സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി. ജനം ടിവിയാണ് ഈ വാര്‍ത്ത ബ്രേയ്ക്കിങ് ന്യൂസായി പുറത്തുവിട്ടത്. സിനിമയില്‍ നായികാവേഷം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന കാര്യം. അതേസമയം ഈ വിഷയം പരാതിയായി പൊലീസിന് മുമ്പില്‍ എത്തിയിട്ടില്ലെന്നും ഒതുക്കി തീര്‍ത്തുവെന്നുമാണ് പുറത്തു വരുന്ന വിവരം. ഒരു വര്‍ഷം മുമ്പ് നടി നല്‍കിയ വക്കീല്‍ നോട്ടീസിലെ വിവരങ്ങളാണ് ജനം ടിവി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായിക വേഷം വാഗ്ദ്ധാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും ലൈംഗികചൂഷണം നടന്നുവെന്ന് യുവനടി വ്യക്തമാക്കുന്നു. നായിക വേഷം വാഗ്ദ്ധാനം ചെയ്ത് ഫ്‌ളാറ്റില്‍ വച്ച് പീഡനം നടന്നുവെന്നാണ് നടിയുടെ പരാതി. കമല്‍ വിശ്വാസ വഞ്ചന കാട്ടിയെന്നും ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്നും നടി ആരോപിക്കുന്നു. ഔദ്യോഗിക വസതിയില്‍ വച്ച് പീഡനം നടന്നതായും യുവതി വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.
ജനം ടിവി നല്‍കിയ വാര്‍ത്ത..
സംവിധായകന്‍ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി ; പീഡനം നായികാ വേഷം വാഗ്ദാനം ചെയ്ത്
കൊച്ചി : സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി മോഡലായ യുവനടി. കമല്‍ സംവിധാനം നിര്‍വഹിച്ച’പ്രണയമീനുകളുടെ കടല്‍’ എന്ന ചലച്ചിത്രത്തില്‍ നായികാവേഷം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയില്‍ വെച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കൊച്ചിയിലെ അഭിഭാഷകന്‍ മുഖേനയയച്ച നോട്ടീസിലെ ആരോപണം. ചലച്ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം വിശ്വാസവഞ്ചന കാട്ടിയതായും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
ഇടപ്പള്ളിയിലെ സ്‌കൈലൈന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് 2018 ഡിസംബര്‍ 26 നാണ് കമലിന്റെ ആവശ്യപ്രകാരം യുവനടി ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പിന്നീട് നടിയോട് ഫോട്ടോഗ്രാഫുകള്‍ വാട്‌സാപ്പ് വഴി അയച്ചു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സ്ഥിരം സന്ദേശങ്ങള്‍ അയയ്ക്കുകയും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്എഫ്എസ് സിറ്റിസ്‌കേപ്‌സ് എന്ന അപാര്‍ട്ട്‌മെന്റിലേക്ക് സിനിമയിലെ വേഷത്തെക്കുറിച്ചുള്ള വിശദ ചര്‍ച്ചയ്‌ക്കെന്ന വ്യാജേന വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ വാഗ്ദാനം ചെയ്ത നായികാ വേഷത്തില്‍ നിന്നും മാറ്റുമെന്നായിരുന്നു കമലിന്റെ ഭീഷണി. തുടര്‍ന്നും ലൈംഗിക തൃഷ്ണ അറിയിച്ച് കമല്‍ സന്ദേശങ്ങളയച്ചെങ്കിലും യുവനടി വഴങ്ങിയില്ല.
എന്നാല്‍ ജനുവരി 25ന് ചിത്രീകരണം ആരംഭിച്ചപ്പോള്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ നിര്‍ത്തി. തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട നായികാ പദവിയില്‍ കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് തന്നെ മറ്റൊരാളെ നിശ്ചയിച്ചിരുന്നതായി ചിത്രീകരണം പൂര്‍ത്തിയായ ശേഷമാണ് യുവനടി അറിഞ്ഞത്. പിന്നീടുള്ള അന്വേഷണത്തില്‍ കമല്‍, ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്ന് മനസ്സിലായതായി വക്കീല്‍ നോട്ടീസില്‍ പറയുന്നു. ‘ആമി’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കമല്‍ രണ്ട് യുവനടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സ്വാധീനമുപയോഗിച്ച് അവരുടെ പരാതികള്‍ ഒതുക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായും നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
അവസരം തേടിയെത്തുന്ന യുവനടികളെ സ്ഥിരമായി ലൈംഗികചൂഷണം ചെയ്യുന്നയാളാണ് കമലെന്ന് തന്റെ വാദിക്ക് ബോധ്യപ്പെട്ടതായും അഭിഭാഷകന്‍ 2019 ഏപ്രില്‍ 26ന് അയച്ച നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ബലാത്സംഗവും വിശ്വാസവഞ്ചനയും നടത്തിയ കമല്‍ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളില്‍ മാപ്പ് പറയണമെന്നും പെണ്‍കുട്ടിക്കേറ്റ മാനഹാനിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഇതിനകം ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് കമലിനെതിരെയുള്ള വക്കീല്‍ നോട്ടീസിലെ ഉള്ളടക്കം.
Leave a Reply