1968ല്‍ പത്ത് ലക്ഷം പേരുടെ ജീവനെടുത്ത ഹോംഗ്കോംഗ് പനിയെ വെല്ലുന്ന ഓസ്ട്രേലിയന്‍ പനി ഈ വിന്ററില്‍ ബ്രിട്ടനിലേക്ക് എത്തുന്നുവെന്ന് മുന്നറിയിപ്പ്. ഈ പനി ഓസ്ട്രേലിയയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് ബാധിക്കുകയും അവിടുത്തെ ആരോഗ്യ സര്‍വീസ് ഇതിനെ നേരിടാന്‍ പാടുപെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ പനി ബ്രിട്ടനെയും വേട്ടയാടാനെത്തുമെന്നാണ് നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റിയിലെ പബ്ലിക്ക് ഹെല്‍ത്ത് എക്സ്പര്‍ട്ടായ പ്രഫ. റോബര്‍ട്ട് ഡിങ് വാള്‍ വെളിപ്പെടുത്തുന്നത്.

വര്‍ഷം തോറും ഏതാണ്ട് 3000ത്തോളം ഓസ്ട്രേലിയക്കാരാണ് ഈ പനി ബാധിച്ച് മരണമടയുന്നത്. ഈ വര്‍ഷവും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ 73 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ സംവിധാനം താറുമാറായ പ്രായമായവരെയാണ് ഈ പനി കൂടുതലായി ബാധിച്ച് അപകടം വരുത്തുന്നത്. വിക്ടോറിയയിലെ ഒരു കെയര്‍ഹോമില്‍ എട്ട് പേരാണ് ഈ പനി ബാധിച്ച് മരിച്ചിരിക്കുന്നത്. അഞ്ച് മുതല്‍ ഒമ്പത് വയസ് വരെയുള്ള കുട്ടികളെയും ഈ പനി കൂടുതലായി ബാധിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയയില്‍ നിന്നുമുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിലവിലുള്ള വാക്സിന്‍ എച്ച്3എന്‍2വിനെ നേരിടാന്‍ പര്യാപ്തമല്ലെന്നാണ് ലോകാരോഗ്യസംഘടനയിലെ ശാസ്ത്രജ്ഞന്മാര്‍ ആശങ്കപ്പെടുന്നത്. മാര്‍ച്ചിലായിരുന്നു ഇതിനെ നേരിടുന്നതിനുള്ള വാക്സിന്‍ നിര്‍മ്മിച്ചത്. വാക്സിന്‍ ഇതിനെ നേരിടാന്‍ ഫലപ്രദമല്ലാത്തതിനാലാണ് ഓസ്ട്രേലിയയില്‍ പനി പടര്‍ന്ന് പിടിക്കാന്‍ കാരണമായതെന്ന് ചില ശാസ്ത്രജ്ഞന്മാര്‍ ആരോപിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് ഈ പനി കൂടുതല്‍ അപകടസാധ്യതയുണ്ടാക്കുന്നത്. ലോംഗ് സ്റ്റേ റെസിഡെന്‍ഷ്യല്‍ കെയര്‍ ഹോമുകളില്‍ താമസിക്കുന്നവര്‍ , ഗര്‍ഭിണികള്‍ തുടങ്ങിയവരും ശ്രദ്ധിക്കേണ്ടതാണ്. ആറ് മാസം പ്രായമുള്ളവര്‍ മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാവുന്നതാണ്. എന്നാല്‍ പ്രമേഹം ബാധിച്ചവര്‍ വാക്സിനെടുക്കുമ്പോള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. യുകെയിലും ഇതിനായുള്ള വാക്സിന് ഫലപ്രദമല്ലെന്ന ആശങ്കയും ശക്തമാണ്. ഈ പനി ഗുരുതരമായാല്‍ അത് ന്യൂമോണിയ ആയി മാറാന്‍ സാധ്യതയേറെയാണ്. കൂടാതെ ഹൃദയം, മസ്തിഷ്‌കം, വൃക്കകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിലും തകരാറുണ്ടാക്കി ഗുരുതരാവസ്ഥയിലാക്കാനും ഈ പനിക്ക് കഴിവുണ്ട്.