മലയാളംയുകെ ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ലണ്ടനിലെ ലെവിഷാമില്‍ താമസിച്ചിരുന്ന മലയാളിയായ ബൈജു (43),  ലെവിഷാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ വച്ച്   ബൈജുവിനെ മരണം കീഴ്‌പ്പെടുത്തിയപ്പോൾ ഒരു കുടുംബത്തെ മാത്രമല്ല യുകെ മലയാളികൾ മൊത്തത്തിൽ ആണ് ഞെട്ടിയത്. നോട്ടീസ് തരാതെ ഈ കൊച്ചുകുടുംബത്തിലേക്ക് മരണം കടന്നു വന്നപ്പോൾ വിറങ്ങലിച്ചു നിൽക്കുന്ന മൂന്ന് മനുഷ്യർ.. എട്ടും പൊട്ടും തിരിയാത്ത രണ്ട് പെൺകുഞ്ഞുങ്ങൾ… എന്ത് ചെയ്യണം എവിടെ തുടങ്ങണം എന്നറിയാതെ ഭർതൃവിയോഗത്തിൽ ദുഃഖം ഉള്ളിൽപ്പേറി കുട്ടികളെ സമാശ്വസിപ്പിക്കാൻ ശ്രമിച്ച് പലപ്പോഴും പരാജയപ്പെടുന്ന ഒരമ്മ… കിടക്കാൻ ഒരു സ്ഥലം ഇല്ലാതെ കഷ്ടപ്പെടുന്ന ഈ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ യുകെ മലയാളികളെ നിങ്ങൾ കൂട്ടുനിൽക്കണമേ എന്ന് അഭ്യർത്ഥിക്കാൻ ആണ് ഞങ്ങൾ ഇതെഴുതുന്നത്…

നാട്ടില്‍ കാര്യമായ സാമ്പത്തിക സ്ഥിതി ഒന്നും ഇല്ലാതിരിക്കെ സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയും ലോണ്‍ എടുത്തും നല്ലൊരു ജോലി കരുപ്പിടിപ്പിക്കാന്‍ യുകെയില്‍ എത്തിയെങ്കിലും നാളുകളായിട്ടും ഒന്നും ശരിയാവാതെ പോയ ഒരു കുടുംബത്തിന്റെ കരളലിയിക്കുന്ന ജീവിതാനുഭവമാണ് ഈ കുടുംബത്തിനുള്ളത്. ഭാഗ്യവും ദൈവാനുഗ്രഹവുംകൊണ്ട് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഏതാനും മാസം മുമ്പ് വിസ പുതുക്കാന്‍ കഴിഞ്ഞ ആശ്വാസത്തില്‍ കഴിയുമ്പോള്‍ ആണ് മരണം കള്ളനെപ്പോലെ ബൈജുവിനെ തേടി എത്തിയത്. ഒന്നര വര്‍ഷം കൂടി കഴിഞ്ഞാല്‍ പി ആര്‍ ലഭിക്കും എന്ന ആശ്വാസത്തിനിടയിലായിരുന്നു ദുരന്തം ഈ കുടുംബത്തെ വിഴുങ്ങിയത്. അതിനിടയില്‍ നിഷയുടെ നഴ്‌സിങ് ഹോമിന്റെ സ്‌പോണ്‍സര്‍ ലൈസന്‍സ് കൂടി റദ്ദാക്കി എന്ന അവസ്ഥ കുടുംബത്തെ കൂടുതൽ ദുരിതത്തിലാക്കി. മേടിച്ച കടങ്ങൾ കൊടുത്തുതീർക്കുന്നതിനൊപ്പം ബൈജുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകേണ്ടത് അതിനേക്കാള്‍ പ്രധാനം എന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.  ഈ അവസത്തിൽ ആണ് ഈ കുടുംബത്തെ സഹായിക്കാൻ നമ്മൾ സന്മനസ്സ് കാണിക്കേണ്ടത്..

ബൈജുവും നിഷയും താമസിച്ചിരുന്ന കാറ്റ്‌ഫോര്‍ഡിലെ വിശ്വാസ സമൂഹത്തിനു വേണ്ടി ഫാ: ഹാന്‍സ് പുതിയകുളങ്ങര സാമ്പത്തിക സഹായം തേടി പൊതു സമൂഹത്തോട് അഭ്യര്‍ത്ഥന നടത്തിയതിന് മികച്ച പ്രതികരണമാണ്. എന്നാലും യുകെയിലെ മലയാളികളുടെ മുഴുവന്‍ സഹായം ഉണ്ടെങ്കിലെ ഈ കുടുംബത്തിന്റെ നിത്യദുഖത്തിന് അല്പം എങ്കിലും ശമനം ഉണ്ടാകു എന്നുറപ്പാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള പണം എങ്കിലും നമുക്ക് കൊടുക്കണം. സമാന സാഹചര്യത്തില്‍ കൈ മറന്നു സഹായവുമായി കൂടെപ്പിറപ്പുകളെ പോലെ വേദന ഏറ്റെടുത്തിട്ടുള്ള യുകെ മലയാളികള്‍ നിഷയുടെ കണ്ണീരിനു മുന്‍പില്‍ സമാശ്വാസവുമായി എത്തും എന്ന് തന്നെയാണ് പ്രതീക്ഷ. ബൈജുവിന്റെ മൃതദേഹം ഇപ്പോഴും ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

മൂന്നു ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നതിനാല്‍ മറ്റു നടപടിക്രമങ്ങള്‍ ഒഴിവാക്കി മൃതദേഹം കൈമാറാന്‍ കൊറോണര്‍ നിര്‍ദേശം നല്‍കും എന്നാണ് പ്രതീക്ഷ. ഫ്യൂണറല്‍ സര്‍വീസ് ഏറ്റെടുത്താല്‍ രണ്ടാഴ്ചക്കകം മൃതദേഹം നാട്ടില്‍ എത്തിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ സംസ്‌ക്കാരം യുകെയില്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുകയും  എന്നാല്‍ നിഷയ്ക്ക് നിയമ തടസം ഇല്ലാതെ യുകെയില്‍ കഴിയാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ നിയമ വിദഗ്ധര്‍ക്ക് ഉറപ്പു നല്കാന്‍ കഴിയാതെ വരുകയും ചെയ്‌തതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ നീങ്ങുന്ന കുടുംബം മലയാളി സമൂഹത്തിന്റെ പിന്തുണയോടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. പലവട്ടം വര്‍ക് പെര്‍മിറ്റുകള്‍ മാറേണ്ടി വന്ന ബൈജുവിനും നിഷയ്ക്കും ഒരുപാട് സാമ്പത്തിക ബാധ്യതകൾ ഉണ്ട് എന്നിരിക്കെ ഒരു സഹായമായി, ആശ്വാസമായി,  നമുക്ക് ഈ കുടുംബത്തെ ഒന്ന് സഹായിക്കാം… ഒരു മനുഷ്യസ്നേഹി ആകാം.. വേദനയിൽ പങ്ക്‌ചേരാം..

ഒരു ചെറിയ സംഭവം… എന്താണ് മനുഷ്യസ്നേഹം എന്ന് മനസ്സിലാക്കുവാൻ  

ഖലീഫ ഉമറിന്റെ കാലത്ത് ഒരിക്കല്‍ ഒരു വിദേശ യുവാവ് മദീനയിലെത്തി. അവിടെ വെച്ച് ഒരാളുമായി തര്‍ക്കം ഉണ്ടാവുകയും അത് അബദ്ധവശാല്‍ സ്വദേശിയുടെ മരണത്തില്‍ കലാശിക്കുകയും ചെയ്തു. ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ച് കൊലയ്ക്കു വധശിക്ഷയാണ് ലഭിക്കുക . അല്ലെങ്കില്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ് നല്കുകയോ, വേണമെങ്കില്‍ പ്രതിയില്‍ നിന്നും വലിയൊരു തുക ബ്ലഡ് മണി സ്വീകരിക്കുകയോ ചെയ്യാം .

ഇവിടെ കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ടു മക്കളും ഒരു നിലയ്ക്കും
പ്രതിക്ക് മാപ്പ് നല്കാന്‍ ഒരുക്കമായില്ല. അതോടെ വധ ശിക്ഷ നടപ്പാക്കാന്‍ ജഡ്ജി ഉത്തരവിട്ടു. അവസാനമായി വല്ല ആഗ്രഹവുമുണ്ടോ
എന്ന് പ്രതിയോട് ചോദിച്ചപ്പോള്‍ തന്റെ ഭാര്യയെയും, കുഞ്ഞിനേയും
ഒന്ന് കണ്ട് യാത്ര പറഞ്ഞിട്ട് വരാന്‍ ഒരാഴ്ച സമയം നല്കണം
എന്നയാള്‍ പറഞ്ഞു. മദീനയിലെ ആരെങ്കിലും ജാമ്യം നിന്നാല്‍
അതനുവദിക്കാമെന്നു ജഡ്ജി പറഞ്ഞു. ആരും മുന്നോട്ടു വരാഞ്ഞത്
കണ്ടു നബി ശിഷ്യന്‍ അബൂദര്‍റ് മുന്നോട്ടു വന്നു. അദ്ദേഹം വൃദ്ധനായിരുന്നു.

അത് കണ്ടു ജഡ്ജി പറഞ്ഞു: ”അബൂദര്‍റ്, താങ്കള്‍ ഇന്ന് അവശേഷിക്കുന്ന നബി ശിഷ്യരില്‍ പ്രമുഖനാണ്. നബിയെ കാണാത്ത പുതുതലമുറയ്ക്ക് താങ്കളുടെ സേവനം ആവശ്യമാണ്. അതിനാല്‍ ഒന്ന് കൂടി ആലോചിക്കുക. ”  ”ആലോചിക്കാന്‍ ഒന്നുമില്ല, ഞാന്‍ പ്രതിയെ വിശ്വസിക്കുന്നു.” ” പ്രതി വന്നില്ലെങ്കില്‍ താങ്കളെ തൂക്കിലേറ്റേണ്ടി വരും എന്നറിയാമല്ലോ?” ”അറിയാം..

അബൂദര്‍റ് ശാന്തനായി മറുപടി പറഞ്ഞു: യുവാവ് തന്റെ
നാട്ടിലേയ്ക്ക് പോയി. ഒരാഴ്ചയായിട്ടും പ്രതിയെ കാണുന്നില്ല.
സമയം തീര്‍ന്നതും ഖലീഫ ഉമറിന്റെ സാന്നിധ്യത്തില്‍ വധശിക്ഷയ്ക്കായി അബൂദര്‍റിനെ തൂക്കുമരത്തില്‍ കയറ്റി നിര്‍ത്തി.
തന്റെ സഹ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ഖലീഫ ഉമര്‍
അശക്തനായിരുന്നു. തൂക്കുകയര്‍ അബൂദര്‍റിന്റെ കഴുത്തിലേയ്ക്കിട്ടതും
ആ വിദേശ യുവാവ് ഓടിക്കിതച്ചുവന്നു !

”അരുത്, അദ്ദേഹത്തെ കൊല്ലരുത്. ഞാന്‍ വന്നു”.. എല്ലാവരും സ്തബ്ധരായി. യുവാവ് കാര്യങ്ങള്‍ വിശദീകരിച്ചു: ”കുഞ്ഞിനു സുഖമില്ലായിരുന്നു. അതാണ് വൈകിയത്.”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഖലീഫ ഉമര്‍ അബൂദര്‍റിനോട് ചോദിച്ചു: ”എന്ത് ധൈര്യത്തിലാണ് താങ്കള്‍ ജാമ്യം നിന്നത് ? ഈ യുവാവ് വരുമെന്ന് ഉറപ്പുണ്ടായിരുന്നോ? ” ”അതെനിക്ക് പ്രശ്‌നമല്ല , ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍ വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു”.

യുവാവിനോട് ഖലീഫ ചോദിച്ചു:  ”താങ്കള്‍ ആരെന്നു പോലും ഇവിടെയാര്‍ക്കും അറിയില്ല, പിന്നെന്തിനു മരണം സ്വീകരിക്കാന്‍ തിരിച്ചു വന്നു?”

യുവാവ് പറഞ്ഞു: ” ഞാന്‍ ജീവിച്ചിരിക്കെ വിശ്വസിച്ച ആളെ വഞ്ചിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഞാനും ആഗ്രഹിച്ചു”.

ഇതെല്ലാം കണ്ടു കൊല്ലപ്പെട്ട വ്യക്തിയുടെ മക്കള്‍ പറഞ്ഞു: ” ഞങ്ങള്‍ പ്രതിക്ക് മാപ്പ് നല്കുന്നു, ഞങ്ങള്‍ ജീവിച്ചിരിക്കെ പരസ്പരം വിട്ടു വീഴ്ച ചെയ്യുന്നവര്‍ ഇല്ല എന്ന അവസ്ഥ വരരുത് എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു..”

മനുഷ്യ സ്‌നേഹത്തിന്റെ അണപൊട്ടലുകൾ കണ്ടു ജനങ്ങള്‍ ഒന്നടങ്കം കരയുകയുണ്ടായിരുന്നു. ഒന്നും സംഭവിക്കാത്ത പോലെ നടന്നു പോയ അബൂദര്‍റിന്റെ
മനസ്സില് അപ്പോള്‍ പണ്ട് നടന്ന ഒരു സംഭവമായിരുന്നു…

അബൂദര്‍റ് ഉള്‍പ്പെടെയുള്ള ഒരു സദസ്സില്‍ വെച്ചു അങ്ങകലെ
ഒരു ജൂതന്റെ ശവശരീരം കൊണ്ട് പോകുന്നത് കണ്ടു ആദരവോടെ
എഴുന്നേല്‍ക്കുന്നു മുഹമ്മദ് നബി. അത് കണ്ടു ചില ശിഷ്യര്‍ ചോദിച്ചു:
” നബിയേ അതൊരു ജൂതന്റെ ശവമല്ലെ ?” നബി തിരുമേനി മറുപടി നല്കുി: ”അതൊരു മനുഷ്യനാണ് ”

ഇതിൽ നമുക്ക് ഒരുപാടു സമാനതകൾ കണ്ടെത്താൻ സാധിക്കും… ആരും ഇല്ലാത്തവർക്ക് സഹായവുമായി കടന്നുവരുന്ന ഒരുവൻ… മറ്റുള്ളവരെ വിശ്വസിക്കുന്ന ഒരു മനുഷ്യൻ… സ്വന്തം കുഞ്ഞുങ്ങൾ… കുടുംബം… ജീവിത ബുദ്ധിമുട്ടുകൾ.. തന്നിൽ വിശ്വസിച്ചവനെ വഞ്ചിക്കാതെ മരണത്തെ പുൽകാൻ എത്തിയ യുവാവ്… നല്ല പ്രവർത്തികൾ കണ്ട് എല്ലാം പൊറുക്കുന്ന മനുഷ്യസ്നേഹം..   മരിച്ചുപോയ മനുഷ്യനോടുള്ള ആദരവ്… പ്രിയ യുകെ മലയാളികളെ നമ്മുടെ നല്ല പ്രവർത്തികൾ മാത്രമാണ് നമ്മോടൊപ്പം കൂടെവരിക… അല്ലെങ്കിൽ നമ്മുടെ സുഹൃത്തുകളിലും ബന്ധുക്കളിലും നമ്മെ ഓർമ്മപ്പെടുത്തുന്നത് എന്ന് തിരിച്ചറിയുക… നമ്മളുടെ ഒരു ചെറിയ സഹായം പോലും ഈ കുടുംബത്തിന് ഒരു ജീവവായു ആണ് എന്നത് വിസ്മരിക്കാതെയിരിക്കുക.. എന്റെ ഈ ചെറിയ സഹോദരരിൽ ഒരുവനെ സഹായിച്ചപ്പോൾ നിങ്ങൾ എന്നെത്തന്നെയാണ് സഹായിച്ചത് എന്ന യേശുക്രിസ്തുവിന്റെ വാക്കുകളെ നമുക്ക് ഓർക്കാം.. അതനുസരിച്ചു പ്രവർത്തിക്കാം..

ഫാ: ഹാന്‍സ് പുതിയകുളങ്ങര സാമ്പത്തിക സഹായം തേടി പൊതു സമൂഹത്തോട് നടത്തിയ അഭ്യര്‍ത്ഥന

ഫെബ്രുവരി 14ന് ല്യൂവിഷാം യൂണിവേര്‍ഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ച് മരിച്ച ബൈജുവിന്റെ കുടുംബത്തെ സഹായിക്കാന്‍ നമുക്ക് കൈകോര്‍ക്കാം. യുകെയില്‍ പെര്‍മ്മനന്റ് റസിഡന്റ് ആകാന്‍ വെറും 18 മാസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് ഈ കുടുംബത്തെ ഒറ്റയ്ക്കാക്കി നിത്യതയുടെ ലോകത്തേയ്ക്ക് ബൈജു യാത്രയായത്. ഏറ്റവും വേദനാജനകമായ ഈ വേളയില്‍ നിഷ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ ലൈസന്‍സ് കൂടി നഷ്ടമായിരിക്കുന്നു. വിസ പുതുക്കിയിട്ട് മാസങ്ങള്‍ തികയും മുന്‍പേയാണ് ഈ ദുര്യോഗം. നിഷയ്ക്കും കുടുംബത്തിനും വിസാ പുതുക്കാന്‍ 9000 ത്തോളം പൗണ്ട് ഫീസിനത്തില്‍ നല്‍കേണ്ടതായി വന്നു. പലരില്‍ നിന്നും കടംവാങ്ങിയാണ് ഈ തുക നല്‍കിയത്. കൂടാതെ മുന്‍പ് നിലനിന്നിരുന്ന മറ്റ് കടങ്ങളും. നിഷയും കുടുംബവും ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മൃതശരീരം നാട്ടില്‍ കൊണ്ടുപോകുന്നതിനും മറ്റുമായുള്ള വലിയ ചിലവുകള്‍ എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് ഈ കൊച്ചു കുടുംബം. നിഷയും രണ്ട് കുഞ്ഞുമക്കളും ഇപ്പോള്‍ വാടക വീട് വിട്ട് ഒരു സുഹൃത്തിന്റെ വീട്ടിലാണ് തല്‍ക്കാലം കഴിയുന്നത്.

ഈ കുടുംബത്തെ സഹായിക്കാന്‍ നിങ്ങള്‍ക്കാകില്ലേ? ഈ സാഹചര്യത്തില്‍  യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് സുമനസ്‌ക്കരുടെ കൂടെ കൈകോര്‍ത്ത് കൊണ്ട് നിങ്ങള്‍ക്ക് മുന്‍പില്‍ അഭ്യര്‍ത്ഥിക്കുകയാണ്, നിങ്ങളാല്‍ കഴിയുന്ന സഹായം ഈ കുടുംബത്തിനു നല്‍കണമെന്ന് താഴ്മയായ് അപേക്ഷിക്കുന്നു. നമ്മള്‍ നല്‍കുന്ന ഏറ്റവും ചെറിയ സഹായം പോലും ഈ കുടുംബത്തിനു വലിയ താങ്ങാകും.

നിഷയുടെ ബാങ്ക് അക്കൗണ്ട് നമ്പരും സോര്‍ട്ട് കോഡും താഴെ കൊടുത്തിരിക്കുന്നു
Mrs Nisha John
Sort code 40-18-41
Ac. No. 42817802