കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഫാദര്‍ തോമസ് പീലിയാനിക്കലിന്‍റെ റിമാന്‍ഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ. ചതിച്ച് പണം ഉണ്ടാക്കണമെന്ന ഉദ്ദേശം പീലിയാനിക്കലിനുണ്ടായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.
പരാതിക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ രേഖ ചമച്ച് വ്യാജ ഒപ്പിട്ടാണ് ഫാ. തോമസ് പീലിയാനിക്കല്‍ അടക്കമുള്ള പ്രതികള്‍ വായ്പയെടുത്തുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് അംഗങ്ങള്‍ അടങ്ങുന്ന വ്യാജ സംഘങ്ങളുണ്ടാക്കിയാണ് വായ്പാ തട്ടിപ്പ് നടത്തിയതെന്നും വായ്പയെടുത്ത് കിട്ടിയ തുക പീലിയാനിക്കല്‍ കൈവശപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്യായ ലാഭം ഉണ്ടാക്കി വായ്പ യഥാസമയം തിരിച്ചടച്ചില്ലെന്നും ബാങ്കുകളില്‍ പരാതിക്കാര്‍ക്ക് അവരറിയാതെ ബാധ്യതയുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കേസിന്‍റെ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും സമാനമായ കേസുകള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും പോലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഫാദര്‍ തോമസ് പീലിയാനിക്കലിനെ ഇന്ന് റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്ക് രാമങ്കരി കോടതിയാണ് റിമാൻഡ് ചെയ്തത്. ഇന്നലെയാണ് ഫാദർ പീലിയാനിക്കലിനെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആകെ രജിസ്റ്റർ ചെയ്ത 14 കേസുകളിൽ ഇതുവരെ നാല് കേസുകളിലാണ് പീലിയാനിക്കലെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ഉള്ളതായി അറിയിപ്പ് കിട്ടിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മറ്റ് കേസുകളിലും പ്രതിയാവുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എൻസിപി നോതാവ് അഡ്വ റോജോ മാത്യുവും ഭാര്യയും ഇപ്പോഴും ഒളിവിലാണ്. ത്രേസ്യാമ്മയെയും പിടികൂടാനായില്ല.കുട്ടനാട്ടിൽ കർഷകരുടെ പേരിൽ കോടികളുടെ വായ്പാ കുംഭകോണം നടത്തിയെന്നാണ് കേസ്. കുട്ടനാട് വികസന സമിതി ഓഫീസ് അടച്ച് പൂട്ടി മുങ്ങിയ ഫാദര്‍ തോമസ് പീലിയാനിക്കലിനും കൂട്ടുപ്രതികള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
Leave a Reply