അഞ്ച് മാസത്തിനുള്ളില്‍ ജിപിയാകാന്‍ യോഗ്യത ലഭിക്കുന്ന സിംഗപ്പൂര്‍ പൗരനെ ഡീപോര്‍ട്ട് ചെയ്യാനൊരുങ്ങി ഹോം ഓഫീസ്. 10 വര്‍ഷം മുമ്പ് യുകെയിലെത്തിയ ലൂക്ക് ഓങ് എന്ന ഡോക്ടറാണ് ഡീപോര്‍ട്ടേഷന്‍ ഭീഷണി നേരിടുന്നത്. മാഞ്ചസ്റ്ററില്‍ ജീവിക്കുന്ന ഓങ് പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷ നല്‍കിയിരുന്നെങ്കിലും 18 ദിവസം താമസിച്ചാണ് നല്‍കിയതെന്ന കാരണമുന്നയിച്ച് ഹോം ഓഫീസ് അത് നിരസിക്കുകയായിരുന്നു. ഇതിനെതിരെ ഡോക്ടര്‍ നല്‍കിയ അപ്പീലില്‍ ഇദ്ദേഹത്തെ പുറത്താക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഇമിഗ്രേഷന്‍ ജഡ്ജ് വ്യക്തമാക്കിയിരുന്നു. ഡോക്ടറെ അനുകൂലിച്ച് അരലക്ഷത്തോളം ആളുകളാണ് ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് പെര്‍മനന്റ് റസിഡന്‍സി നല്‍കണമെന്ന അപേക്ഷയില്‍ എംപിമാരും ഡോക്ടര്‍മാരുമുള്‍പ്പെടെയുള്ളവര്‍ ഒപ്പുവെച്ചിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ സെന്‍ട്രല്‍ പ്രദേശത്താണ് ഡോക്ടര്‍ താമസിക്കുന്നത്. ഇവിടുത്തെ എംപി ലൂസി പവല്‍ പെറ്റീഷനില്‍ ഇദ്ദേഹത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ എന്നിവരും ഇദ്ദേഹത്തിന് പിന്തുണ നല്‍കുന്നു. കോടതിവിധിയുടെയം സമ്മര്‍ദ്ദങ്ങളുടെയും പശ്ചാത്തലത്തില്‍ ഹോം ഓഫീസിന് തീരുമാനം മാറ്റേണ്ടിവരുമെന്നാണ് കരുതുന്നത്. ഡോക്ടര്‍മാരുടെ ക്ഷാമം മൂലം 3000 ജിപിമാരെ 100 മില്യന്‍ പൗണ്ട് ചെലവഴിച്ച് വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹോം ഓഫീസ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് ബിഎംഎ ചെയര്‍മാന്‍ ഡോ.ചാന്ദ് നാഗ്‌പോള്‍ പറഞ്ഞു.
തനിക്കു കിട്ടുന്ന പിന്തുണ വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് ഡോ.ഓങ് പറഞ്ഞു. ഡോക്ടര്‍ക്കെതിരായുള്ള നടപടി പരിഹാസ്യമാണെന്ന് എംപി ലൂസി പവല്‍ പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന് ജോലി ചെയ്യാന്‍ അനുവാദമില്ല. അതുമൂലം താമസ സൗകര്യം പോലും നഷ്ടമാകുമെന്ന സ്ഥിതിയാണ്. താന്‍ ഹോം സെക്രട്ടറിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
Leave a Reply