ന്യൂസ് ഡെസ്ക്
“അവൾ എൻറെ ഉറ്റ സുഹൃത്താണ്. ലേബർ റൂമിൽ അവൾ അനുഭവിച്ച ദു:ഖം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇനി ഒരു അമ്മയ്ക്കും ഈ അനുഭവം ഉണ്ടാകാതിരിക്കട്ടെ”. ലേബർ റൂമിൽ അമ്മമാർക്ക് സ്വാന്തനമാകാൻ ഒരുങ്ങുകയാണ് മിഡ് വൈഫ് നിക്ക് കെറി. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ, മറക്കാനാവാത്ത വേദനയുടെ ഓർമ്മയായി മനസിൽ സൂക്ഷിക്കേണ്ടി വരുന്ന അമ്മമാർക്ക് ആശ്വാസം നല്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയാണ് നോർത്ത് ലിങ്കൺ ഷയർ ആൻഡ് ഗൂൾ ഹോസ്പിറ്റലിലെ നഴ്സായ നിക്ക് കെറി. നിക്ക് കെറിയുടെ ഏറ്റവും പ്രിയ കൂട്ടുകാരിയ്ക്ക് ഉണ്ടായ കയ്പേറിയ അനുഭവത്തിൻറെ വെളിച്ചത്തിലാണ് നിക്ക് ഇങ്ങനെ ഒരു തീരുമാനമെടുത്തത്.
നിക്കിൻറെ കൂട്ടുകാരിയ്ക്ക് പ്രസവത്തിൽ കുഞ്ഞ് നഷ്ടപ്പെട്ടു. 36 ആഴ്ച ഗർഭിണിയായിരുന്നു അവർ. കുഞ്ഞ് ഉദരത്തിൽ ചലിക്കുന്നില്ല എന്നു മനസിലായതിനാൽ ഹോസ്പിറ്റലിൽ എത്തിയ അവരെ തേടിയെത്തിയത് കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടു എന്ന വാർത്തയായിരുന്നു. മരിച്ച കുഞ്ഞിനെ നോർമ്മൽ ഡെലിവറി നടത്തുന്നതിനായി കുറെ ടാബ് ലറ്റുകൾ നല്കി വിട്ടു. 48 മണിക്കൂറിനു ശേഷം ഹോസ്പിറ്റലിൽ എത്താനും നിർദ്ദേശിച്ചു. അതിനു ശേഷം അവരുടെ കാര്യം ഹോസ്പിറ്റലിൽ നിന്ന് ആരും തിരക്കിയില്ല. എന്നാൽ കൂട്ടുകാരി പ്രസവത്തിനായി എത്തിയപ്പോൾ നിക്ക് ബെഡ് സൈഡിൽ കൂട്ടിനായി എത്തി. ജീവനില്ലാത്ത കുഞ്ഞിന് ജന്മം നല്കുന്ന അതീവ ദു:ഖകരമായ നിമിഷങ്ങൾക്ക് നിക്ക് സാക്ഷിയായി. ഡെലിവറിക്കു ശേഷം നിക്കിൻറെ കൂട്ടുകാരിയെ തനിയെ ഒരു മുറിയിലേയ്ക്ക് ജീവൻ നഷ്ടപ്പെട്ട പെൺകുഞ്ഞിനൊപ്പം മാറ്റിക്കിടത്തി. പ്രസവ സമയത്ത് നല്ല രീതിയിലുള്ള പരിചരണം അവർക്ക് ലഭിച്ചെങ്കിലും അതിനു ശേഷമുള്ള മണിക്കൂറുകൾ തികഞ്ഞ അവഗണനയുടേതായിരുന്നു. ഒരു സ്റ്റാഫും അവരെ തിരിഞ്ഞു നോക്കിയില്ല. 36 ആഴ്ച ഉദരത്തിൽ വഹിച്ച കുഞ്ഞിനോട് എങ്ങനെ വിട പറയണമെന്ന് പറയാനോ, ആ കുഞ്ഞിൻറെ ഓർമ്മയ്ക്കായി എന്തെങ്കിലും ചെയ്യാനോ ആരുമെത്തിയില്ല.

“സ്വന്തം കുഞ്ഞ് നഷ്ടപ്പെടുന്ന അമ്മയ്ക്ക് ആശ്വാസം നല്കുന്ന ഒരു അന്തരീക്ഷം ഒരുക്കുകയാണ് തൻറെ ഭാവി പ്രവർത്തനങ്ങളുടെ ലക്ഷ്യം”; നിക്ക് കെറി പറയുന്നു. സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ ആദ്യ മറ്റേണിറ്റി ബിറ്റീവ് മെന്റ് മിഡ് വൈഫായി നിക്ക് കെറി ജോലിയാരംഭിക്കുകയാണ്. ഡോക്ടർമാർക്കും മിഡ് വൈഫുമാർക്കും സ്റ്റുഡൻസിനും ട്രെയിനിംഗ് നല്കാൻ ഇനി നാലുകുട്ടികളുടെ അമ്മയായ ഈ 37 കാരി മറ്റേണിറ്റി വാർഡിൽ ഉണ്ടാവും. 150,000 പൗണ്ട് ചിലവിൽ മറ്റേണിറ്റി ബിറീവ്മെന്റ് സ്യൂട്ട് ഒരുക്കുന്ന പ്രവർത്തനങ്ങൾ സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിൽ നടന്നു വരികയാണ്. ചാരിറ്റി ഫണ്ട് റെയിസിംഗ് വഴിയാണ് ഇത്രയും തുക കണ്ടെത്തിയത്. നോർത്ത് ലിങ്കൺ ഷയറിലെ മലയാളികളുടെ നേതൃത്വത്തിൽ ഇന്ത്യൻ സമൂഹം കഴിഞ്ഞ നവംബറിൽ നടത്തിയ ദീപാവലി ഫണ്ട് റെയിസിംഗിലൂടെ 4820 പൗണ്ട് ബിറീവ് മെൻറ് സ്യൂട്ടിനായി സമാഹരിച്ചു നല്കിയിരുന്നു. സ്കൻതോർപ്പിൽ നടന്ന ഫണ്ട് റെയിസിംഗ് ഇവൻറിൽ നിക്ക് കെറിയും പങ്കെടുത്തിരുന്നു.











Leave a Reply