സന്ദര്‍ലാന്‍ഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും സന്ദര്‍ലാന്‍ഡ് സെ. ജോസഫ്സ് ദേവാലയത്തില്‍ വെച്ച് സെപ്തംബര്‍ 30 ശനിയാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു. ശനിയാഴ്ച രാവിലെ 10ന് തുടങ്ങിയ ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനായി തിരുനാള്‍ സന്ദേശം നല്‍കി. നിരവധി വൈദികര്‍ സഹകാര്‍മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയില്‍ ബഹു. സീറോ മലബാര്‍ രൂപത ബിഷപ്പ് സന്ദേശം പകര്‍ന്നു. തുടര്‍ന്ന് നടന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയും പ്രതിഫലിച്ചു.

വൈകുന്നേരം സെ. ഐഡന്‍സ് അക്കാദമി ഹാളില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ബഹു. സന്ദര്‍ലാന്‍ഡ് സിറ്റി മേയര്‍ അധ്യക്ഷത വഹിക്കുകയും ന്യൂകാസില്‍ ആന്‍ഡ് ഹെക്സാം രൂപത ബിഷപ് റൈറ്റ്. റവ. ബിഷപ് ഷീമസ് കണ്ണിങ്ഹാം ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പത്തുവര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ വീഡിയോ പ്രകാശനം ചെയ്തു. കഴിഞ്ഞുപോയ പത്തുവര്‍ഷക്കാലം ദൈവം ഈ സമൂഹത്തിനു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് സാക്ഷ്യമേകാന്‍ പുറത്തിറക്കിയ സോവനീര്‍ പ്രകാശം ചെയ്ത ചടങ്ങില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ കൊഴുപ്പേകി.


ബഹു. ഫാ.സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആത്മീയ സമ്മേളനത്തിന് നേതൃത്വം നല്‍കി.