ഏബ്രഹാം കുര്യൻ

ദേശീയ സെൻസസ് ദിനമായ മാർച്ച് 21 നു മുൻപ് നിയമപരമായി സമർപ്പിക്കേണ്ട യുകെ സെൻസസ് ഫോം എല്ലാ മലയാളികളും പൂരിപ്പിച്ചു നൽകണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ എല്ലാ യു കെ മലയാളികളോടും അഭ്യർത്ഥിക്കുന്നു. പ്രധാന ഭാഷ ഏതാണ് എന്നുള്ള ചോദ്യത്തിന് മലയാളം എന്ന് മറക്കാതെ രേഖപ്പെടുത്തുക. മലയാളം സംസാരിക്കുന്ന എത്രയധികം ആളുകൾ യുകെയിലുണ്ട് എന്ന് അധികൃതർ മനസിലാക്കുന്നതിന് ഇതുമൂലം സാധിക്കുന്നതാണ്. വിദ്യാഭ്യാസ മേഖലയിലും സർക്കാർ തലങ്ങളിലുമെല്ലാം മലയാളഭാഷയ്ക്കും മലയാളികൾക്കും ഗുണകരമായ പരിഗണന ലഭിക്കുവാൻ ഇത് ഉപകരിക്കുന്നതാണ് . ഇംഗ്ലീഷ് നന്നായി സംസാരിക്കുവാൻ സാധിക്കുമെന്ന് ബോധ്യപ്പെടുത്താനുള്ള കോളവും സെൻസസ് ഫോമിൽ ഉള്ളതുകൊണ്ട് പ്രധാന ഭാഷ മലയാളമെന്ന് എഴുതുന്നതുകൊണ്ട് മലയാളികളായ കുടുംബാംഗങ്ങളെ ഒരു തരത്തിലും അത് ബാധിക്കുകയുമില്ല. നിങ്ങൾ ഏത് രാജ്യക്കാരനാണ് എന്നും ഏതു മതവിശ്വാസിയാണ് എന്നും വ്യക്തമാക്കുന്നതോടൊപ്പം സംസാരിക്കുന്ന പ്രധാന ഭാഷ മലയാളം എന്നു കൂടി വ്യക്തമായി രേഖപ്പെടുത്തുക.

‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ കേരള ഗവൺമെൻറ് മലയാളം മിഷന്റെ മുദ്രാവാക്യമാണിത് . മലയാളത്തിന്റെ മഹിമയും സംസ്കാരവും ലോകത്തെല്ലാം എത്തിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്ന് മലയാളം മിഷൻ കരുതുന്നു. മലയാളികളുടെ മാതൃഭാഷയായ മലയാളം സംസാരിക്കുന്നവരുടെ എണ്ണം യുകെ ഗവൺമെൻറ് അധികാരികളിൽ എത്തുമ്പോൾ സർക്കാർ തീരുമാനങ്ങളെ സ്വാധീനിക്കുവാനും സർക്കാർ തലങ്ങളിൽ നിന്നുമുള്ള പൊതുവായ പല സന്ദേശങ്ങളും മറ്റു പ്രാദേശിക ഭാഷകളിൽ അറിയിക്കുന്നതുപോലെ മലയാളഭാഷയിലും ലഭ്യമാക്കുവാനും ഇടയാകുന്നതാണ് .

യുകെ സെൻസസ് ഫോം പൂരിപ്പിച്ച് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചും, പ്രധാന ഭാഷ മലയാളം ആയി തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, യു കെയിലെ മലയാളി സമൂഹത്തെ അറിയിക്കുന്നതിനുവേണ്ടി മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വീഡിയോയും മലയാളി സമൂഹത്തിനിടയിൽ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

വീഡിയോ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

https://fb.watch/4gwyoNyBWM/

എല്ലാ കുടുംബങ്ങളിലും ഇതിനോടകം സെൻസസ് ഫോം പൂരിപ്പിച്ചു നൽകുന്നതിനാവശ്യമായ അക്സസ് കോഡും മറ്റു വിശദാംശങ്ങളും അടങ്ങിയ കത്ത് ലഭിച്ചു കഴിഞ്ഞിട്ടുണ്ട് . ആർക്കെങ്കിലും സെൻസസ് ഫോം പൂരിപ്പിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചിട്ടില്ലായെങ്കിൽ www.census.gov.uk എന്ന വെബ്സൈറ്റ് സന്ദർശിച്ച് സെൻസസ് ഫോം പൂരിപ്പിച്ചു നൽകാവുന്നതുമാണ്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് സെൻസസ് ആക്ട് അനുസരിച്ച് യുകെ സെൻസസിൽ നിയമാനുസൃതമായി എല്ലാവരും പങ്കെടുക്കേണ്ടതിനാൽ ആരെങ്കിലും ഇതിൽ അലംഭാവം കാണിച്ചാൽ 1000 പൗണ്ട് വരെ പിഴ നൽകേണ്ടി വരുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തുന്നു.

പത്തു വർഷങ്ങളിൽ ഒരിക്കൽ മാത്രം ബ്രിട്ടനിൽ ജീവിക്കുന്നവരുടെ പൊതുവായ വിവരങ്ങൾ ശേഖരിക്കുവാനായി നടത്തുന്ന സെൻസസിൽ എല്ലാ മലയാളികളും പങ്കെടുക്കണമെന്നും പ്രധാന ഭാഷ മലയാളം എന്ന് രേഖപ്പെടുത്തി ദേശീയ സെൻസസ് ദിനമായ മാർച്ച് 21 ന് മുൻപായി യുകെ സെൻസസ് ഫോം പൂരിപ്പിച്ച് നൽകണമെന്നും മലയാളത്തിനും മലയാളികൾക്കും പ്രാധാന്യം ലഭിക്കുന്ന ഈ ഉദ്യമത്തിൽ എല്ലാ മലയാളികളും പങ്കാളികളാവണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

യുകെ സെൻസസ് 2021ൽ പങ്കെടുക്കുന്നതിനെക്കുറിച്ചും പ്രധാന ഭാഷ
മലയാളമെന്ന് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും യുകെ മലയാളി സമൂഹത്തിനെ ബോധവൽക്കരിക്കുന്നതിനായി മലയാളികളായ യുകെയിലെ കൗൺസിലർമാരും സംഘടനാ പ്രതിനിധികളും മാധ്യമങ്ങളും മലയാളത്തെ സ്നേഹിക്കുന്ന മുഴുവൻ ആളുകളും നടത്തുന്ന പരിശ്രമങ്ങൾക്ക് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തകസമിതിയുടെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.