ചെന്നൈ: നടി ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് ഇന്ന് രാവിലെ അവരെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് എഐസിസി പുറത്തുവിട്ടത്. ഇതിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഖുശ്ബു നല്‍കിയ രാജിക്കത്തും പുറത്തുവന്നു.

പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രാദേശിക ഘടകങ്ങളുമായി ബന്ധമില്ലാത്ത ചിലരുടെ ഇടപെടല്‍ മൂലമാണ് ഈ സാഹചര്യമുണ്ടായതെന്നും അവര്‍ രാജിക്കത്തില്‍ പറയുന്നു.

നിലവില്‍ ഡല്‍ഹിയിലുള്ള ഖുശ്ബു ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്നാകും ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയെന്നാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്തിടെയായി കോണ്‍ഗ്രസ് തമിഴ് നാട് ഘടകവുമായി അവര്‍ അകന്ന് കഴിയുകയായിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സംബന്ധിച്ചും ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്റെ പുതിയ നീക്കം.

കഴിഞ്ഞ ദിവസം പാര്‍ട്ടി വിടുന്ന കാര്യം സൂചിപ്പിച്ച് ഒരു ട്വീറ്റ് ചെയ്തിരുന്നു. പലരും എന്നില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. ധാരണകള്‍ മാറുകയാണ്. ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും പുതിയ രൂപം എടുക്കുകയാണ്. മാറ്റം അനിവാര്യമാണെന്നും ഖുശ്ബു ട്വീറ്റില്‍ കുറിച്ചിരുന്നു.