ലോക്ഡൗണ്‍ പരിശോധനയ്ക്കിടെ തലയ്ക്കടിയേറ്റ് ഗുരുതരമായി പരുക്കുപറ്റി ചികില്‍സയില്‍ കഴിയുന്ന ഇടുക്കി മറയൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോള്‍ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം. തൊടുപുഴ ചിലവ് സ്വദേശിയായ അജീഷ് പോള്‍ അപകടനില തരണം ചെയ്തെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ആശുപത്രി വിട്ടാലും ദീര്‍ഘകാലം ചികിത്സ തുടരേണ്ടി വരുമെന്നതിനാല്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മുപ്പത്തിയെട്ടുകാരനായ സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോള്‍. നല്ല ആരോഗ്യവാനായിരുന്ന ചെറുപ്പക്കാരന്‍. ജോലി ചെയ്യുന്നതിനിടെയാണ് അജീഷ് ക്രൂരമായ അക്രമണത്തിന് ഇരയായത്. അതുകൊണ്ട് തന്നെ നിയമം നടപ്പാക്കാന്‍ ഇറങ്ങിതിരിച്ച പൊലീസുകാരനെ കൈയോഴിയാന്‍ സര്‍ക്കാരിനോ പൊതു സമൂഹത്തിനോ കഴിയില്ല.
തിങ്കളാഴ്ച്ച മറയൂര്‍ കോവില്‍ക്കടവില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് അജീഷ് പോളിനെതിരെ ആക്രമണമുണ്ടായത്. മാസ്ക് ധരിക്കാതെ നിന്ന സുലൈമാനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുള്ള അജീഷ് അപകടനില തരണം ചെയ്തെങ്കിലും ഐസിയുവില്‍ തുടരുകയാണ്.
ചികില്‍സയ്ക്കായി മൂന്ന് ലക്ഷം രൂപ പൊലീസ് ആസ്ഥാനത്ത് നിന്നും അനുവദിച്ചെങ്കിലും ഈ ചെറുപ്പക്കാരനോടുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തം തീരുന്നില്ല. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കുടുംബത്തിന് ചികില്‍സ സൗജന്യമാക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുള്ളതിനാല്‍ തുടര്‍ ചികില്‍സയും പരിശോധനകളും അനിവാര്യമാണ്. അതിന് സര്‍ക്കാര്‍ സഹായം വേണം. അജീഷ് പഴയതിലും ഊര്‍ജസ്വലനായി പൊലീസ് സേനയിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അദ്ദേഹത്തിനും കുടുംബത്തിനും നല്‍കേണ്ട പിന്തുണ അത്യാവശ്യമാണ്. അജീഷിനെ പോലെ നാടിന് സംരക്ഷണം നല്‍കുന്ന ഒട്ടറെ പൊലീസുകാര്‍ക്ക് ആത്മവിശ്വസം നല്‍കുന്നതാകണം തീരുമാനം.
Leave a Reply