റോബിൻ ജോസഫ്

ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷനിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും മാർതോമാശ്ലീഹായുടെയും വിശുദ്ധരായ അഗസ്തീനോസിന്റെയും അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ വിശ്വാസ പ്രഘോഷണ ദിനമായി കൊണ്ടാടി. ആഘോഷമായ തിരുനാൾ പരിശുദ്ധ കുർബാനയും ഭക്തിസാന്ദ്രമായ പ്രദക്ഷിണവും മറ്റു ചടങ്ങുകളും കേരളനാട്ടിലെ തിരുനാൾ ആഘോഷങ്ങളെ അനുസ്മരിക്കുംവിധമായിരുന്നു ബേസിക് സ്റ്റോക്കിലെ വിശ്വാസി സമൂഹത്തിന് അനുഭവപ്പെട്ടത്.

തിരുനാൾ ദിവസം ഉച്ചകഴിഞ്ഞ് 2 .30 ന് സൗതാംപ്ടൺ റീജിയണൽ കോഓർഡിനേറ്റർ വെരി റവ. ഫാദർ ജോസ് ബേബി കുന്നുംപുറത്ത് തിരുനാൾ കൊടിയേറ്റിയതോടുകൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, വാഹന വെഞ്ചരിപ്പ് എന്നിവയും നടത്തി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി സിഞ്ചെല്ലൂസ്‌ വെരി റവ. ഫാദർ ജിനോ അരീക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ പരിശുദ്ധ കുർബാന അർപ്പിച്ചു. റവ. ഫാദർ ജോസ് ബേബി കുന്നുംപുറത്ത് സഹകാർമ്മികനായി ദിവ്യബലി മധ്യേ തിരുവചന സന്ദേശം നൽകി. പരിശുദ്ധ മാതാവ് തന്റെ പക്കലേക്ക് കടന്നുവരുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ തന്റെ തിരുസുതനിലേക്ക് എത്തിക്കുന്ന വലിയ മധ്യസ്ഥയായ നമ്മുടെ അമ്മയാണെന്നും സഹനങ്ങളുടെയും ത്യാഗങ്ങളുടെയും തീച്ചൂളയിലൂടെ കടന്നുപോയ വിശുദ്ധരുടെ ജീവിതം വിശ്വാസികൾക്ക് മാതൃകയാകേണ്ടതാണെന്നും തന്റെ തിരുനാൾ സന്ദേശത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചു.

പരിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ച വെഞ്ചരിപ്പും, ലദീഞ്ഞും നടന്നു. തുടർന്ന് തിരുനാൾ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികൾ അണിനിരന്നു ഭക്ത്യാദരപൂർവ്വം നടത്തിയ പ്രദക്ഷിണം എല്ലാവർക്കും ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. പ്രദക്ഷിണം തിരികെ ദൈവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവ്വാദം നൽകി. സൗതാംപ്ടൺ റീജിയണൽ കോഓർഡിനേറ്റർ റവ. ഫാദർ ജോസ് ബേബി കുന്നുംപുറത്തും നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഫാദർ ഡോ. ബിനോയ് കുര്യനും ചേർന്ന് കൊടിയിറക്കിയതോടുകൂടി തിരുനാൾ തിരുകർമ്മങ്ങൾക്ക് പരിസമാപ്തി കുറിച്ചു.

തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാൻ എത്തിയവർക്ക് സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു. തിരുനാളിന് മുന്നോടിയായി 23 അംഗ പ്രസുദേന്തിമാരെയും പ്രതിനിധിയോഗാംഗങ്ങളെയും ഇടവക ജനങ്ങളെയും ഉൾപ്പെടുത്തി രൂപീകരിച്ച വിവിധ കമ്മറ്റികളുടെ തീഷ്ണതയാർന്ന പ്രവർത്തനങ്ങളും തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിന് സഹായിച്ചു. ഭക്തസാധനങ്ങളും ശീതള പാനീയങ്ങളും വിശുദ്ധ അൽഫോൻസാ തിരുനാളിന്റെ നേർച്ചയായ ഉണ്ണിയപ്പവും വിശ്വാസികൾക്ക് നൽകുന്നതിനായി വുമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ സ്റ്റാളും അഭിനന്ദനാർഹമായിരുന്നു.

അനുഗ്രഹപ്രദവും വിശ്വാസ ദീപ്തവും സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സുദിനവുമായി മാറിയ സംയുക്ത തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തിയ എല്ലാവർക്കും തിരുനാൾ കമ്മറ്റി കൺവീനർമാരായ ശ്രീ. മാത്യു കൈതക്കടുപ്പിൽ, ശ്രീ. റോബിൻ ജോസഫ് മുണ്ടുചിറ എന്നിവർ നന്ദി പ്രകാശിപ്പിച്ചു. തിരുനാൾ ക്രമീകരണങ്ങളുടെ വിവിധ കമ്മറ്റികളുടെ നേതൃനിരയിലുണ്ടായിരുന്നവരെ കൈക്കാരന്മാരായ ശ്രീ. രാജു തോമസ് അമ്പാട്ട്, ശ്രീ. വിൻസെൻറ് പോൾ പാണാകുഴിയിൽ എന്നിവർ അഭിനന്ദിച്ചു. കേരളത്തിൽനിന്നും ഇംഗ്ലണ്ടിലെത്തി താമസിക്കുന്ന നാനാജാതി മതസ്ഥരായ ആളുകളുടെ സാന്നിധ്യവും പ്രാർത്ഥനകളും ഈ തിരുനാളിലുണ്ടായത് നമ്മുടെ കൂട്ടായ്മയും സ്നേഹവും വിളിച്ചോതുന്നതും അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണെന്നും തിരുനാൾ കമ്മറ്റി വിലയിരുത്തി. വിഖ്യാതമായ ബേസിംഗ്‌സ്‌റ്റോക്ക് തിരുനാൾ എല്ലാവർഷവും ജൂൺ മാസത്തിലെ അവസാന ശനിയാഴ്ചയാണ് നടത്തിവരുന്നത്.