ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ നാലിന് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ റഷ്യൻ അനുകൂല പരാമർശം നടത്തിയ റീഫോം യുകെ നേതാവ് നൈജൽ ഫരാഗ് കുഴപ്പത്തിൽ ചാടി. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് പ്രധാനകാരണം അമേരിക്കയും യു കെയും ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെ പ്രകോപനമാണെന്ന് റീഫോം യുകെ നേതാവ് പറഞ്ഞ പരാമർശം കനത്ത തോതിൽ വിമർശനമാണ് വിളിച്ചുവരുത്തിയത്.

ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ റഷ്യയുടെ ഉക്രൈൻ ആക്രമണത്തിന് പ്രധാന കാരണമായി നൈജൽ ഫരാഗ് ചൂണ്ടി കാട്ടിയത് യൂറോപ്യൻ യൂണിയന്റെയും ഞാറ്റോയുടെയും നയ സമീപനങ്ങളെയാണ്. നൈജൽ ഫരാഗിന്റെ പരാമർശങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിച്ച് പ്രധാനമന്ത്രി ഋഷി സുനകും ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമറും രംഗത്തുവന്നു. ബ്രിട്ടന്റെ സുരക്ഷയ്ക്ക് അപകടകരമായ ആശയങ്ങളാണ് നൈജൽ ഫരാഗിന്റെതെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞത് . അപമാനകരം എന്നാണ് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പ്രതികരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ തന്റെ പ്രസ്താവനയിൽ നിന്ന് അണുവിട പിന്മാറാൻ റീഫോം യുകെ നേതാവ് തയ്യാറായില്ല. സത്യം പറഞ്ഞതിൽ തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പൊതുവെ റഷ്യയുടെ നയ സമീപനങ്ങളെ എതിർക്കുന്നവരാണ് ഭൂരിപക്ഷം ബ്രിട്ടീഷുകാരും . അതിൻറെ വെളിച്ചത്തിൽ റീഫോം യുകെ നേതാവിന്റെ റഷ്യൻ അനുകൂല പരാമർശം തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

അടുത്തിടെ നടന്ന അഭിപ്രായ സർവേകളിൽ റീഫോം യുകെ യ്ക്ക് ലഭിച്ച വൻ ജനപിന്തുണ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ കടുത്ത ആശങ്കകൾക്ക് വഴിവെച്ചിരുന്നു. കൺസർവേറ്റീവ് പാർട്ടിക്ക് ഒപ്പത്തിനൊപ്പം ജനപിന്തുണ അവസാനം നടന്ന ചില അഭിപ്രായ സർവേകളിൽ അവർക്കുണ്ടായിരുന്നു . ഒരുവേള തങ്ങളായിരിക്കും അടുത്ത പ്രതിപക്ഷം എന്ന അവകാശവാദം വരെ നൈജൽ ഫരാഗ് നടത്തിയിരുന്നു.

തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൽ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി പാർലമെൻറ് തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പുകളിൽ അവർ പൊങ്ങി വരുന്നുണ്ട്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിലും സമീപകാലത്ത് അവരുടെ കോട്ടകളിൽ ചില ചെറു പാർട്ടികൾ വിള്ളലുണ്ടാക്കുന്നുണ്ട്. ഗ്രീൻ പാർട്ടി, എസ്എൻ പി , ലിബറൽ ഡെമോക്രാറ്റുകളും കളം പിടിച്ചു തുടങ്ങിയിരിക്കുന്നതിൻ്റെ സൂചനകൾ അഭിപ്രായ സർവേകളിൽ പ്രതിഫലിക്കുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ തൂക്കു പാർലമെൻ്റാണ് ഉണ്ടാകുന്നതെങ്കിൽ വിലപേശൽ ശക്തിയായി ഈ ചെറു പാർട്ടികൾ മാറും.