ന്യൂസ് ഡെസ്ക്, മലയാളം യുകെ

80 വയസ്സിന് മുകളിലുള്ള കർഷകർക്ക് അവരുടെ കൃഷിയിടം കൈമാറുന്നതിന് അനന്തരവകാശ നികുതി നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒക്ടോബർ 30 – ന് ചാൻസിലർ റേച്ചൽ റീവ്സ് അവതരിപ്പിച്ച ബഡ്ജറ്റിലെ അനന്തരാവകാശ നികുതി നിയമങ്ങൾക്കെതിരെ വൻ കർഷക പ്രതിഷേധം അരങ്ങേറിയിരുന്നു. കർഷക പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും ഒടുവിലാണ് സർക്കാർ പുതിയ നികുതി നിർദേശങ്ങളിൽ നിന്ന് ഭാഗികമായി പിൻ തിരിയാൻ തീരുമാനിച്ചത്.

ഒരു മില്യണിലധികം മൂല്യമുള്ള കർഷകർക്ക് 20 ശതമാനം അനന്തരവകാശ നികുതി ഏർപെടുത്തുമെന്ന ചാൻസിലർ റേച്ചൽ റീവ്സിൻ്റെ പ്രഖ്യാപനമാണ് പ്രതിഷേധങ്ങൾക്ക് ആധാരമായത്. കർഷകർക്ക് അനന്തരാവകാശ നികുതിയിൽ നിന്ന് ഇളവ് അനുവദിച്ച കാർഷിക പ്രോപ്പർട്ടി റിലീഫിൽ (എപിആർ) ഒരു മാറ്റവും വരുത്തില്ലെന്ന് ലേബർ സർക്കാർ മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതിന് ഘടകവിരുദ്ധമായി നിർദ്ദേശങ്ങൾ ആണ് ബഡ്ജറ്റിൽ വന്നത്. ബഡ്ജറ്റ് അവതരണത്തിന് ശേഷം യുകെയിൽ ഉടനീളം വൻ കർഷക പ്രതിഷേധമാണ് സർക്കാരിന് ഏറ്റു വാങ്ങേണ്ടി വന്നത്. പല കർഷകരും തങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ സർക്കാർ നൽകുന്ന മിനിമം വേതനത്തേക്കാൾ കുറവാണെന്ന് തുറന്നടിച്ചിരുന്നു.

കൃഷിയിൽ നിന്നുള്ള വരുമാനമുള്ളതിനാൽ പല കർഷകർക്കും സ്വകാര്യ പെൻഷൻ ഇല്ലെന്നതും കർഷക സംഘടനകൾ ചൂണ്ടി കാണിച്ചിരുന്നു. എന്നാൽ 80 വയസ്സ് എന്ന പ്രായപരിധി നിശ്ചയിക്കുന്നതിനും കർഷക സംഘടനകൾ കടുത്ത വിയോജിപ്പുണ്ട്. 80 എന്ന പ്രായ പരുധി 73 ആയി കുറയ്ക്കണമെന്ന് നാഷണൽ ഫാർമേഴ്‌സ് യൂണിയൻ പ്രസിഡൻ്റ് ടോം ബ്രാഡ്‌ഷോ ആവശ്യപ്പെട്ടു. ഇന്നത്തെ രൂപത്തിൽ അനന്തരാവകാശ നികുതി നിയമം നടപ്പിലാക്കുകയാണെങ്കിൽ തൻറെ ഫാം വിൽക്കേണ്ടി വരുമെന്ന് കന്നുകാലി കർഷകനായ ഡേവിഡ് ബാർട്ടൺ പറഞ്ഞു. പല കർഷകരും തങ്ങൾ അടയ്ക്കേണ്ടി വരുന്ന ഭാരിച്ച നികുതിയോർത്ത് മാനസിക പ്രശ്നങ്ങളെ നേരിടുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട് . എന്നാൽ ഓരോ വർഷവും ഏറ്റവും സമ്പന്നമായ എസ്റ്റേറ്റുകളെ മാത്രമേ ഇത് ബാധിക്കുകയുള്ളുവെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ NFU യും കൺട്രി ലാൻഡ് ആൻഡ് ബിസിനസ് അസോസിയേഷനും (CLA) മൊത്തം 70,000 ഫാമുകളെ ബാധിക്കുമെന്ന് കണക്കാക്കുന്നു.