ഉടൻ തിരിച്ചുവരാൻ ഉദ്ദേശ്യമില്ലാതെ വിവിധ കോഴ്‌സുകൾ പഠിക്കാൻ വിദേശ രാജ്യങ്ങളിൽ പോയി താമസിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ എൻആർഐ അഥവാ പ്രവാസി ഇന്ത്യക്കാർ ആയി പരിഗണിക്കുന്നത് . വിദേശ നാണയ വിനിമയ ചട്ടങ്ങൾക്കനുസൃതമായി റിസർവ് ബാങ്കും ആദായ നികുതി നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരുമാണ് പ്രവാസി ഇന്ത്യക്കാരെ സംബന്ധിച്ച നിർവചനങ്ങളും നിയമങ്ങളും നിബന്ധനകളും പുറപ്പെടുവിക്കുന്നത്. പൊതുവെ പറഞ്ഞാൽ ഒരു വർഷം ഏപ്രിൽ മുതൽ തൊട്ടടുത്ത വർഷം മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ തുടർച്ചയായോ ഇടവിട്ടോ 182 ദിവസത്തിൽ കുറവായി ഇന്ത്യയിൽ താമസിച്ചിരുന്നവരെയാണ് തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ പ്രവാസി ഇന്ത്യക്കാരനായി കണക്കാക്കുക.
∙ വിദേശ നാണയ പരിധി
അപേക്ഷ സമർപ്പിക്കുമ്പോഴും അഡ്മിഷൻ കിട്ടി പഠനം തുടരുമ്പോഴും ഫീസായും ചെലവിനായും ഉള്ള പണം ഇന്ത്യയിൽനിന്ന് വിദേശത്തുള്ള അക്കൗണ്ടുകളിലേക്ക് അയയ്ക്കാവുന്നതാണ്. ഒരു സാമ്പത്തിക വർഷത്തിൽ യുഎസ് ഡോളർ 2,50,000 വരെ ഇത്തരത്തിൽ അയയ്ക്കുന്നതിന് മുൻകൂട്ടി അനുവാദം വാങ്ങേണ്ടതില്ല. വിദേശ നാണയ വിനിമയത്തിന് അധികാരപ്പെടുത്തിയിട്ടുള്ള ബാങ്കുകൾ ഉൾപ്പെടെയുള്ള ഓഥറൈസ്ഡ് ഡീലർമാർ മുഖേന വിദേശ കറൻസി വാങ്ങാവുന്നതും അയയ്ക്കാവുന്നതുമാണ്. എത്ര തവണ പണം അയയ്ക്കുന്നതിനും അനുവാദമുണ്ട്. ഉയർന്ന തുക ആവശ്യമുള്ളവർ പഠനച്ചെലവിന്റെ എസ്റ്റിമേറ്റ് സംബന്ധിച്ച് പഠിക്കുന്ന യൂണിവേഴ്‌സിറ്റിയുടെയോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ ആധികാരിക രേഖകൾ ആവശ്യമാണ്. പഠനശേഷം ഇന്ത്യയിൽ എത്തിയാൽ ബാക്കിയുള്ള വിദേശ നാണയം ഇന്ത്യൻ രൂപയായി പരിവർത്തനപ്പെടുത്തേണ്ടതുണ്ടെങ്കിലും 2000 യുഎസ് ഡോളറിനു തുല്യമായ വിദേശ കറൻസി സൂക്ഷിക്കാവുന്നതാണ്.
∙പണം അയയ്ക്കുന്ന മാർഗങ്ങൾ
അത്യാവശ്യ ചെലവുകൾക്കായി 5000 യുഎസ് ഡോളർ വരെ കറൻസിയായോ ട്രാവലേഴ്‌സ് ചെക്കായോ കൈയിൽ കൊണ്ടുപോകാം. അംഗീകൃത വിദേശ നാണയ ഡീലർമാരിൽനിന്ന് അപ്പപ്പോഴത്തെ ഔദ്യോഗിക നിരക്കിൽ ഇന്ത്യൻ രൂപ നൽകി വിദേശ കറൻസികൾ വാങ്ങാം. 50,000 രൂപയ്ക്കു മുകളിൽ ചെക്കായോ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫറായോ മാത്രമേ നൽകാൻ പാടുള്ളൂ. വിദേശത്തുള്ള ധനകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ടുകൾ തുറക്കുന്നതിനും രാജ്യാന്തര ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും വാങ്ങി ഉപയോഗിക്കാനുമാകും. വിദ്യാർത്ഥികളുടെ പേരിൽ ഇന്ത്യയിൽനിന്ന് പ്രീപെയ്ഡ് ഫോറെക്‌സ് കാർഡുകൾ വാങ്ങി വിദേശത്ത് ഉപയോഗിക്കാം. ആവശ്യമുള്ളപ്പോൾ ഇന്ത്യയിൽനിന്ന് രക്ഷകർത്താക്കൾക്ക് ഫോറെക്‌സ് കാർഡുകളിൽ ഇന്ത്യൻ രൂപ റീചാർജ് ചെയ്ത് നൽകാം. എൻആർഇ അക്കൗണ്ടുള്ളവർക്ക് ഇന്ത്യയിൽ തന്നെയുള്ള ബാങ്കുകളുടെ രാജ്യാന്തര ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാം. ഇന്ത്യയിൽനിന്നു പണം അയയ്ക്കുന്ന വ്യക്തികൾക്ക് പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.
∙ബാങ്ക് അക്കൗണ്ട്
വിദേശത്തുനിന്ന് പണം അയയ്ക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും സ്വന്തം പേരിൽ നോൺ റസിഡന്റ് എക്‌സ്റ്റേണൽ അക്കൗണ്ട് തുറക്കാം. ഇന്ത്യൻ രൂപയിൽ അക്കൗണ്ട് നിലനിർത്താവുന്നതും വിദേശ കറൻസിയിൽ നിലനിർത്താവുന്നതുമായ പ്രത്യേകം എൻആർഇ അക്കൗണ്ടുകൾ ലഭ്യമാണ്. എൻആർഇ അക്കൗണ്ടുകളിൽ ഇന്ത്യൻ രൂപ നിക്ഷേപിക്കാൻ സാധിക്കില്ല. വിദ്യാഭ്യാസത്തോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിക്കുന്നവർക്ക് വേതനവും മറ്റും എൻആർഇ അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ടിൽ ബാക്കി നിൽക്കുന്ന നിക്ഷേപവും പലിശയും എപ്പോൾ വേണമെങ്കിലും വിദേശത്തേയ്ക്ക് പിൻവലിക്കാവുന്നതും എൻആർഇ അക്കൗണ്ടുകളിലെ പലിശ വരുമാനത്തിന് ആദായ നികുതി നൽകേണ്ടതില്ല എന്ന ഗുണവുമുണ്ട്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകൾ എൻആർഒ അക്കൗണ്ടുകളായി പരിവർത്തനം ചെയ്യാവുന്നതും ഇന്ത്യയിൽനിന്നു കിട്ടാനുള്ള പണം ഇന്ത്യൻ രൂപയായി എൻആർഒ അക്കൗണ്ടിൽ വരവു വയ്ക്കാം.
∙രൂപയുടെ മൂല്യം ഇടിയുമ്പോൾ
പഠിക്കുന്ന രാജ്യത്തിന്റെ കറൻസിയുമായി ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് ബുദ്ധിമുട്ടുണ്ടാക്കും. വിദേശത്തു നൽകേണ്ടുന്ന തുക സമാഹരിക്കാൻ കൂടുതൽ ഇന്ത്യൻ രൂപ നൽകേണ്ടി വരുന്നു. വിദ്യാഭ്യാസ സ്ഥാപനം നൽകിയ എസ്റ്റിമേറ്റ് പ്രകാരം ഇന്ത്യൻ രൂപയിൽ അനുവദിക്കപ്പെട്ട വിദ്യാഭ്യാസ വായ്പ തുക തികയാതെ വരും. പഠനച്ചെലവിനായി ഇന്ത്യയിൽ കരുതുന്ന തുക അനുവദിക്കപ്പെട്ട പരിധിക്കുള്ളിൽ വിദേശത്തേക്ക് മുൻകൂറായി മാറ്റുകയും വിദേശ കറൻസിയിൽ അക്കൗണ്ട് തുടങ്ങി സൂക്ഷിക്കുന്നതും രൂപയുടെ മൂല്യം ഇടിയുന്നതിനു പ്രതിരോധമാകും.
∙ഇൻഷുറൻസ് പരിരക്ഷ
വിദേശ പഠനത്തിനിടയിൽ ചികിത്സ തേടേണ്ടിവന്നാൽ അതതു രാജ്യത്തു നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ്, അപകട ഇൻഷുറൻസ് എന്നിവ മുൻകൂട്ടി വാങ്ങി പരിരക്ഷ ഉറപ്പാക്കണം. വിദേശത്തു ചികിത്സ തേടാനാകുന്ന പോളിസികൾ ചില ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും വിൽക്കുന്നുണ്ട്. വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് ലൈഫ് ഇൻഷുറൻസ് പോളിസികൾ നിർബന്ധമാക്കിയിട്ടുണ്ട്. പോളിസിയുടെ പ്രിമീയം തുക കൂടി വായ്പയിൽ ഉൾപ്പെടുത്തിയിരിക്കും. മറ്റുള്ളവരും ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കേണ്ടതുണ്ട്. രക്ഷകർത്താക്കൾക്ക് നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്കു സമാന തുകയ്ക്ക് വിദ്യാർഥിക്കും ഇൻഷുറൻസ് എടുക്കാം. രക്ഷാകർത്താക്കൾക്ക് പ്രിമീയം അടക്കാനുള്ള വരുമാനം ഉണ്ടായിരിക്കേണ്ടതാണ്.
Leave a Reply