കോഴിക്കോട് സ്‌ഫോടനത്തില്‍ അച്ഛനും മകനും പരിക്കേറ്റു. പയ്യോളിയിലാണ് സംഭവം. പാഴ് വസ്തുക്കള്‍ കത്തിക്കുന്നതിനെടയാണ് സ്‌ഫോടനം ഉണ്ടായത്. കിഴൂര്‍ സ്വദേശിയായ നാരായണന്‍, മകന്‍ ബിജു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. നാരായണനും മകന്‍ ബിജുവും വീടും പരിസരവും വൃത്തിയാക്കിയ ശേഷം പാഴ് വസ്തുക്കള്‍ ടാര്‍ വീപ്പയില്‍ നിറയ്ക്കുകയും ഇതിന് തീ കൊടുക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM

അല്‍പ്പസമയത്തിനു ശേഷം ടാര്‍ വീപ്പ പൊട്ടിത്തെറിക്കുകയും സമീപത്തുണ്ടായിരുന്ന ഇരുവര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫോടനത്തിന് പുറകെ പയ്യോളി പോലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്‌ഫോടനകാരണം കണ്ടെത്താനായില്ല. കത്തിച്ച സാധനങ്ങളില്‍ കരിമരുന്നും ഉള്‍പ്പെട്ടിരുന്നെന്നാണ് പ്രാഥമിക നിഗമനം.