ഷാജി വർഗീസ് മാമൂട്ടിൽ

ആൾഡർഷോട് സെന്റ് മേരീസ് ദേവാലയത്തിൽ, സീറോ മലബാർ സഭ വിശ്വാസികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുന്നാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. ജൂൺ 23 ഞായറാഴ്ച വൈകിട്ട് 4ന് ആരംഭിച്ച തിരുന്നാൾ ആഘോഷങ്ങൾ രാത്രി 9 മണിയോടെ സമാപിച്ചു.

സെന്റ് മേരീസ് ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുന്നാൾ പാട്ടുകുർബാനയ്ക്ക്, റോമിലെ പോണ്ടിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ ഫാ. മാത്യു ജോസഫ് മടിക്കാങ്കൽ, ഇടവക വികാരി ഫാ. എബിൻ കൊച്ചുപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി. ഫാ. മാത്യു ജോസഫ് മടിക്കാങ്കൽ വചന സന്ദേശം നൽകി. ജിയോ ആൻ്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിൻ്റെ ഗാനാലാപനം വിശുദ്ധ കുർബാനയെ ഭക്തിസാന്ദ്രമാക്കി. തുടർന്ന് നടന്ന ഭക്തിനിർഭരമായ തിരുന്നാൾ പ്രദക്ഷിണത്തിൽ, തിരുസ്വരൂപങ്ങളും, മുത്തുക്കുടകളും, ദീപ്ക്കാഴ്ചകളുമായി നൂറുകണക്കിന് വിശ്വാസികൾ അണിനിരന്നു. ഇവരോടൊപ്പം അന്യമത വിശ്വാസികളും, തദ്ദേശീയരും എല്ലാം ഒത്തു ചേർന്നപ്പോൾ ഈ തിരുന്നാൾ ആൾഡർഷോട്ടിൻ്റെ ഉത്സവം ആയി മാറി. തിരുന്നാളിന് നേർച്ച കാഴ്ചയായി ലഭിച്ച വസ്തുക്കൾ മുൻ വർഷങ്ങളിലെപോലെ ഈ വർഷവും ഫുഡ് ബാങ്കിൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചു.

ആൾഡർഷോട് സെന്റ് ജോസഫ്, സെന്റ് മേരീസ് പള്ളികളുടെ വികാരിയായ ഫാ. റോബർട്ട് സ്റ്റ്യൂവർടിൻ്റെ നിസ്സീമമായ സഹായവും സഹകരണവും, തിരുന്നാൾ കമ്മിറ്റി, പ്രസുദേന്തിമാർ, വിശ്വാസികൾ എന്നിവരുടെയും ദിവസങ്ങളായുള്ള കഠിന പ്രയത്നങ്ങളും, നിസ്തുലമായ സേവനവും തിരുന്നാൾ ഏറ്റവും മനോഹരമാക്കാൻ സഹായിച്ചു.

തിരുന്നാളിൻ്റെ ഭാഗമായി സെന്റ് ജോർജ് പാരീഷ് ഹാളിൽ വച്ച് സ്നേഹവിരുന്നും നടന്നു. തിരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. എബിൻ, ട്രസ്റ്റിമാരായ ജിയോ, മഞ്ജു, തിരുന്നാൾ കമ്മിറ്റി കൺവീനർ ടോമി, ജോയിൻ്റ് കൺവീനർ ജെയ്സൺ, അംഗങ്ങളായ അജി, ബിജു, മനു, വിമൻസ് ഫോറം അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവർ നേതൃത്വം നൽകി.