ബിനോയി ജോസഫ്

“ഇനി ഒരുപാടു കാലം പോകാനുണ്ട്, കുറെ ഭാരം ഇറക്കിവയ്ക്കാനുണ്ട്”… സ്വപ്നങ്ങൾ പൂർത്തിയാക്കാതെ ബാലഭാസ്കർ യാത്രയായി.. ആയിരങ്ങളെ സംഗീതത്തിന്റെ മാസ്മരികതയിലേയ്ക്ക് കൈപിടിച്ചു നയിച്ച യൗവനം അണഞ്ഞു. ആ മാന്ത്രിക വിരലുകളിലെ വിസ്മയ തന്ത്രികളാൽ ജനഹൃദയങ്ങളെ തൊട്ടുണർത്താൻ പ്രിയപ്പെട്ട ബാലഭാസ്കർ ഇനിയില്ല.. ലോകം ഇനിയും വിശ്വസിച്ചിട്ടില്ല ബാലഭാസ്കർ വിടവാങ്ങിയെന്ന്.. സംഗീത മാന്ത്രികൻ പകർന്നു നല്കി ഊർജ്ജവും ആവേശവും അനുഭവിച്ച ജനഹൃദയങ്ങൾ വേദനയിൽ വിതുമ്പുകയാണ്..

ജീവനേക്കാൾ സ്നേഹിച്ച ലക്ഷ്മിയെയും വിട്ടകന്ന് കുഞ്ഞു തേജസ്വിനിയുടെ അടുക്കലേയ്ക്ക് ബാലഭാസ്കർ വിടവാങ്ങിയപ്പോൾ സംഗീതലോകം ആശ്വാസവാക്കുകളില്ലാതെ ഉഴലുന്നു.. വേദനയില്ലാത്ത ലോകത്തേയ്ക്ക്, മകളെ അത്യധികം സ്നേഹിച്ച ആ അച്ഛൻ കൈ പിടിക്കാനെത്തിക്കഴിഞ്ഞു. നീണ്ട കാലത്തെ കാത്തിരിപ്പിൽ വിരിഞ്ഞ നറുപുഷ്പത്തെ തനിച്ചാക്കാൻ ബാലുവിന് മനസ് വന്നിട്ടുണ്ടാവില്ല.  ആയിരക്കണക്കിന് വേദികളിൽ പ്രകമ്പനമായി മാറിയ മധുരമേറിയ സ്വരവീചികളുടെ രാജകുമാരൻ കേരളത്തിന്റെ മണ്ണിൽ ഇന്ന് കണ്ണീർ പുഷ്പമായി അലിഞ്ഞു ചേരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആകർഷകമായ വ്യക്തിത്വവും സൗഹൃദത്തോടെയുള്ള പെരുമാറ്റവും കൊണ്ട് ബാലഭാസ്കർ ഇടം നേടിയത് ആയിരങ്ങളുടെ ഹൃദയങ്ങളിലാണ്. കഠിനാദ്ധ്വാനത്തിലൂടെ വയലിൻ കൊണ്ട് ചരിത്രം രചിച്ച ബാലഭാസ്കർ യുവജനങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു. തന്നിലെ സന്തോഷവും ഊർജ്ജവും സദസിലേയ്ക്ക് പകരുന്ന കരവിരുതും ചടുലതയും ബാലഭാസ്കറിന്റെ മാത്രം പ്രത്യേകതകളായിരുന്നു. തീവ്രമായ സംഗീത സപര്യയിലൂടെ കലയോട് നീതി പുലർത്തിയ അസാമാന്യ പ്രതിഭയെ വിശേഷപ്പിക്കാൻ വാക്കുകളില്ല.

തിരുവനന്തപുരം ഗവ.മോഡൽ സ്കൂളിലെ മ്യൂസിക് റൂമിൽ തന്റെ സുഹൃത്തിനോടൊപ്പം സംഗീതത്തിന്റെ ആരവത്തിന് തുടക്കം കുറിച്ച ബാലഭാസ്കർ കുട്ടികൾക്ക് എന്നും ആവേശമായിരുന്നു. മ്യൂസിക് റൂമിന്റെ ജനാലച്ചില്ലുകൾ വഴി വഴിഞ്ഞൊഴുകുന്ന തബലയുടെയും വയലിന്റെയും നാദവീചികളിൽ ആകൃഷ്ടരായി എല്ലാ ദിവസവും ബാലുവിന്റെ ബ്രേക്ക് ടൈം പെർഫോർമൻസ് കാണാനെത്തുന്നത് നിരവധി കുട്ടികളായിരുന്നു. മാർ ഈവാനിയോസിലും യൂണിവേഴ്സിറ്റി കോളജിലും കൗമാരത്തിന്റെ സ്വപ്ന ചിറകുകളിൽ പറന്നുല്ലസിച്ച ബാലഭാസ്കർ തീർത്തത് സംഗീതത്തിന്റെ വിസ്മയലോകമായിരുന്നു. ചെറുപുഞ്ചിരിയോടെ തിളങ്ങുന്ന കണ്ണുകൾ പാതിയടച്ച്  ഹൃദയങ്ങളോട് സംസാരിച്ച് കൊണ്ട് അനായാസം സദസിലും സ്റ്റേജിലും നിറഞ്ഞു നിൽക്കാനുള്ള അസാമാന്യ പ്രതിഭ ബാലഭാസ്കറിനെ വ്യത്യസ്തനാക്കി. സംഗീതപാരമ്പര്യമുള്ള കുടുംബത്തിന്റെ യശസ് ലോകമെങ്ങും എത്തിച്ച് ബാലഭാസ്കർ തന്റെ ജീവിതയാത്രയ്ക്ക് വിരാമമിട്ടു.

നിനച്ചിരിക്കാത്ത സമയത്ത് തേടിയെത്തിയ അപകടം തകർത്തെറിഞ്ഞത് ഒരു സന്തുഷ്ട കുടുംബത്തെയായിരുന്നു. മരണത്തിന്റെ കാലൊച്ചകളെ ആദ്യം മകൾ തേജസ്വിനിയും പിന്നീട് ബാലഭാസ്കറും പിന്തുടർന്നു. തന്റെ പ്രിയ പ്രണയിനിയെയും ബാലഭാസ്കർ വിട്ടു പിരിഞ്ഞു. സംഗീതത്തെയും വയലിനെയും പ്രണയിച്ച ആ രാജകുമാരന് കേരളം ഇന്ന് വിട നല്കുകയാണ്. അനശ്വരമായ ലോകത്തേയ്ക്ക് യാത്രയായ ബാലഭാസ്കറിന് നേരുന്നു യാത്രാമൊഴി… പറന്നുല്ലസിക്കുക അനന്തവിഹായസിൽ നീ… സംഗീതം പൊഴിക്കുക അനന്തതയുടെ താഴ് വരയിൽ… നക്ഷത്രങ്ങളെ സാക്ഷിയാക്കി.. കുഞ്ഞുതേജസ്വിനിയുമൊത്ത്…