3 കോടിയിലധികം തട്ടിയെടുത്തുവെന്ന പരാതിയിൽ നടൻ ബാബുരാജിനും നടി വാണി വിശ്വനാഥിനുമെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു. സിനിമാ നിർമാണത്തിനെന്ന പേരിൽ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്നാണ് താരദമ്പതികൾക്ക് എതിരെയുള്ള ആരോപണം.

തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണു പോലീസ് കേസ് എടുത്തത്. കൂദാശ എന്ന സിനിമയുടെ നിർമാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണു പരാതി. 2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്നു പരാതിയിൽ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൃശൂരിലും കൊച്ചിയിലുമായിരുന്നു ഇതു സംബന്ധിച്ച ചർച്ചകൾ നടന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാടെന്നും പരാതിയിൽ പറയുന്നുണ്ട്.

വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം പരാതി ഒറ്റപ്പാലം പൊലീസിനു കൈമാറുകയായിരുന്നു. ഇടപാടുകൾ മുഴുവൻ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാലായിരുന്നു കേസ് ഒറ്റപ്പാലത്തേക്ക് കൈമാറിയത്. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ആരോപിച്ചാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.