ന്യൂസ് ഡെസ്ക്, മലയാളം യുകെ

തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ യുകെയിൽ നടത്തുന്ന കുടിയേറ്റ വിരുദ്ധ സമരത്തെ തള്ളി പറഞ്ഞ് കാൻ്റർബറി ആർച്ച് ബിഷപ്പ് രംഗത്തു വന്നു. ഈ വിഷയത്തിൽ രാജ്യത്ത് ഉടനീളം നടക്കുന്ന അക്രമ സംഭവങ്ങളെ ജസ്റ്റിൻ വെൽബി അപലപിച്ചു. സമരക്കാർ വ്യാപകമായി ക്രിസ്ത്യൻ ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് അധാർമികമാണെന്ന് ബിഷപ്പ് പറഞ്ഞു. സൗത്ത് പോർട്ടിലെ ഒരു അവധി കാല ഡാൻസ് ക്ലാസ്സിൽ മൂന്ന് കുഞ്ഞ് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും അക്രമങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് കാൻ്റർബറി ആർച്ച് ബിഷപ്പ് പ്രതികരണം നടത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊലപാതകം നടത്തിയ 17 വയസ്സുകാരൻ മുസ്ലിം മത വിഭാഗത്തിൽപ്പെട്ട കുടിയേറ്റക്കാരനാണെന്ന തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിച്ചതാണ് കലാപത്തിന് കാരണമായത്. ഇതിനെ തുടർന്ന് തീവ്ര വലതുപക്ഷ പ്രവർത്തകർ മസ്ജിദുകൾ , അനധികൃത കുടിയേറ്റക്കാരെ പാർപ്പിച്ചിരുന്ന ഒരു ഹോട്ടൽ എന്നിവ ആക്രമിച്ചതോടെ കലാപം രൂക്ഷമായ ക്രമസമാധാന പ്രശ്നമായി ബ്രിട്ടനിൽ മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. അക്രമത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.നുണകൾ പ്രചരിപ്പിച്ച് സമൂഹത്തിൽ അശാന്തി വിതയ്ക്കാനുള്ള ശ്രമമാണ് കലാപകാരികൾ നടത്തിയിരിക്കുന്നത് എന്ന് കാൻ്റർബറി ആർച്ച് ബിഷപ്പ് പറഞ്ഞു. ഏതെങ്കിലും വലതു തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കരുതെന്ന് അദ്ദേഹം ക്രിസ്ത്യൻ സമുദായത്തിൽ പെട്ടവരോട് ആഹ്വാനം ചെയ്തു.


ഭരണ നേതൃത്വവും പോലീസും കിണഞ്ഞു പരിശ്രമിച്ചിട്ടും ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ സമരങ്ങൾ ശമിക്കുന്നില്ല. വംശീയ വിരുദ്ധ പ്രവണതകൾക്ക് എതിരെ നടക്കുന്ന റാലികളും വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്. ഇന്നലെ ശനിയാഴ്ച ബെൽഫാസ്റ്റിൽ നടന്ന സമാധാനപരമായ വംശീയ വിരുദ്ധ റാലിയിൽ 15,000 പേർ വരെ പങ്കെടുത്തു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളും പോലീസിന് തലവേദനയായിട്ടുണ്ട്. സൗത്ത് പോർട്ടിൽ മൂന്ന് കുട്ടികളെ 17 വയസ്സുകാരൻ കുത്തി കൊന്ന സംഭവത്തെ തുടർന്നുള്ള അക്രമ സംഭവങ്ങൾ മലയാളികൾ ഉൾപ്പെടെ യുകെയിൽ താമസിക്കുന്ന അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത് . സ്കൂളുകൾ അവധിയായതിനാൽ മിക്ക യുകെ മലയാളികളും കേരളത്തിലാണ്. യുകെയിലുളവായി കൊണ്ടിരിക്കുന്ന സംഭവങ്ങൾ കുട്ടികളിലും കടുത്ത സുരക്ഷാ ഭീതിയാണ് ഉളവാക്കിയിരിക്കുന്നത്. പേടി കാരണം സ്കൂളിൽ പോകാൻ കുട്ടികൾ മടി കാണിക്കുമോ എന്ന് ഭയപ്പാടിലാണ് പല മാതാപിതാക്കളും.