മദ്യലഹരിയിൽ പിതാവിനെ മർദിച്ച മകനെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിൽ പിതാവ് അറസ്റ്റിൽ. മൂന്നിലവ് കൊന്നയ്ക്കൽ ജോൺസൺ ജോബി (35) ആണു മരിച്ചത്. പിതാവ് ചാക്കോയെ (പാപ്പൻ –68) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ദൃക്സാക്ഷിയായ, ചാക്കോയുടെ മാതാവ് മറിയാമ്മ (91) കുഴഞ്ഞുവീണു മരിച്ചു.
മാതാവിന്റെ മൃതദേഹം ബന്ധുവീട്ടിലെത്തിച്ച ശേഷം വീട്ടിലെത്തി മകന്റെ മൃതദേഹം കൊക്കയിൽ തള്ളിയെന്നു പൊലീസ് പറയുന്നു. മേലുകാവ് കോണിപ്പാട് ഇരുമാപ്ര റോഡിൽ പള്ളിക്കു സമീപം കൊക്കയിൽ 20 അടിയോളം താഴ്ചയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മൃതദേഹത്തിന് 2 ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. വയറിൽ പ്ലാസ്റ്റിക് കയർ കെട്ടിയ നിലയിലായിരുന്നു. മദ്യപനും ലഹരിക്ക് അടിമയുമായ ജോൺസൺ വെള്ളറയിലെ വീട്ടിലായിരുന്നു താമസം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാളുടെ മദ്യപാന ശല്യവും ഉപദ്രവവും കാരണം ഭാര്യ പിണങ്ങിപ്പോയതായി പൊലീസ് പറഞ്ഞു.
ചാക്കോയും ഭാര്യയും ചാക്കോയുടെ മാതാവും മൂന്നിലവ് എട്ടൊന്നിൽ വാടകവീട്ടിലായിരുന്നു താമസം. ഈ മാസം 9നു ചാക്കോയുടെ വീട്ടിലെത്തിയ ജോൺസണും പിതാവും തമ്മിൽ വാക്കേറ്റമുണ്ടായി. 11നു രാത്രി ഒൻപതോടെ വീണ്ടും മൂന്നിലവിലെ വീട്ടിലെത്തിയ ജോൺസൺ വീട്ടുപകരണങ്ങൾ നശിപ്പിച്ചു. ഇതിനിടെ ജോൺസനെ ചാക്കോ ചുറ്റിക കൊണ്ട് അടിച്ചതായി പൊലീസ് പറഞ്ഞു..
വഴക്കിനിടെ കുഴഞ്ഞുവീണ മാതാവിനെ ചാക്കോയും ഭാര്യയും ചേർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നു മൃതദേഹം അഞ്ചുകുടിയാറിലുള്ള ബന്ധുവീട്ടിൽ എത്തിച്ച ശേഷം ചാക്കോ തിരികെ വീട്ടിലെത്തി. പുലർച്ചെ മൂന്നോടെ ജോൺസന്റെ മൃതദേഹം പ്ലാസ്റ്റിക് കയർ കെട്ടി ജീപ്പിൽ കയറ്റി ഇരുമാപ്രയിലെ കൊക്കയിൽ തള്ളുകയായിരുന്നുവത്രേ.
ഇതിനു ശേഷം മാതാവിന്റെ സംസ്കാരച്ചടങ്ങിൽ ചാക്കോ പങ്കെടുത്തെന്നും പൊലീസ് പറഞ്ഞു. സംഭവദിവസം ജോൺസൻ മൂന്നിലവിൽ വന്നിറങ്ങിയതായും വീട്ടിലെത്തി വഴക്കുണ്ടായതായും പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചാക്കോയെ ചോദ്യം ചെയ്തതോടെയാണു കൊലപാതകം വ്യക്തമായത്.
വീട്ടിൽ നിന്നു രക്തക്കറയും കെട്ടിവലിക്കാൻ ഉപയോഗിച്ച കയറിന്റെ ഭാഗങ്ങളും കണ്ടെടുത്തു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫ്, മേലുകാവ് എസ്ഐ ലെബിമോൻ, നൗഷാദ്, സുനിൽ, പാലാ എസ്ഐ ഹാഷിം, തോമസ് സേവ്യർ, അരുൺചന്ദ്, ബിജു, രാംദാസ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.
Leave a Reply