സ്റ്റോക്ക് ഓൺ ട്രെന്റ്: ഒരു സമൂഹത്തെയാകെ സങ്കടത്തിലേക്ക് തെളിയിട്ട ഒരു വാർത്തയുമായിട്ടാണ് സ്റ്റാഫ്‌ഫോർഡ് ഇന്ന് രാവിലെ ഉറക്കമുണർന്നത്. ഒരു വീട് മൊത്തമായും തീ വിഴുങ്ങിയപ്പോൾ നഷ്ടപ്പെട്ടത് നാല് കുരുന്നുകളുടെ ജീവനാണ്. സ്റ്റാഫ്‌ഫോഡിൽ ഉള്ള ഹൈ ഫീൽഡ് എസ്‌റ്റേറ്റിൽ ആണ് തീ പിടുത്തം ഉണ്ടായത്. ഇന്ന് വെളിപ്പിന് 2.40 ന് ആണ് തീ പിടുത്തം ഉണ്ടായതായി സ്റ്റാഫ്‌ഫോർഡ്ഷയർ പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.
റൈലി ഹോൾട്(എട്ടു വയസ്സ് ), കീഗൻ (ആറ് വയസ്സ്), ടില്ലി റോസ് (4 ), ഒളി യൂനിറ്റ് (3) എന്നിവരാണ് മരിച്ച കുട്ടികൾ. പരിക്കുകളോടെ ഇരുപത്തിനാലുകാരിയായ യുവതിയും ഇരുപത്തിയെട്ടു വയസുള്ള യുവാവും രണ്ടു വയസുള്ള ഇളയ കുട്ടിയും സ്റ്റോക്ക് ഓൺ ട്രെൻഡ് യൂണിവേഴ്‌സിറ്റി ആശുപതിയിൽ ചികിത്സയിൽ ആണ് എന്നാണ് പോലീസ് അറിയിച്ചത്. ഇളയ കുട്ടിയേക്കും കൊണ്ട് യുവാവ് രണ്ടാം നിലയിൽ നിന്നും ചാടിയതുകൊണ്ടാണ് രക്ഷപെട്ടത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വെളിപ്പിന് ഉണ്ടായ വലിയ സ്ഫോടന ശബ്‌ദം കേട്ടാണ് സമീപവാസികൾ ഉറക്കം ഉണർന്നതുതന്നെ. പരിസരവാസികൾ കാണുബോൾ തന്നെ വീട് പൂർണ്ണമായും തീയിൽ അമർന്നിരുന്നു.

നാല് കുട്ടികളുടെ മരണം വിശ്വസിക്കാനാകാതെ ആണ് പല സമീപവാസികളും പ്രതികരിച്ചിരിക്കുന്നത്. എന്നാൽ എന്താണ് തീ പിടിക്കാനുള്ള കാരണം എന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. വിശദമായ വിശകലനങ്ങൾക്ക് ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്നാണ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞത്.
വൽക്കഷണം…. ഏതൊരു അപകടവും ഉണ്ടാകുബോൾ നമ്മൾ ഓരോരുത്തരും സങ്കടപ്പെടാറുണ്ട്. ഏതൊരു മരണവും തരുന്ന വിഷമതകൾ പറഞ്ഞറിയിക്കാൻ സാധിക്കുകയുമില്ല. ഇവിടെ തീ പിടുത്തം ഉണ്ടായത് എങ്ങനെ എന്ന് അറിയുവാൻ വരുന്നതേയുള്ളു. ഒന്ന് കാണുബോൾ നമുക്ക് ചിലത് പഠിക്കുവാനും കൂടിയുള്ളതാണ്. പലരും ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന മട്ടിൽ പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരും ഉണ്ടാകാം. വളരെ ബേസിക് ആയ ചില കാര്യങ്ങൾ ചെയ്‌താൽ ഒരു പരിധിവരെ ഇത്തരം ദുരന്തങ്ങളെ നിയന്ത്രിക്കാൻ സാധിക്കും എന്ന് തിരിച്ചറിയുക.
ആദ്യമായി നമ്മുടെ വീടുകളിൽ ഉള്ള ഫയർ അലാം ഒന്ന് പരിശോധിക്കുക. പ്രവർത്തനക്ഷമമാണ് എന്ന് ഉറപ്പുവരുത്തുക. ബാറ്ററി ലോ ആയാൽ മാറ്റിയിടാൻ അമാന്തം കാണിക്കരുത്. വാടക വീടാണെങ്കിൽ അത് വീട്ടുടമയുടെ കടമയാണ് എന്ന് കരുതാതെ അറിയിച്ചതിനുശേഷം മാറ്റുന്നത് നമ്മുടെ ജീവൻ രക്ഷിക്കാൻ ഉതകുന്നതാണ് എന്ന് തിരിച്ചറിയുക.
മറ്റൊന്ന്… പണം ഉണ്ടാക്കുക എന്നത് മലയാളികളുടെ ഒരു നല്ല സ്വഭാവമാണ് എന്ന് പറയുമ്പോൾ തന്നെ പണം ലാഭിക്കുവാനായി എടുക്കുന്ന ഓഫ് പീക് എനർജി പ്ലാൻ… കാരണം വാഷിംഗ് മെഷീൻ, ഡ്രയർ എന്നിവ ഒരിക്കലും ഉറങ്ങാൻ നേരം പ്രവർത്തിപ്പിക്കരുത്. പ്രവർത്തിപ്പിച്ചാൽ തന്നെ പ്രവർത്തനം തീർന്നു ഓഫാക്കിയ ശേഷം മാത്രം ഉറങ്ങുക. കാരണം അപകടം നമ്മൾ വിളിച്ചു വരുത്തുകയാണ് എന്ന് തിരിച്ചറിയുക. ചില മെഷീനുകൾ കമ്പനി തന്നെ തിരിച്ചുവിളിച്ചവയാണ്. കാരണം പല അപകടങ്ങളുടെ വെളിച്ചത്തിൽ ആണ് കമ്പനി ഇങ്ങനെ ചെയ്യുന്നത്. നമ്മുടെ വീടുകളിൽ ഉള്ള ഡ്രയർ പോലുള്ള ഉപകരണങ്ങൾ അതിൽ പെടുന്നതല്ല എന്ന് ഉറപ്പുവരുത്തുക. അതുപോലെ ഗ്യാസ് കുക്കർ ഓഫ് ആണ് എന്ന് ഉറങ്ങുന്നതിന് മുൻപ് ഉറപ്പാക്കുകന്നതോടൊപ്പം കുട്ടികളെ ഇത്തരം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽനിന്നും മാറ്റിനിർത്തുക. അപകടങ്ങൾ വരാതെ നോക്കുന്നതാണ് ഏറ്റവും ഉത്തമം എന്ന് നമ്മൾ തിരിച്ചറിയുക.











Leave a Reply