ലണ്ടൻ : ജൂലൈ മാസത്തോടെ ക്രിപ്റ്റോ കറൻസികൾക്കും, സ്റ്റേബിൾകോയിനുകൾക്കുമായി നിയമ നിർമ്മാണം നടപ്പിലാക്കികൊണ്ട് യുകെയിലെ ക്രിപ്‌റ്റോ മേഖലയെ നവീകരിക്കുമെന്ന് സാമ്പത്തിക സെക്രട്ടറി ബിം അഫോലാമിന്റെ വെളിപ്പെടുത്തൽ. ഡിജിറ്റൽ അസറ്റുകളിലും ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിലുമുള്ള നവീകരണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പേയ്‌മെൻ്റ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഡിജിറ്റൽ ആസ്തികൾക്കും, ബ്ലോക്ക്‌ചെയിനുകൾക്കും റെഗുലേറ്ററി വ്യക്തത നൽകുന്നതിനുമാണ് സർക്കാരിൻ്റെ മുൻഗണനയെന്ന് യുകെ ട്രഷറിയിലെ സാമ്പത്തിക സെക്രട്ടറി ബിം അഫോലാമി പറഞ്ഞു.
2024-ലെ ഇന്നൊവേറ്റിവ് ഫിനാൻസ് ഗ്ലോബൽ സമ്മിറ്റിൽ (IFGS) സംസാരിക്കവെ, രാജ്യത്തിൻ്റെ പേയ്‌മെൻ്റ് ലാൻഡ്‌സ്‌കേപ്പ് നവീകരിക്കുന്നതിന് അടിത്തറയിടണമെന്നും, ആഗോള തലത്തിൽ ക്രിപ്റ്റോ വ്യവസായത്തിൽ മത്സരാധിഷ്ഠിതമായി തുടരുന്നതിന് മറ്റ് രാജ്യങ്ങളെപ്പോലെ വേഗത്തിൽ ക്രിപ്‌റ്റോ കറൻസി നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യവും ബിം അഫോലാമി എടുത്തു പറഞ്ഞു.
ഈ മേഖലയിലെ മാറ്റത്തിനായി ഫിൻടെക്ക് ലോകത്തെ നേതാവെന്ന നിലയിൽ നമ്മൾ ക്രിപ്‌റ്റോ അസറ്റുകൾക്കും സ്റ്റേബിൾ കോയിനുകൾക്കുമായി ഒരു റെഗുലേറ്ററി ഭരണകൂടം തന്നെയാണ് അവതരിപ്പിക്കുന്നതെന്നും ഇതിലൂടെ ഉപഭോക്താക്കളെ സംരക്ഷിച്ചുകൊണ്ട് കമ്പനികളെ നവീകരിക്കുക എന്നതാണ് ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ വീക്ഷണമെന്നും അഫോലാമി വ്യക്തമാക്കി.
ഈ നിയമ നിർമ്മാണം നടപ്പിലായി കഴിഞ്ഞാൽ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിൽ നടക്കുന്ന ട്രേഡിങ്ങ് , ക്രിപ്റ്റോ കസ്റ്റഡി സർവീസ്സസ് മുതലായ എല്ലാ പ്രവർത്തനങ്ങളെയും ക്രിപ്റ്റോ കറൻസി റെഗുലേറ്ററിന്റെ പരിധിയിൽ കൊണ്ടുവരുവാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Leave a Reply