ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു വിമാനത്തിന്റെ സുരക്ഷിതമായ പ്രവർത്തനത്തിന് അത് വഹിക്കുന്ന യാത്രക്കാരുടെയും ലഗേജിന്റെയും ഇന്ധനത്തിന്റെയും ഉൾപ്പെടെയുള്ള ഭാരം ഒരു നിർണ്ണായക ഘടകമാണ്. യാത്രക്കാരുടെ ലഗേജുകളുടെ ഭാരം നിയന്ത്രണവിധേയമാണ്. എന്നാൽ ഇതോടൊപ്പം ഫ്ലൈറ്റുകളുടെ മൊത്തത്തിലുള്ള സുരക്ഷയും സ്ഥിരതയും യാത്രക്കാരുടെ ഭാരം നിയന്ത്രിക്കേണ്ടതും പ്രാധാന്യം അർഹിക്കുന്നതാണ്. സുരക്ഷാ പ്രത്യാഘാതങ്ങൾക്ക് ഒപ്പം യാത്രക്കാരുടെ ഭാരം വിമാനത്തിന്റെ ഇന്ധനക്ഷമതയെയും നേരിട്ട് ബാധിക്കാറുണ്ട്. ഇത് പ്രവർത്തന ചിലവ് കുറയ്ക്കുന്നതിന് മാത്രമല്ല കാർബൺ പുറത്താക്കൽ കുറയ്ക്കുന്നതിലൂടെ പരിസ്ഥിതി സുസ്ഥിരതയ്ക്കും സംഭാവന നൽകുകയും ചെയ്യുന്നുണ്ട്.
സുരക്ഷിതമായ യാത്രയ്ക്ക് ഫ്ലൈറ്റുകളിൽ യാത്രക്കാരുടെ ഭാരം എത്രയായിരിക്കണം, എന്നതിനെക്കുറിച്ച് കൂടുതൽ പഠിക്കാനായി യൂറോപ്യൻ എയർലൈനായ ഫിന്നെയർ യാത്രക്കാരുടെ ഭാരം കണക്കാക്കുന്ന നടപടികളിലേയ്ക്ക് കടന്നു. മാഞ്ചസ്റ്ററിൽ നിന്ന് ഫിലിസിങ്കിയിലേയ്ക്ക് സർവീസ് നടത്തുന്ന ഫ്ലൈറ്റ് ആണ് വിവര ശേഖരണത്തിന്റെ ഭാഗമായി യാത്രക്കാരുടെ ഭാരം കണക്കാക്കുന്ന നടപടികളുമായി സഹകരിക്കാൻ യാത്രക്കാരെ ക്ഷണിച്ചിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിച്ച ഈ നടപടിയിൽ ഏകദേശം 500 ത്തിലധികം പേർ ഇതിനോടകം പങ്കെടുത്തിട്ടുണ്ട്. യാത്രകൾ കൂടുതൽ സുരക്ഷിതമാകാൻ വിമാനത്തിൻറെ സംയുക്തമായ ഭാരം കണക്കാക്കുന്നതിന്റെ ഭാഗമായി ആണ് ഈ നടപടി . ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഭാവിയിൽ വിമാനങ്ങളുടെ ലോഡ് കണക്കാക്കുന്നതിനുള്ള മാർഗരേഖയായി ഉപയോഗിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.
ഭാരക്കൂടുതൽ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് കൂടുതൽ മാനസിക പ്രയാസം ഉണ്ടാകാതിരിക്കാനുള്ള മാർഗങ്ങൾ തങ്ങളെടുത്തിട്ടുണ്ടെന്ന് എയർലൈൻ വക്താവ് പറഞ്ഞു . നിങ്ങളുടെ ശരീരത്തിൻറെ ഭാരം മറ്റാർക്കും കാണാനാവില്ലെന്നും അതുകൊണ്ട് മനസ്സമാധാനത്തോടെ പഠനത്തിൽ പങ്കെടുക്കാമെന്നും ഫിന്നെയറിലെ ഗ്രൗണ്ട് പ്രോസസുകളുടെ ചുമതല വഹിക്കുന്ന സതു മുന്നൂക്ക പറഞ്ഞു. യാത്രക്കാരുടെ ഭാരം സംബന്ധിച്ച ചർച്ചകൾ വാർത്തകളിൽ ഇടംപിടിക്കുന്നത് ആദ്യമായല്ല. കഴിഞ്ഞ വർഷം ലാൻസറോട്ടിൽ നിന്ന് ലിവർപൂളിലേയ്ക്കുള്ള വിമാനത്തിൽ പറക്കാൻ കഴിയാത്തത്ര ഭാരമുള്ളതിനാൽ 19 യാത്രക്കാരോടാണ് ഇറങ്ങാൻ ആവശ്യപ്പെട്ടത്. കാലാവസ്‌ഥാ സാഹചര്യത്തിന് അനുസരിച്ച് വിമാനത്തിന്റെ ഭാരപരിധി കഴിഞ്ഞതിനാലാണ് ഇങ്ങനെ ചെയ്യേണ്ടതായി വന്നത്. യാത്രക്കാരുടെ ശരാശരി ഭാരവും അവരുടെ ലഗേജിനെ കുറിച്ചുള്ള ഡേറ്റ ശേഖരിക്കുകയുമാണ് ഈ പഠനത്തിൻറെ ഉദ്ദേശമെന്നും ഇത് ഒരുതരത്തിലും ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെടുന്നതല്ലെന്നും ഫിന്നെയർ ഒരു പ്രസ്താവനയിൽ പറഞ്ഞു.
Leave a Reply