ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ വടക്കൻ ലണ്ടനിലെ നിരവധി സ്കൂളുകളിൽ അഞ്ചാംപനി പടർന്ന് പിടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പത്തിലധികം കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ജനുവരിയിൽ മാത്രം എൻഫീൽഡ് മേഖലയിൽ 34 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത് . എൻഫീൽഡിലും സമീപ മേഖലയിലുമുള്ള കുറഞ്ഞത് ഏഴ് സ്കൂളുകളിലും രോഗബാധ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗബാധിതരിൽ അഞ്ചിൽ ഒരാൾക്ക് വരെ ആശുപത്രി പ്രവേശനം ആവശ്യമായി വന്നതായും ഇവരിൽ എല്ലാവരും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്ത കുട്ടികളാണെന്നും പ്രാദേശിക ജി.പി. കേന്ദ്രം അറിയിച്ചു.

എൻഫീൽഡ് കൗൺസിൽ, യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി, എൻ.എച്ച്.എസ് എന്നിവയുമായി ചേർന്ന് വ്യാപനം നിയന്ത്രിക്കാൻ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കുത്തിവയ്പ്പ് തന്നെയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്നും വാക്സിൻ എടുത്തിട്ടില്ലാത്തവർ ഉടൻ നടപടിയെടുക്കണം എന്നും ആരോഗ്യവിദഗ്ധർ അഭ്യർഥിച്ചു. 10 വയസ്സിന് താഴെയുള്ള, പ്രത്യേകിച്ച് വാക്സിനേഷൻ പൂർത്തിയാക്കാത്ത കുട്ടികളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈസ്റ്റർ അവധിക്കാലത്ത് വിദേശയാത്രയ്ക്ക് പോകുന്നവർ തങ്ങളുടെ വാക്സിനേഷൻ നില പരിശോധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ചുമ, തുമ്മൽ , രോഗബാധിതർ സ്പർശിച്ച വസ്തുക്കൾ എന്നിവ വഴി വേഗത്തിൽ പടരുന്ന വൈറസ് രോഗമാണ് അഞ്ചാംപനി. കടുത്ത പനി , ചുവന്നും വെള്ളം വാർന്നും കാണുന്ന കണ്ണുകൾ, ചുമ, തുമ്മൽ, വായ്ക്കുള്ളിൽ ചെറിയ വെള്ളപ്പുള്ളികൾ എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ്. പിന്നീട് ചെവിക്കുപിന്നിലും മുഖത്തും ആരംഭിച്ച് ശരീരമൊട്ടാകെ പടരുന്ന ചുവപ്പോ തവിട്ടുനിറത്തിലുള്ള പാടുകൾ കാണാം. 2024-25ൽ യുകെയിൽ അഞ്ചാംപനി പ്രതിരോധത്തിനായുള്ള രണ്ട് എം.എം.ആർ ഡോസ് സ്വീകരിച്ച കുട്ടികളുടെ അനുപാതം 84.4% മാത്രമാണെന്നും ശുപാർശ ചെയ്തിരിക്കുന്നത് 95% ആണെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2024ലെ വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന യുകെയ്ക്ക് മുന്നറിയിപ്പ് നൽകിയതും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.











Leave a Reply