നോബിള്‍ തെക്കേമുറി
ഡോര്‍സെറ്റിലെ പൂളില്‍ പ്രവാസികളായ മലയാളി സമൂഹം ആണ്ടുതോറും ആഘോഷപൂര്‍വം കൊണ്ടാടിയിരുന്ന വിശുദ്ധ ദുക്‌റാന തിരുനാളും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ഈ വര്‍ഷവും സംയുക്തമായി, ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ അത്യധികം പ്രൗഢഗംഭീരമായി ആഘോഷിയ്ക്കപ്പെടുന്നു. ആഗോള കത്തോലിക്കാ സഭ വിശുദ്ധ തോമാശ്ലീഹയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാളുകള്‍ യഥാക്രമം ജൂലൈ മൂന്നിനും ജൂലൈ ഇരുപത്തിയെട്ടിനും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുവാന്‍ സഭാമക്കളെ ആഹ്വാനം ചെയ്തിരിക്കുന്നു. എന്നാല്‍ പ്രവാസികളുടെ പ്രായോഗികമായ ബുദ്ധിമുട്ടുകളും മറ്റുചില പരിഗണനകളും അടിസ്ഥാനമാക്കി വിശുദ്ധരുടെ തിരുനാളുകള്‍ സഭ ക്രമപ്പെടുത്തിയ ദിവസങ്ങളില്‍ ആഘോഷിക്കുവാന്‍ വിശ്വാസികളെ സഭ വിലക്കിയിട്ടില്ല.
ജൂലൈ മാസം ഒന്നാം തീയതി ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ തിരുനാളുകളോട് അനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ക്ക് പൂള്‍ ‘സെന്റ് മേരീസ്’ പള്ളിയില്‍ പ്രാരംഭം കുറിയ്ക്കും. ബഹു. ഫാദര്‍ ചാക്കോ പനത്തറ രക്ഷാധികാരിയായുള്ള സമിതിയുടെ നേതൃത്വത്തില്‍ തിരുനാള്‍ ചടങ്ങുകളും തിരുക്കര്‍മ്മങ്ങളും തികച്ചും ലളിതമായ രീതിയില്‍ ഭക്ത്യാദര ബഹുമാനപൂര്‍വ്വം നടത്തപ്പെടുമെന്ന് ട്രസ്റ്റികളായ നോബിളും ഷാജി തോമസും അറിയിക്കുന്നു.
ഫാദര്‍ ചാക്കോ പനത്തറയോടൊപ്പം ഫാദര്‍ ജോര്‍ജ് സി.ജെയും (ബര്‍മിംഗ്ഹാം), ഫാദര്‍ അനീഷും (ബോസ്‌കോംബ്) ആഘോഷമായ തിരുനാള്‍ കുര്‍ബാനയിലും തിരുക്കര്‍മ്മങ്ങളിലും തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും കാര്‍മ്മികരായിരിക്കും. ഏകദേശം എട്ട് മണിയോടു കൂടി, വിശ്വാസികളുടെ ഐക്യത്തേയും സാഹോദര്യത്തെയും സൂചിപ്പിക്കുന്ന ‘സ്നേഹവിരുന്നി’ന് ശേഷം തിരുനാള്‍ ചടങ്ങുകള്‍ക്ക് സമാപനം കുറിക്കുന്നതാണ്. തിരുനാളില്‍ സംബന്ധിക്കുന്ന വിശ്വാസികള്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും പള്ളി അങ്കണത്തില്‍ ലഭ്യമാണ്. വിശുദ്ധരുടെ ഈ തിരുനാളിലും മറ്റ് തിരുക്കര്‍മ്മങ്ങളിലും സംബന്ധിച്ച് ഈശ്വരാനുഗ്രഹങ്ങള്‍ ധാരാളമായി പ്രാപിക്കുവാന്‍ നല്ലവരായ എല്ലാ ബഹു ജനങ്ങളെയും വിശ്വാസികളെയും സാദരം സ്വാഗതം ചെയ്യുന്നു.
” അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം” (യോഹ 11: 16)
ആര്‍ഷ ഭാരതത്തിന്റെ ബഹുസ്വരതയുടെയും മാനവികതയുടെയും അടിസ്ഥാനശിലകള്‍ പാകിയിരിക്കപ്പെട്ടിരിക്കുന്നത് ആത്മീയ പോഷണത്തിനും ആദ്ധ്യാത്മിക പരിചരണത്തിനും വേണ്ടി വേറിട്ട് നില്‍ക്കുന്ന വലിയ ഒരു ജനതയുടെ വിശാലമായ കാഴ്ചപ്പാടിലും മനോഭാവത്തിലും ആണ്. നമ്മുടെ രാജ്യത്തിന്റെ ഏതൊരു മേഖലയിലും പുരോഗതിയ്ക്കും ഉന്നമനത്തിനും വിവിധ മതങ്ങളും അനുഷ്ഠാനക്രമങ്ങളും നല്‍കിയിട്ടുള്ള സംഭാവനകള്‍ ചെറുതല്ല. പൗരസ്ത്യ സഭകളുടെയും വളര്‍ച്ചയുടെ മദ്ധ്യേയുള്ള പരിണാമഭാവങ്ങള്‍ പരിശോധിച്ചാല്‍ ആനുപാതികമായി അതുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങള്‍ കാണാവുന്നതാണ്.
വിശുദ്ധരുടെ ദര്‍ശനങ്ങളും വിശ്വാസം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവര്‍ കൈക്കൊണ്ട മാനദണ്ഡങ്ങളും എക്കാലവും വിശ്വാസ സമൂഹത്തിന് പ്രചോദനങ്ങളായിരുന്നു. അത്തരത്തില്‍, പ്രാദേശിക സഭകള്‍ക്ക് പ്രത്യേകിച്ച് കേരള സഭയ്ക്ക് Doubling Thomas’ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ തോമാശ്ലീഹായും ഭാരതത്തിന്റെ ആദ്യ വിശുദ്ധ എന്ന് അറിയപ്പെടുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയും അദ്വതീയരാണ്. വിശുദ്ധ തോമാശ്ലീഹയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാളുകള്‍ യഥാക്രമം ജൂലൈ മൂന്നിനും, ജൂലൈ ഇരുപത്തിയെട്ടിനുമായി പ്രഖ്യാപിച്ചുകൊണ്ട് സഭ ഈ വിശുദ്ധരെ ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു.
യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ അത്ര പ്രമുഖരല്ലാത്ത സ്ഥാനം വഹിച്ചിരുന്ന വിശുദ്ധ ശ്ലീഹാ സുവിശേഷങ്ങളില്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂയെങ്കിലും തന്റെ നിഷ്പക്ഷമായ നിലപാടുകളോടും നിര്‍ഭയമായ മനോഭാവങ്ങളോടുമുള്ള ഉറച്ച പ്രഖ്യാപനവും പ്രതികരണവും വിശുദ്ധനെ സാര്‍വ്വത്രിക സഭയില്‍ ഏറെ ശ്രദ്ധേയനാക്കി. തന്റെ ഗുരുവിന്റെ ഉത്ഥാനം സംബന്ധിച്ച പ്രചരണങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും വിശുദ്ധന്‍ സ്ഥിരീകരണം കൊടുക്കുന്നത് ഗുരുമുഖത്തുനിന്നും പുറപ്പെടുന്ന പ്രസ്താവനകള്‍ക്ക് ശേഷം മാത്രമാണ് എന്നുള്ള വസ്തുത വിശുദ്ധനെ പ്രമുഖരായ സഭയിലെ വിശുദ്ധരുടെ പട്ടികയില്‍ എത്തിച്ചു. സിരകളിലും ചിന്തകളിലും വിപ്ലവത്തിന്റെ കനലുകള്‍ നിറച്ച് നിര്‍ഭയം യേശുവിനൊപ്പം പരസ്യ ജീവിത ശുശ്രൂഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ശ്ലീഹായെ പിന്നീട് കാണുന്നത് യേശുവിന്റെ പാദാന്തികത്തില്‍ ”എന്റെ കര്‍ത്താവേ എന്റെ ദൈവമേ’ എന്ന് പറഞ്ഞ് കണ്ണീര്‍ വാര്‍ക്കുന്ന ഒരു യഥാര്‍ത്ഥ പ്രേഷിതനെയാണ്. അനശ്വരതയിലേക്കുള്ള വിശുദ്ധന്റെ യാത്രയുടെ ആരംഭം ഇവിടെ കുറിയ്ക്കപ്പെടുന്നു.
മരപ്പണിക്കാരുടെയും നിര്‍മ്മാണത്തൊഴിലാളികളുടെയും മാദ്ധ്യസ്ഥനായി വര്‍ത്തിക്കുന്ന ശ്ലീഹാ അരക്ഷിതാവസ്ഥയിലും അനശ്ചിതാവസ്ഥയിലും വിശ്വാസികളുടെ രക്ഷാകവചമായി മാറുന്നു. തന്നില്‍ രൂഢമൂലമായ വിശ്വാസ സത്യത്തിനുവേണ്ടി കലര്‍പ്പില്ലാത്ത കറതീര്‍ന്ന വിശ്വാസപ്രഖ്യാപനങ്ങളുടെ പ്രയോക്താവാകുന്നതിനുവേണ്ടി രക്തസാക്ഷിത്വം വരിയ്ക്കുന്ന വിശുദ്ധനെ സഭാ ചരിത്രത്തില്‍ പിന്നീട് നാം ദര്‍ശിക്കുന്നു.
ജൂലൈ ഇരുപത്തെട്ട് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളായി സഭ പ്രഖ്യാപിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ആദരിക്കപ്പെട്ടത് ഭാരതീയര്‍. പ്രത്യേകിച്ച് മലയാളികളായിരുന്നു. സഹനത്തിന്റെയും യാതനയുടെയും താഴ്വരയില്‍ വിരിഞ്ഞ് കൊഴിഞ്ഞ ആ കണ്ണീര്‍ പുഷ്പം ഇന്ന് ലോകമെമ്പാടുമുള്ള അഗതികള്‍ക്കും അശരണര്‍ക്കും സാന്ത്വനത്തിന്റെ സമാധാനത്തിന്റെ സൗരഭ്യം പടര്‍ത്തുകയാണ്. ഒരു കണ്ണീര്‍ കടല്‍ മുഴുവനായും കുടിച്ച് പറ്റിച്ച ആ മത്സ്യകന്യക ഇന്ന് സ്വര്‍ഗ്ഗത്തില്‍ അനേകായിരം ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥനാ മഞ്ജരികള്‍ പൊഴിക്കുകയാണ്.
Leave a Reply