പുതിയ കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിൽ ചർച്ചയ്ക്ക് വീണ്ടും ക്ഷണിച്ച് കേന്ദ്രസർക്കാർ നൽകിയ കത്തിൽ പുതുമയില്ലെന്ന് കർഷക സംഘടനകൾ. ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കണമോയെന്നതിൽ അന്തിമ തീരുമാനം സംയുക്ത കിസാൻ മോർച്ച നേതാക്കൾ ഇന്ന് യോഗം ചേർന്ന് എടുക്കും. കൃത്യമായ പ്രശ്നപരിഹാരം കേന്ദ്രം മുന്നോട്ടുവെച്ചാൽ തങ്ങൾ എപ്പോഴും ചർച്ചയ്ക്കു തയ്യാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

കാർഷികനിയമങ്ങളിൽ ഏതൊക്കെ കാര്യങ്ങളിലാണ് ആശങ്കയെന്ന് പ്രത്യേകമായി അറിയിക്കണമെന്നാണ് ചർച്ചയ്ക്ക് ക്ഷണിച്ച് കൃഷിമന്ത്രാലയം ജോ.സെക്രട്ടറി വിവേക് അഗർവാൾ ഞായറാഴ്ച 40 കർഷക സംഘടനാ നേതാക്കൾക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ കാർഷികനിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്നാണ് ആവശ്യമെന്ന് കർഷകർ ആവർത്തിച്ചു. സർക്കാർ സമയം ചോദിക്കുന്നതിൽ അർത്ഥമില്ല. സർക്കാർ ഒരു സമയം നിശ്ചയിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ അവർക്കു സമരകേന്ദ്രത്തിലേക്ക് വരാമെന്നുമാണ് നേതാക്കളുടെ നിലപാട്.

അതിനിടെ കാർഷികനിയമങ്ങളിലെ ലക്ഷ്യങ്ങൾ തന്നെ അപകടമാണെന്ന് വ്യക്തമാക്കി കൃഷിമന്ത്രി തോമറിന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി ഇന്നലെ കത്തയച്ചു.

അതേസമയം പ്രതിഷേധം ശക്തമാക്കി ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിൽ 11 പേർ നിരാഹാരം ആരംഭിച്ചു. 24 മണിക്കൂർ കൂടുമ്പോൾ അടുത്ത 11 നേതാക്കൾ നിരാഹാരമിരിക്കും. കേന്ദ്രം വഴങ്ങിയില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് കടന്നേക്കും. ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കാനായി മൂവായിരത്തോളം കർഷകർ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് വാഹനറാലിയായി പുറപ്പെട്ടു. ഇന്ന് ഏഴായിരത്തോളം കർഷകർ കൂടി വിവിധ വാഹനങ്ങളിൽ മാർച്ചായി പുറപ്പെടും. കർഷകരുടെ ട്രാക്ടറുകൾ തടയുന്നതുമായി ബന്ധപ്പെട്ട് യോഗത്തിൽ ജില്ലാ ഭരണകൂട അധികൃതർ എത്താത്തതിൽ ഗാസിപ്പുർ അതിർത്തിയിൽ കർഷകർ ഉപരോധം ശക്തമാക്കിയിട്ടുണ്ട്.

സംയുക്ത കിസാൻ മോർച്ചയുടെ കിസാൻ ഏകത മോർച്ച ഫേസ്ബുക്ക് അക്കൗണ്ട് മൂന്ന് മണിക്കൂറിന് ശേഷം പുനഃസ്ഥാപിക്കപ്പെട്ടു. അതേസമയം സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് അക്കൗണ്ട് തടസപ്പെട്ടതെന്ന് ഫേസ്ബുക്ക് വിശദീകരിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ട് തടസപ്പെട്ടിട്ടില്ലെന്നും അറിയിച്ചു.