വിഷുവിന് പൂക്കാതിരിക്കാനാവാത്ത കണിക്കൊന്നയെപ്പോലെയാണ് ചിലപ്പോൾ പേനയും – ചില സിനിമകൾ കണ്ടാൽ അതേപ്പറ്റി എഴുതാതിരിക്കാനാവില്ല..! അത്തരമൊരു സിനിമയാണ് ‘ഫൈനൽസ്’. ചിത്രം അനൗൺസ് ചെയ്തപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടതാണ് ഇത് കാണണം എന്ന്; കാരണം രജിഷ വിജയൻ എന്ന ‘ഉറപ്പ്’ തന്നെ… തിയേറ്ററിൽ പൊതുവേ ആളു കുറവായപ്പോൾ തന്നെ തീർച്ചയായി, ചിത്രം വളരെ നല്ലതായിരിക്കുമെന്ന്! (അല്ല, അതാണല്ലോ പൊതുവേയുള്ള ഒരു രീതി; പിന്നീട് അഭിപ്രായങ്ങളൊക്കെ വന്ന ശേഷമേ മിക്ക നല്ല പടങ്ങളും വിജയിച്ചിട്ടുള്ളൂ…) ഈ റിവ്യൂ മുഴുവൻ വായിക്കാൻ മടിയുള്ളവർക്കു വേണ്ടി ആദ്യം തന്നെ പറയാം, നിങ്ങൾ ഈ സിനിമ കണ്ടില്ലെങ്കിൽ അതൊരു തീരാ നഷ്ടമായിരിക്കും, തീർച്ച…

ഇനി, തുടർന്നു വായിക്കാൻ താൽപര്യമുള്ളവർക്കു വേണ്ടി:
രജിഷയുടെ സിനിമയെന്നു പറഞ്ഞു ടിക്കറ്റെടുക്കുന്നവരെക്കൊണ്ട് സുരാജ് വെഞ്ഞാറമൂടിന്റെ സിനിമയെന്നു മാറ്റിപ്പറയിക്കുന്ന ഒരു സിനിമ – അതാണ് ‘ഫൈനൽസ്’… ടിനി ടോമിന്റെ ഒരു കരിയർ ബെസ്റ്റ് എന്നു പറയാവുന്ന സിനിമ; നിരഞ്ജ് മണിയൻ പിള്ള രാജു എന്ന പയ്യൻ മലയാള സിനിമക്ക് ഒരു വാഗ്ദാനമാണെന്നു വെളിവാക്കുന്ന സിനിമ; ശ്വാസമടക്കിപ്പിടിച്ചിരുന്നു കാണേണ്ടുന്ന ഒരു സ്പോർട്സ് സിനിമ – ഇതൊക്കെയാണ് ഫൈനൽസ്..! ഒരു വ്യക്തിയെ, അതിലൂടെ ഒരു സമൂഹത്തെ, സ്വപ്നങ്ങളെ, ഒക്കെയും രാഷ്ട്രീയ താൽപര്യങ്ങളും മാധ്യമ മുൻവിധികളും എത്രത്തോളം സ്വാധീനിക്കുന്നു എന്ന് അക്കമിട്ടു നിരത്തുന്ന ഈ സിനിമ ചെയ്യാൻ ധൈര്യം കാണിച്ച സംവിധായകനും നിർമ്മാതാക്കൾക്കുമിരിക്കട്ടെ ആദ്യ കൈയടി…
നമ്മുടെ രാഷ്ട്രീയ – സാമൂഹിക – മാധ്യമ വ്യവസ്ഥിതികളോടുള്ള രോഷ പ്രകടനമാണ് ‘ഫൈനൽസ്’ എന്നും വേണമെങ്കിൽ പറയാം…

സംഭാഷണങ്ങളെക്കാളേറെ, മൗനമാണ് ഈ ചിത്രത്തിൽ സ്‌കോർ ചെയ്തിരിക്കുന്നത്!
‘ഇന്റർവെൽ’ എന്ന് സ്ക്രീനിൽ തെളിയുമ്പോൾ പ്രേക്ഷകർ വാച്ചിൽ നോക്കി ‘ഇത്ര പെട്ടെന്നോ’ എന്നൊരു ചോദ്യം ചോദിക്കും, ഉറപ്പ്. രണ്ടാം പകുതിയിൽ തുടക്കം കുറച്ചു ‘വലിച്ചിഴച്ചു’ എന്ന് പറയാതെ വയ്യ. സെന്റിമെൻസ് വർകൗട് ആകണമെങ്കിൽ വലിച്ചു നീട്ടണം എന്ന സംവിധായകന്റെ മിഥ്യാ ധാരണയാവാം ഒരുപക്ഷേ അങ്ങനെയൊന്നിന്‌ കാരണമായത്! ചില സ്ഥലങ്ങളിൽ പശ്ചാത്തല സംഗീതം അരോചകമായി തോന്നി… ക്യാമറാമാനും സംവിധായകനും തമ്മിലുള്ള ഒരു ആരോഗ്യകരമായ മത്സരം സിനിമയിലുടനീളം കാണാം. രണ്ടുപേരും വിജയിക്കുന്ന ഒരു മത്സരം! ഇടക്ക് തോന്നുന്ന ‘ലാഗ്’ ‘ആവിയായി’ പോകുന്ന ഒരു മാന്ത്രികതയാണ് ക്ളൈമാക്സിനപ്പുറം സ്ക്രീനിൽ തെളിയുന്ന ചില വാർത്താ ചിത്രങ്ങൾ…(അത് നിങ്ങൾ തിയേറ്ററിൽ കാണുക). രജിഷയെപ്പറ്റി ഒന്നും പറയാത്തത്, അങ്ങനെയൊരു പറച്ചിലിന്റെ ആവശ്യമുണ്ടെന്ന് തോന്നാത്തതുകൊണ്ടാണ് – അത്രമേൽ തന്മയത്വത്തോടെ തന്റെ കഥാപാത്രമായി രജിഷ മാറിയിരിക്കുന്നു… ആവർത്തിക്കുന്നു, താര രാജാക്കന്മാർ അരങ്ങു വാഴുന്നില്ല എന്ന ഒറ്റക്കാരണത്താൽ ‘ഫൈനൽസും’ ‘അത്ര പോരാ’ എന്ന പാഴ് വാക്കിലൊതുക്കി പരാജിത ചിത്രങ്ങളുടെ ‘ഹിറ്റ് ലിസ്റ്റിൽ’ എഴുതിച്ചേർക്കരുത്; ഇതൊരു അപേക്ഷയാണ്…

 

 

റോഷിൻ എ റഹ്‌മാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശി. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം, ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം. പാരലൽ കോളേജ് അധ്യാപകൻ. കവിത, സിനിമാ നിരൂപണം എന്നീ മേഖലകളിൽ സമൂഹമാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവം.