റോഷിൻ എ റഹ്‌മാൻ
എബ്രിഡ്, നിങ്ങൾ വീണ്ടുമെന്നെ വിസ്മയിപ്പിക്കുന്നു..! എന്നെക്കൊണ്ട് ആദ്യമായി ഒരു സിനിമാ നിരൂപണം എഴുതിച്ചത് താങ്കളാണ് (താങ്കൾ ഒരുപക്ഷേ അത് അറിഞ്ഞിട്ടുണ്ടാവുകപോലുമില്ല!). അന്നത്തെ ആ എഴുത്തും ഒരു പാതിരാത്രിയിലായിരുന്നു, ഇന്നത്തേതു പോലെ… പൂമരം കണ്ടിറങ്ങി ഉറക്കം വരാത്ത രാത്രികളിലൊന്നിൽ അത്രമേൽ ഉള്ളിൽ തട്ടി എഴുതിയൊരു റിവ്യൂ പോലെ അതിനു മുൻപോ ശേഷമോ എഴുതിയിട്ടില്ല… ഇന്ന് ‘കുങ്ഫു മാസ്റ്റർ’ കണ്ടിറങ്ങിയപ്പോഴും ഉള്ളിൽ അകാരണമായൊരു വിങ്ങൽ! ഒരുപക്ഷേ, ചുറ്റും ഒഴിഞ്ഞു കിടന്ന സീറ്റുകൾ കണ്ടിട്ടാവാം; അതുമല്ലെങ്കിലൊരുപക്ഷേ, ഇത്ര നല്ലൊരു സിനിമ കാണാൻ അധികമാളുകൾക്ക് ഭാഗ്യം ലഭിക്കുന്നില്ലല്ലോ എന്നോർത്തുള്ള സങ്കടവുമാകാം…
പൂമരത്തിലൂടെയുള്ള താങ്കളുടെ ‘നിതാ പിള്ള’ എന്ന കണ്ടെത്തൽ ഒട്ടും തെറ്റായിരുന്നില്ല എന്ന് ഈ ചിത്രം അടിവരയിട്ടു പറയുന്നു. നായകനെയും വില്ലനെയും പുതുമുഖങ്ങളാക്കാനുള്ള താങ്കളുടെ മനോധൈര്യം അപാരം തന്നെ! അവർ പുതുമുഖങ്ങളാണെന്നു അവസാനം എഴുതി കാണിച്ചപ്പോഴാണ് മനസ്സിലായതെന്നത് താങ്കളുടെ ബ്രില്യൻസ്! അത്രമേൽ തന്മയത്വത്തോടെ ഓരോരുത്തരും തങ്ങളുടെ വേഷങ്ങൾ പകർന്നാടിയിരിക്കുന്നു… ഇങ്ങനെയൊരു പ്രമേയം മലയാള സിനിമയിൽ അവതരിപ്പിച്ചതിന് ഒരു ബിഗ് സല്യൂട്ട്! (ഇനിയുള്ളതൊക്കെയും തുടർച്ചകളോ ആവർത്തനങ്ങളോ മാത്രമാണല്ലോ.) കൃത്രിമത്വമില്ലാത്ത സീനുകളാണ് എബ്രിഡ്, താങ്കളെ നല്ലൊരു സംവിധായകനും എഴുത്തുകാരനുമാക്കുന്നത്; താങ്കളുടെ പേര് മാത്രം കണ്ട് ഞങ്ങളെ തിയേറ്ററുകൾ മാടിവിളിക്കുന്നത്..! ക്ളൈമാക്‌സ് ട്വിസ്റ്റുകൾക്കായി പ്രേക്ഷകനെ മുഷിച്ചിലോടെ കാത്തിരിപ്പിക്കുന്ന സ്ഥിരം സിനിമാ ശൈലികളിൽ നിന്ന് താങ്കൾ മാറ്റിയൊഴുക്കുന്ന മഷിയാണ് ഞങ്ങൾ നിങ്ങളിലർപ്പിച്ചിരിക്കുന്ന വിശ്വാസം. അത് ഈ തവണയും തെറ്റിയില്ല. ‘കുങ്ഫു മാസ്റ്റർ’ എന്ന ഈ സിനിമയെക്കുറിച്ച് എന്ത് പറയാനാണ്? അത്രമേൽ മനോഹരമായൊരു ദൃശ്യവിസ്മയമെന്നോ, അതോ ഹിമാലയൻ സൗന്ദര്യം വരച്ചുവച്ച സുന്ദരമായൊരു ക്യാൻവാസ് എന്നോ, അതുമല്ല, ത്രസിപ്പിക്കുന്നൊരു ആക്ഷൻ സിനിമയെന്നോ? സംവിധായകനും അഭിനേതാക്കളുമെല്ലാം ഒരേ മനസ്സോടെ മത്സരിച്ചു ചെയ്ത ഈ സിനിമക്ക് മാർക്കിടാൻ എന്റെ കൈയിലുള്ള അളവുകോലുകൾക്കാവുന്നില്ല, മാപ്പ്…
Leave a Reply