സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഫാദർ ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി നടപടി ഹൈക്കോടതി ശരിവച്ചു. ക്രൈംബാഞ്ച് എസ്.പി. ആയിരുന്ന കെ.ടി.മൈക്കിളിനെ കേസിൽ നിന്ന് കോടതി ഒഴിവാക്കി.

ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഇരുവരും വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചത്.കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐ കോടതി വിട്ടയച്ചിരുന്നു. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി ഇതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

കേസിൽ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന കെ.ടി.മൈക്കിളിനെ നാലാം പ്രതി ആക്കിയ സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കെ.ടി.മൈക്കിളിനെതിരായ ഉത്തരവിനെ അപക്വം എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. കെ.ടി. മൈക്കിളിനെ നിലവിൽ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്നും വിചാരണവേളയിൽ വ്യക്തമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ അപ്പോൾ അക്കാര്യം പരിഗണിക്കാവുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു.1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റർ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.