ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- 10 വയസ്സുകാരിയായ സാറ ഷെരീഫിന്റെ കൊലപാതകത്തിൽ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം സറേയിലെ വോക്കിംഗിലുള്ള കുടുംബത്തിൻ്റെ വീട്ടിൽ ശരീരം നിറയെ മുറിവുമായാണ് സാറയുടെ മൃതദേഹം കണ്ടെത്തിയത്. പിതാവ് ഉർഫാൻ ഷെരീഫ് (43), രണ്ടാനമ്മ ബീനാഷ് ബട്ടൂൽ (30) എന്നിവർ സാറയുടെ മരണത്തിന് ഉത്തരവാദികളാണെന്ന് ബുധനാഴ്ച കോടതി കണ്ടെത്തി. അതോടൊപ്പം തന്നെ സാറയുടെ അമ്മാവനായ ഫൈസൽ മാലിക് (29) കുട്ടിയുടെ മരണം അനുവദിച്ചു കൊടുത്തതായും കോടതി വിലയിരുത്തി. വളരെ ക്രൂരതകൾക്ക് ഇരയാക്കപ്പെട്ട സാറാ മരണത്തിന് കീഴടങ്ങിയത്. സറേ പോലീസ് ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളതും വിഷമിപ്പിക്കുന്നതുമായ കേസുകളിൽ ഒന്നായിരുന്നു സാറയുടെ കൊലപാതകമെന്ന് ഡീറ്റെക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ക്രൈഗ് എമർസൺ പറഞ്ഞു. ഒരു കുട്ടിയുടെ കൊലപാതകം തന്നെ മനഃസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്, എന്നാൽ തന്റെ ഹ്രസ്വ ജീവിതത്തിൽ സാറാ നേരിട്ട പീഡനങ്ങൾ ഈ കേസിനെ പ്രത്യേകിച്ച് അസ്വസ്ഥമാക്കുന്നവയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാറയുടെ കൊലപാതകം “നമ്മുടെ ശിശു സംരക്ഷണ സംവിധാനത്തിലെ അഗാധമായ ബലഹീനതകളെ” ഉയർത്തിക്കാട്ടുന്നതാണെന്ന് ചിൽഡ്രൻസ് കമ്മീഷണർ ഡാം റേച്ചൽ ഡി സൂസ പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 8 ന് മരിക്കുന്നതിന് മുമ്പ് സാറയ്ക്ക് മനുഷ്യൻ്റെ കടിയേറ്റ അടയാളങ്ങൾ, ഇരുമ്പ് പൊള്ളൽ, ചൂടുവെള്ളത്തിൽ നിന്നുള്ള പൊള്ളൽ എന്നിവയുൾപ്പെടെയുള്ള പരിക്കുകൾ സംഭവിച്ചതായി പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തിയതായി വിചാരണയിൽ കോടതി വാദം കേട്ടു. കട്ടിലിൽ പോലീസ് കണ്ടെടുത്ത സാറയുടെ മൃതദേഹത്തിനരികിൽ അവളുടെ പിതാവിൻ്റെ കൈപ്പടയിൽ ഒരു കുറിപ്പുണ്ടായിരുന്നു. “ഈ കുറിപ്പ് കിട്ടുന്നത് ആർക്കായാലും, എൻ്റെ മകളെ തല്ലി കൊന്നത് ഉർഫാൻ ഷെരീഫ് എന്ന ഞാനാണ്” എന്ന രീതിയിൽ ആയിരുന്നു ഈ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നത്. തുടക്കത്തിൽ താനല്ല രണ്ടാനമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന പക്ഷമായിരുന്നു പിതാവിന് ഉണ്ടായിരുന്നത്. ഭാര്യയെ സംരക്ഷിക്കാൻ വേണ്ടിയാണ് താൻ അത്തരത്തിൽ ഒരു കുറിപ്പ് എഴുതിയതെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടന്ന വിചാരണയിൽ ഇയാൾ മുഴുവൻ കുറ്റവും താൻ തന്നെയാണ് ചെയ്തതെന്ന് കോടതിയിൽ വ്യക്തമാക്കി. സാറയുടെ അമ്മയുമായി വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ്, ഉറഫാൻ രണ്ടാമത് വിവാഹം ചെയ്തത്. 2019-ൽ, ഗിൽഡ്ഫോർഡിൻ്റെ കുടുംബ കോടതി ഷെരീഫിന് കസ്റ്റഡി വിധിക്കുന്നത് വരെയും സാറ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. തികച്ചും മനസ്സാക്ഷിയെ നടക്കുന്ന ഒരു കൊലപാതകമാണ് നടന്നതെന്ന് കോടതി വാദം കേട്ടു.
Leave a Reply