ്ട് ബ്രിട്ടീഷ് പൗരന്മാരെ തടവിൽ വച്ചിരിക്കുന്നതിനെക്കുറിച്ച് വിവരം ലഭിച്ചുവെന്നും ഇരുവരുടെയും കുടുംബങ്ങളെ ബന്ധപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതിനിടെ, മരിയുപോൾ പിടിക്കാൻ റഷ്യ ആക്രമണം ശക്തമാക്കി. പ്രധാനപ്പെട്ട മേഖലകളെല്ലാം നിയന്ത്രണത്തിലായെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ പോരാട്ടം തുടരുകയാണെന്നും കീഴടങ്ങില്ലെന്നും യുക്രൈൻ പ്രധാനമന്ത്രി ഡെന്നിസ് ഷ്മിഹാൽ പറഞ്ഞു.
Leave a Reply