ഇറാനില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികൾ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ തിരികെ എത്തിച്ചു. സി 17 എന്ന വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് 58 പേരടങ്ങുന്ന ആദ്യ സംഘത്തെ എത്തിച്ചത്. ടെഹ്റാനിൽ നിന്നും ഗാസിയാബാദിലെ ഹിന്‍ഡോൺ എയർബേസിൽ എത്തിയ ആദ്യ സംഘത്തിൽ ഭൂരിഭാഗവും തീർത്ഥാടകരാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിക്കനായെന്ന് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇറാനിലെ ഞങ്ങളുടെ എംബസിയുടെയും അവിടത്തെ ഇന്ത്യൻ മെഡിക്കൽ സംഘത്തിന്റെയും ശ്രമങ്ങൾക്ക് നന്ദി, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലാണ് അവർ പ്രവര്‍ത്തിച്ചത്. പ്രവർത്തനങ്ങളിൽ പങ്കാളികളായ ഇന്ത്യൻ വ്യോമസേനയ്ക്കും നന്ദി അറിയിക്കുകയാണ്. നടപടികളോട് സഹകരിച്ച ഇറാനിയൻ അധികാരികളുടെ പ്രവർകത്തനത്തെ അഭിനന്ദിക്കുന്നു. ഇറാനിൽ കുടുങ്ങിയ മറ്റ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്’. എസ് ജയശങ്കർ വ്യക്തമാക്കി.
ഇറാനിലെ കിഷ്ദ്വീപിലും, അസൂരിലുമായി ഇന്ത്യയിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടെ നിരവധി മത്സ്യത്തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. കിഷ്ദ്വീപില്‍ മാത്രം മലയാളി ഉൾപ്പെടെ 340 പേരുണ്ടെന്നാണ് റിപ്പോർട്ടുകൾ. നാന്നൂറിലേറെ പേർ ഇത്തരത്തിൽ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇവര്‍ക്ക് പുറമെ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍ തുടങ്ങിയവരാണ് ഇറാന്‍ കുടുങ്ങിയത്. ഇവരെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിദഗ്ധനെ ഇറാനിലേയ്ക്ക് അയച്ചിരുന്നു. 108 പേരുടെ സ്രവം ഇന്ത്യയിലെത്തിച്ച് പരിശോധിക്കുകയും കോവിഡ് 19 രോഗമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
Leave a Reply