ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- കഴിഞ്ഞ ദിവസങ്ങളിലായി യു കെ യുടെ ഭൂരിഭാഗങ്ങളിലും അനുഭവപ്പെട്ടു വന്നിരുന്ന ഉഷ്ണ തരംഗം, ശക്തമായ ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റും, മഴയോടും കൂടി അവസാനിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കാലാവസ്ഥാ വിഭാഗം. സ്കോട്ട്ലൻഡിലും നോർത്തേൺ അയർലണ്ടിലും ഞായറാഴ്ച കുറഞ്ഞ താപനിലയും, ചെറിയ തോതിലുള്ള മഴയുമാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിന്റെ മറ്റു ഭാഗങ്ങളിലും, വെയിൽസിലും തിങ്കളാഴ്ചയോടുകൂടി മഴയുണ്ടാകും എന്നാണ് കാലാവസ്ഥ വിഭാഗം പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായിരിക്കുന്ന കടുത്ത വരൾച്ച നീങ്ങുവാൻ ശക്തമായ മഴ ആവശ്യം വരുമെന്നാണ് വിദഗ്ധർ കഴിഞ്ഞ വെള്ളിയാഴ്ച വ്യക്തമാക്കിയത്. ഭൂമി ഉണങ്ങി വരണ്ടു കിടക്കുന്നതിനാൽ ലഭിക്കുന്ന മഴ, കോൺക്രീറ്റിൽ പതിക്കുന്നതുപോലെ , ഭൂമി വലിച്ചെടുക്കാതെ ഒഴുകി പോകാനുള്ള സാധ്യതയാണ് ഉള്ളത്. അതിനാൽ തന്നെ ചിലപ്പോൾ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ലെന്ന് കാലാവസ്ഥാ വിഭാഗം അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇംഗ്ലണ്ടിലും വെയിൽസിലും ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പ് നൽകി കഴിഞ്ഞിരുന്നു. എന്നാൽ ജൂലൈ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായ 40 ഡിഗ്രി സെൽഷ്യസിൽ ഇത്തവണ എത്തിയിരുന്നില്ല എന്നത് ആശ്വാസകരമാണ്. എന്നിരുന്നാൽ തന്നെയും കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത ചൂടാണ് ഇംഗ്ലണ്ടിൽ ഉടനീളം അനുഭവപ്പെട്ടിരുന്നത്. ഞായറാഴ്ച സറെയിലെ ചാൾവുഡിൽ താപനില 34.1 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. എന്നാൽ അതേസമയം എഡിൻബറോയിൽ കനത്ത മഴയും ഇടിമിന്നലും ആണ് ഉണ്ടായിരുന്നത്.
നിലവിൽ ഇതുവരെ അന്തരീക്ഷത്തിൽ ഉയർന്ന മർദ്ദമാണ് രേഖപ്പെടുത്തിയിരുന്നതെന്നും, എന്നാൽ നിലവിൽ അത് കുറഞ്ഞ മർദ്ദം ആയിരിക്കുന്നതിനാൽ, വായു കൂടുതൽ അസ്തിരമായ അവസ്ഥയിലാണ് ഉള്ളതെന്ന് മെറ്റ് ഓഫീസിലെ കാലാവസ്ഥ നിരീക്ഷകനായ ഡാൻ സ്ട്രോഡ് വ്യക്തമാക്കി. എന്നാൽ ഗ്രൗണ്ട് ടെമ്പറേച്ചറുകൾ കൂടുതലായതിനാൽ, വായുവിനെ അസ്ഥിരത മൂലം പെട്ടെന്ന് മഴയുണ്ടാകാനുള്ള സാധ്യതയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ ഉയർന്ന താപനില നിരവധി ആളുകളെ ബീച്ചുകളിലേക്ക് ആകർഷിച്ചു. ശനിയാഴ്ച സ്കെഗ്നെസിൽ കടലിൽ വെച്ചുണ്ടായ അപകടത്തിൽ ഒരു കൗമാരക്കാരൻ മരണപ്പെട്ടതായി ലിങ്കൺഷെയർ പോലീസ് സ്ഥിരീകരിച്ചു. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് അധികൃതർ പൊതുവേ നൽകുന്നത്.
Leave a Reply