ഇന്ത്യ–ചൈന അതിർത്തിയിൽ പ്രശ്നം രൂക്ഷമായിരിക്കെ ചർച്ച നടത്തി ചൈന, പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിമാർ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുമാണ് ചർച്ച നടത്തിയത്. പൊതുതാൽപര്യം സംരക്ഷിക്കുന്നതിന് പാക്കിസ്ഥാനും ചൈനയും ഒരുമിച്ചു നിൽക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആവശ്യപ്പെട്ടു.
ദീർഘകാലമായി ചൈനയും പാക്കിസ്ഥാനും പരസ്പരം സഹകരിക്കുന്നവരാണെന്നും വാങ് യി സൂചിപ്പിച്ചു. കശ്മീർ, അഫ്ഗാനിസ്ഥാൻ, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ സ്ഥിതിവിശേഷങ്ങളും ചർച്ചയായി. ചൈനയും പാക്കിസ്ഥാനും ഇന്ത്യക്കെതിരെ കൈകോർക്കുന്നു എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് വിദേശകാര്യ മന്ത്രിമാർ ഫോൺ സംഭാഷണം നടത്തിയത്.
ഹോങ്കോങ് വിഷയത്തിൽ പാക്കിസ്ഥാൻ ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 2020 ജൂൺ വരെ ഇന്ത്യ–പാക് അതിർത്തിയിൽ 14 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. 88 പേർക്ക് പരുക്കേറ്റു.
2,432 തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. കശ്മീരിൽ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ പ്രകോപനം സൃഷ്ടിക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിൽ പ്രശ്നം രൂക്ഷമായതോടെ പാക്ക് അധിനിവേശ കശ്മീരിൽ പാക്കിസ്ഥാൻ കൂടുതൽ സൈനികരെ വിന്യസിച്ചു.
കിഴക്കൻ ലഡാക്ക് അതിർത്തിയിലേക്ക് കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ച് ഇന്ത്യ. യുപിയിൽ നിന്ന് ഒരു ഡിവിഷൻ (ഏകദേശം 15,000 സൈനികർ) കൂടി എത്തിയതോടെ അതിർത്തിയിലെ ഇന്ത്യൻ ഭടന്മാരുടെ എണ്ണം 50,000 കവിഞ്ഞു. ടി 90 ടാങ്കുകളടക്കമുള്ള സന്നാഹങ്ങളും അതിർത്തിയിലെത്തിച്ചു. നിലവിൽ 3 സേനാ ഡിവിഷനുകളും ടാങ്കുകളും അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
നയതന്ത്ര, സൈനികതല ചർച്ചകളിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമം നടത്തുമ്പോഴും അതീവ ജാഗ്രത തുടരുന്നതിന്റെ ഭാഗമായാണു സൈനികരുടെ എണ്ണം വർധിപ്പിച്ചത്. പ്രശ്നപരിഹാരമാകും വരെ പടയൊരുക്കത്തിൽ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന സന്ദേശം കൂടിയാണ് ഇന്ത്യ നൽകുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാ ചർച്ചയിലെ ധാരണപ്രകാരം സന്നാഹം പിൻവലിക്കാൻ ചൈന തയാറായാൽ, സമാന രീതിയിലുള്ള പിന്മാറ്റം ഇന്ത്യയും നടത്തും. അതുവരെ സൈന്യം തുടരും.
പല ഉയരങ്ങളിലുള്ള കാലാവസ്ഥയുമായി ഘട്ടംഘട്ടമായി പൊരുത്തപ്പെട്ട ശേഷമാണ് (അക്ലമറ്റൈസേഷൻ) 14,000 അടിക്കു മേൽ ഉയരത്തിലുള്ള അതിർത്തിയിലേക്ക് സേനാംഗങ്ങളെ എത്തിച്ചത്. 9,000 അടി, 11,000 അടി എന്നീ ഉയരങ്ങളിൽ 7 ദിവസം വീതം തങ്ങിയ ശേഷം അതിർത്തി താവളങ്ങളിലെത്തിയ സൈനികർ ശൈത്യകാലം പിടിമുറുക്കുന്ന നവംബർ വരെ അവിടെ തുടരാൻ സജ്ജമാണ്.
ഇതിനു പുറമേ, പാക്ക് അതിർത്തിയിലും സേന അതീവ ജാഗ്രതാ നിർദേശം നൽകി. പാക്ക്, ചൈന അതിർത്തികളിൽ സമീപകാലത്തൊന്നുമില്ലാത്ത വിധമുള്ള പടയൊരുക്കമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. പാക്ക് അതിർത്തിയിലുടനീളം ഡ്രോൺ നിരീക്ഷണവും ശക്തമാക്കി.
Leave a Reply