ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രാഡ് ഫോർഡിലെ പാക്കിസ്ഥാൻ വംശജരുടെ ഇടയിൽ നിലനിന്നിരുന്ന അടുത്ത ബന്ധുക്കൾ തമ്മിലുള്ള കല്യാണങ്ങൾ കുറഞ്ഞതായുള്ള പഠനം പുറത്തുവന്നു. ബന്ധുവിനെ കല്യാണം കഴിക്കുന്നവരുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കുറഞ്ഞതിന്റെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ആളുകൾ കൂടുതൽ വിദ്യാസമ്പന്നരായതും ഇമിഗ്രേഷൻ നിയമങ്ങളിൽ വന്ന മാറ്റവും ആണ് ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ കുറയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പത്ത് വർഷം മുമ്പ് ബ്രാഡ്ഫോർഡിലെ 30,000 ത്തിലധികം ആളുകളുടെ ആരോഗ്യം പഠിക്കുന്ന ഗവേഷകർ പാക്കിസ്ഥാൻ സമൂഹത്തിലെ 60% കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ഫസ്റ്റ് കസിൻസോ , സെക്കൻഡ് കസിൻസോ ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ നിലവിൽ ഇത് 46% ആയതായാണ് ഗവേഷണം സൂചിപ്പിക്കുന്നത്. കസിൻസ് തമ്മിലുള്ള വിവാഹത്തിൽ ജനിക്കുന്ന കുട്ടികൾക്ക് ജനന വൈകല്യങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷണ ഫലങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇങ്ങനെയുള്ള വിവാഹങ്ങളിൽ ജനിക്കുന്ന 6 % കുട്ടികൾക്ക് വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
2021 -ലെ സെൻസസ് പ്രകാരം ബ്രാഡ്ഫോർഡിലെ ജനസംഖ്യയുടെ 25% പാകിസ്ഥാൻ വംശജരാണ്. ഇതിൽ ഭൂരിപക്ഷം പേരും യുകെയിലെത്തിയത് പാക്ക് അധീന കാശ്മീരിൽ നിന്നാണ്. പാക്ക് അധീന കാശ്മീരിൽ കസിൻസ് വിവാഹങ്ങൾ വ്യാപകമാണ്. യുകെയിലെ പുതുതലമുറ പാക്ക് വംശജർ കസിൻസ് മാര്യേജുകളെ ഇഷ്ടപ്പെടുന്നില്ലെന്ന് ഒരു യുവതി വെളിപ്പെടുത്തി. ഇങ്ങനെയുള്ള കല്യാണങ്ങൾ ഒഴിവാക്കാനായി തങ്ങളുടെ തലമുറ നന്നായി പോരാടിയതായി മറ്റൊരാൾ പറഞ്ഞു. ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങളെക്കുറിച്ച് അവബോധം വർദ്ധിച്ചതും ഉയർന്ന വിദ്യാഭ്യാസം ലഭിച്ചതുമാണ് യുവജനങ്ങൾ ഇങ്ങനെയുള്ള വിവാഹത്തിൽ നിന്ന് പിൻവാങ്ങാനുള്ള പ്രധാന കാരണങ്ങൾ എന്ന് ഇവരുടെ ഇടയിൽ ഗവേഷണം നടത്തുന്ന പ്രൊഫ . നീൽ സ്മോൾ പറഞ്ഞു.
Leave a Reply