രാജ്യത്തെ ഏറ്റവും മികച്ച സുന്ദരിയെ കണ്ടെത്താനുള്ള ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ വിജയ കിരീടം കര്‍ണാടക സ്വദേശിനി സിനി ഷെട്ടിക്ക്. ഞായറാഴ്ച വൈകിട്ട് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്‍ററില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയിൽ 2021 മിസ്സ് ഇന്ത്യയായിരുന്ന മാനസ വരാണസി സിനിയ്ക്ക് കിരീടം നൽകി. രാജസ്ഥാനിൽ നിന്നുള്ള റൂബൽ ഷെഖാവത്താണ് ഫസ്റ്റ് റണ്ണപ്പ് ആയത്. ഉത്തർപ്രദേശ് സ്വദേശി ഷിനാറ്റ ചൗഹാൻ സെക്കൻഡ് റണ്ണറപ്പും ആയി.
71ാമത് ലോകസുന്ദരി മത്സരത്തില്‍ സിനി ഇന്ത്യയെ പ്രതിനിധീകരിക്കും. 21കാരിയായ സിനി ഇപ്പോൾ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സിഎഫ്എ) വിദ്യാര്‍ഥിനിയാണ്. കർണാടക സ്വദേശിയാണെങ്കിലും മുംബൈയിലാണ് സിനി ഷെട്ടി ജനിച്ചത്. നർത്തികികൂടിയായ സിനി നാലാം വയസ്സ് മുതൽ നൃത്തം പഠിച്ചിരുന്നു.
നേഹ ധൂപിയ, ഡിനോ മോറിയ, മലൈക അറോറ തുടങ്ങിയ താരങ്ങളായിരുന്നു ജൂറിയംഗങ്ങള്‍. ക്രിക്കറ്റ് താരം മിതാലി രാജും പാനലില്‍ ഉണ്ടായിരുന്നു. ഡിസൈനര്‍മാരായ രാഹുല്‍ ഖന്ന, രോഹിത് ഗാന്ധി, കൊറിയോഗ്രാഫര്‍ ഷിയാമാക് ദാവർ എന്നിവരും ജൂറിയുടെ ഭാഗമാണ്. മിസ് ഇന്ത്യ ഗ്രാൻഡ് ഫിനാലെ ജൂലൈ 17 ന് കളേഴ്‌സ് ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്യും. പ്രശസ്ത ടെലിവിഷന്‍ അവതാരകനും മോഡലും പാട്ടുകാരനുമായ മനീഷ് പോളായിരുന്നു അവതാരകന്‍.
View this post on Instagram
Leave a Reply