ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷൻ സെൻററിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഈ വർഷത്തെ തിരുനാൾ തിരുകർമ്മങ്ങൾക്ക് ആയിരത്തിൽപരം വിശ്വാസികളുടെ വൻ പങ്കാളിത്തത്തോടെ ജൂലൈ 2 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് തിരശ്ശീല വീണു.
കഴിഞ്ഞ ജൂൺ 25 -ന് മിഷൻ വികാരി ഫാ. ജോർജ് എട്ടുപറയിൽ തിരുനാൾ കൊടി ഏറ്റിയതോടുകൂടി ഈ വർഷത്തെ തിരുനാൾ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു . തുടർന്ന് എല്ലാ ദിവസവും ദിവ്യബലിയും, നൊവേനയും, ലദീഞ്ഞും നടത്തപ്പെടുകയും ചെയ്തു. തിരുനാൾ ദിനമായ ജൂലൈ 2 -ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷപൂർവ്വമായ റാസ കുർബാനയോടു കൂടി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യകാർമികത്വത്തിലും ഫാ. മാത്യു കുരിശുംമൂട്ടിൽ ഇടവക വികാരി ഫാ. ജോർജ് എട്ടു പറയിൽ എന്നിവരുടെ സഹകാർമികത്വത്തിലും കൂടാതെ അൾത്താര ശുശ്രൂഷകരുടെയും ഗായക സംഘങ്ങളോടുകൂടി ആയിരത്തിൽപരം വിശ്വാസികളുടെ പ്രാർത്ഥനകളുടെയും കീർത്തനങ്ങളോടും ചേർന്ന് ആഘോഷപൂർവ്വമായ റാസ കുർബാന നടത്തപ്പെട്ടു.
മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തന്ന തിരുനാൾ സന്ദേശത്തിൽ നമ്മുടെ ജീവിതത്തിൽ പരിശുദ്ധ കുർബ്ബാനയുടെ പ്രാധാന്യത്തെക്കുറിച്ചും , പരിശുദ്ധ കുർബ്ബാനയിൽ നമ്മൾ ഈശോയുടെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള രക്ഷാകര സംഭവങ്ങളിൽ പങ്കാളികൾ ആകുകയും, അനുഷ്ഠിക്കുകയും, സ്മരിക്കുകയും ചെയ്യുന്നു. അതുപോലെ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയും സംരക്ഷണവും തേടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും കൂടാതെ രൂപതാ മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും ഓർമ്മ തിരുനാൾ ആഘോഷിക്കുമ്പോൾ നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്ന് ധീരതയോടെ പ്രഖ്യാപനം ചെയ്ത വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസ തീക്ഷണത നമുക്ക് ഈ കാലഘട്ടത്തിൽ ജീവിക്കുമ്പോൾ ആവശ്യമാണ് എന്ന് പിതാവ് വിശ്വാസികളെ ഉദ്ബോധിപ്പിക്കുകയുണ്ടായി.
ദിവ്യബലിയെ തുടർന്ന് സഭയുടെ പൗരാണികതയും പാരമ്പര്യങ്ങളും ഭക്തിയും പ്രൗഢിയും പ്രകടമാകുന്നതിന് വിശ്വാസവളർച്ചയ്ക്ക് പ്രചോദനമാകുന്നതിനു വേണ്ടി ആഘോഷപൂർവ്വമായ തിരുനാൾ പ്രദക്ഷിണം നടത്തപ്പെടുകയുണ്ടായി. ആയിരങ്ങൾ പങ്കെടുത്ത പ്രദക്ഷിണത്തിന് മരക്കുരിശ്, പൊൻകുരിശ്, വെള്ളികുരിശ് വിവിധയിനം കൂടി തോരണങ്ങൾക്കൊപ്പം ചെണ്ടമേളക്കാർ , ബാന്റ് സെറ്റുകാർ എന്നിവയ്ക്കൊപ്പം വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ച വീഥിയിൽ പ്രദക്ഷിണം നടത്തപ്പെട്ടപ്പോൾ അത് വിശ്വാസികളുടെ ജീവിതത്തിലെ വിസ്മരിക്കാനാവാത്ത ദിനമാക്കിയെന്നതിൽ സംശയമില്ല . തുടർന്ന് നേർച്ച കാഴ്ചകൾ, കഴുന്ന്, നേർച്ച എന്നിവ നടത്തപ്പെടുകയും എല്ലാ വിശ്വാസികൾക്കും സുഭിഷ്ടമായ സ്നേഹവിരുന്ന് നൽകപ്പെടുകയും ചെയ്തു.
സ്നേഹവിരുന്നിനു ശേഷം മിഷനിലെ സൺഡേസ്കൂൾ കുട്ടികൾ, മെൻസ് ഫോറം , വിമൻസ് ഫോറം , സൺഡേസ്കൂൾ ടീച്ചേഴ്സ് , ദമ്പതിമാർ ഫാമിലി യൂണിറ്റ് തുടങ്ങിയ മിഷനിലെ വിവിധ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ കലാസന്ധ്യ നടത്തപ്പെടുകയും അത് തിരുനാൾ കൂടുതൽ ആനന്ദപ്രദമാക്കുവാൻ കാരണമായി . വൈകിട്ട് വിശ്വാസികൾക്ക് ലഘു ഭക്ഷണം വിതരണം ചെയ്യുകയും തുടർന്ന് ഈ വർഷത്തെ തിരുനാൾ വലിയ അനുഗ്രഹമാക്കുവാൻ സാധിച്ചതിലും അതുപോലെ വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് മുൻകാലത്തിനേക്കാൾ കൂടുതൽ വിശ്വാസികൾ പങ്കെടുത്തതിലും വളരെ മനോഹരമായും ചിട്ടിയോടും കൂടിയും ഏവർക്കും അഭിമാനമാകുന്ന തരത്തിൽ തിരുനാൾ വിജയപ്രദമാക്കുവാൻ പ്രയത്നിച്ച വിവിധ കമ്മറ്റി അംഗങ്ങൾക്കും കൈക്കാരന്മാർ, കൺവീനേഴ്സ്, അൾത്താര ശുശ്രൂഷകർ, ഗായക സംഘങ്ങൾ, മെൻസ് ഫോറം , വിമൻസ് ഫോറം 1ഫാമിലി യൂണിറ്റ് സൺഡേസ്കൂൾ ടീച്ചേഴ്സ് എന്നിവർക്കും പങ്കെടുത്ത ഓരോ വിശ്വാസികൾക്കും മിഷൻ വികാരി ഫാ. ജോർജ് എട്ടുപറയിൽ പ്രത്യേകം നന്ദി കുറിച്ചുകൊണ്ട് വൈകിട്ട് ആറുമണിക്ക് ഈ വർഷത്തെ തിരുനാൾ തിരുകർമ്മങ്ങൾക്ക് തിരശ്ശീല വീണു.
Leave a Reply